കോഴഞ്ചേരി: മധ്യവയസ്കന്റെ കൊലപാതകം അനുജനെ പോലീസ് കസ്റ്റഡിയിലെടുത്തു. അയിരൂര്‍-വെളളിയറ തുണ്ടുകാലായില് അനിതാഭവനില്‍ വാസുദേവന്‍ നായരുടെ മകന് പെയിന്റിംഗ് തൊഴിലാളിയായ അനിലി (45) ന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് അനുജന് അശോക (40) നെ കോയിപ്രം പോലീസ് കസ്റ്റഡിയിലെടുത്തത്. സഹോദരന്മാര് തമ്മിലുണ്ടായ വഴക്കിനിടെയാണ് കൊലപാതകമെന്നു പോലീസ് പറഞ്ഞു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ സഹോദരനായ അശോകന് താമസിക്കുന്ന വീടിന്റെ മുന്നില്‍ ചെന്ന് അനില്‍ അസഭ്യം പറയുകയും വീട്ടില്‍ കയറി ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.
ഇതേത്തുടര്‍ന്ന് ഇരുവരും തമ്മില്‍ പിടിവലി ഉണ്ടാകുകയും അശോകന് അനിലിനെ തള്ളിമാറ്റുകയുമായിരുന്നു. തുടര്‍ന്ന് അനില്‍ കല്ലുകൊണ്ടും വിറകുകൊണ്ടും അശോകനെ എറിഞ്ഞു. അശോകന് തിരികെ കല്ലെടുത്ത് അനിലിനെ എറിയുകയും ഏറിന്റെ ആഘാതത്തില്‍ റോഡില്‍ വീണ് രക്തം വാര്‍ന്ന് മരിക്കുകയുമായിരുന്നു. നെറ്റിയില്‍ ആഴത്തില്‍ മുറിവുണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു.
മൃതദേഹം കോട്ടയം മെഡിക്കല്‍ ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പില്‍ സംസ്കരിക്കും. മാതാവ് തങ്കമ്മ. ഭാര്യ: രാജി. മകന്: അനുരാജ്. കോഴഞ്ചേരി സിഐ എസ്. വിദ്യാധരന്, കോയിപ്രം സബ് ഇന്‍സ്പെക്ടര്‍ സുമിത് തോമസ്, എഎസ്ഐ ജലാലുദ്ദീന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ടി. അനില്‍ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.