തൃശൂർ: ചെക്കുകേസിൽ തന്നെ അകത്താക്കിയ തുഷാറിനെതിരെ അതേ നാണയത്തിൽ നാസിൽ അബ്ദുള്ള നൽകിയ തിരിച്ചടിയാണ് തുഷാറിനെ ജയിലിലാക്കിയത്. തുഷാർ നൽകിയ ചെക്കുകൾ പണമില്ലാതെ മടങ്ങിയത് നാസിലിനെ ഗൾഫിൽ ജയിലിലാക്കിയതിന് അതേ നാണയത്തിൽ തന്നെ നാസിൽ പ്രതികരിച്ചപ്പോഴാണ് തുഷാർ അകത്തായത്.
നാസിൽ അബ്ദുള്ള വിദേശത്ത് ജയിലിൽ കിടന്നിരുന്നുവെന്നും തുഷാർ വെള്ളാപ്പള്ളി നൽകിയ ചെക്ക് മാറാനാവാതെ വന്നതാണ് നാസിലിനെ ജയിലിലാക്കിയതെന്നും തുഷാർ വെള്ളാപ്പള്ളിക്കെതിരെ ഗൾഫിൽ കേസു കൊടുത്ത മതിലകം സ്വദേശി നാസിൽ അബ്ദുള്ളയുടെ മാതാപിതാക്കൾ പറഞ്ഞു. നാസിലിന്റെ ജയിൽവാസം നാട്ടിലറിഞ്ഞതോടെ പ്രായമായ മാതാപിതാക്കൾക്കും വയ്യാതായി.
പ്രായമായ പിതാവിന് സ്ട്രോക്ക് വന്നത് തന്റെ മകൻ ഗൾഫിൽ ജയിലിൽ ആയതറിഞ്ഞാണ്. തുഷാർ നൽകാനുള്ള പണം നൽകാത്തതിനെ തുടർന്നാണ് തങ്ങളുടെ മകന് ജയിലിൽ പോകേണ്ടി വന്നതെന്നും തങ്ങളാകെ തകർന്നതെന്നും മാതാപിതാക്കൾ പറയുന്നു. ബി.ടെക് പാസായി യുഎഇയിലെത്തിയ നാസിൽ സ്വന്തമായി ഒരു ഇലക്ട്രിക്കൽ മെയിന്റനൻസ് കന്പനി തുടങ്ങി. ബന്ധുക്കളുടെയും പരിചയക്കാരുടെയും മറ്റും പക്കൽനിന്ന് കടം വാങ്ങി കന്പനി മുന്നോട്ട് കൊണ്ടുപോയി.
20 തൊഴിലാളികളെ നാട്ടിൽ നാട്ടിൽനിന്ന് കൊണ്ടുപോയിരുന്നു. ഇതിനിടെയാണ് തുഷാറിന്റെ ബോയിങ് കണ്സ്ട്രക്ഷൻ കന്പനിയുടെ ഉപ കരാർ ലഭിച്ചത്. തുഷാർ നൽകിയ ചെക്ക് മാറാനാകാതെ വന്നതാണ് സാന്പത്തികമായി നാസിലിനെ തകർത്തതെന്നും പറയുന്നുണ്ട്. ചെക്കുകേസുകളിൽ നാസിൽ ജയിലിലായി. നാസിൽ തുഷാറുമായി പലതവണ ബന്ധപ്പെട്ടെങ്കിലും ബാധ്യതകൾ തീർക്കാൻ തുഷാർ തയ്യാറായില്ലെന്ന് ആരോപണമുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് തുഷാറിനോട് ബാധ്യതകൾ തീർക്കാൻ ആവശ്യപ്പെട്ടപ്പോഴും തുഷാർ കൂട്ടാക്കിയില്ലെന്നും നിയമനടപടിക്ക് പോകേണ്ടിവരുമെന്ന് പറഞ്ഞപ്പോൾ എന്നാൽ അങ്ങിനെ ആവട്ടെ എന്നാണ് തുഷാർ പറഞ്ഞതെന്നും നാസിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്നലെ മതിലകം പോലീസ് മതിലകം പുതിയകാവ് സ്വദേശി നന്പിപുന്നിലത്ത് നാസിൽ അബ്ദുള്ളയുടെ വീ്ട്ടിലെത്തുന്പോൾ നാസിലിന്റെ പ്രായമായ മാതാപിതാക്കളാണ് വീട്ടിൽ ഉണ്ടായിരുന്നത്. അഡീഷണൽ എസ്.ഐ സൂരജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരിൽ നിന്നു വിവരശേഖരണം നടത്തി. നാസിലിന്റെ ജോലി, അവസാനം നാട്ടിൽ വന്ന വിവരം തുടങ്ങിയവ പോലീസ് തിരക്കിയെന്ന് ബന്ധുക്കൾ പറയുന്നു. വീട്ടിൽ ഏതെങ്കിലും തരത്തിലുള്ള പരിശോധനകൾ നടത്തിയതായി അറിവില്ല. ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ നിന്നുള്ള നിർദ്ദേശത്തെ തുടർന്നാണ് പോലീസെത്തിയത്.
വിദേശത്ത് കോണ്ട്രാക്ട് കന്പനി നടത്തിയിരുന്ന നാസിൽ രണ്ടു വർഷം മുന്പാണ് അവസാനം നാട്ടിലെത്തിയതെന്ന് ബന്ധുക്കൾ പറയുന്നു.തങ്ങളുടെ വീടിനു നേരെ എന്തെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടാകുമോ എന്ന ആശങ്കയിലും ഭീതിയിലുമാണ് ഇവർ.നാസിൽ അബ്ദുള്ളയ്ക്ക് ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയബന്ധമുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. തുഷാറിന്റെ നിർമാണ കന്പനിയുടെ സബ് കോണ്ട്രാക്ട് നാസിലിന്റെ കന്പനിയാണ് ചെയ്്തിരുന്നതെന്ന് സൂചനയുണ്ട്.
നാസിൽ അബ്ദുള്ള പറയുന്നു.. പണം കിട്ടാതെ കേസ് പിൻവലിക്കില്ല
എനിക്ക് തുഷാറിൽ നിന്നും ലഭിക്കാനുള്ള മുഴുവൻ പൈസയും കിട്ടാതെ കേസ് പിൻവലിക്കില്ല. മുഴുവൻ പൈസയും കിട്ടിയാൽ കേസിൽ നിന്ന് പിന്നോട്ട് പോകാം. പണം ലഭിച്ചില്ലെങ്കിൽ നിയമപോരാട്ടം തുടരും. അതിൽ സംശയമില്ല. ചെക്ക് തട്ടിയെടുത്തതാണെന്ന് തുഷാറിന്റെ വാദം തെറ്റാണ്. ചെക്കിലെ ഒപ്പ് വ്യാജമെങ്കിൽ തുഷാറിന് അത് കോടതിയിൽ തെളിയിക്കാം. തുഷാറുമായി ചർച്ചയ്ക്ക് തയ്യാറാണ്.
എന്റെ സുരക്ഷയിൽ ഇപ്പോൾ ആശങ്കയുണ്ട്. തുഷാർ കാരണം ആറുമാസമാണ് എനിക്ക ജയിലിൽ കിടക്കേണ്ടി വന്നത്. തുഷാർ പണം കൊടുക്കാനുള്ള നിരവധി പേർ ഗൾഫിലുണ്ട്. പക്ഷേ അവർ ഭയം കാരണം കേസു കൊടുക്കാതിരിക്കുകയാണ്. തുഷാറിനെക്കുറിച്ച് ബിജെപി അധ്യക്ഷൻ ശ്രീധരൻപിള്ളയോട് പരാതിപ്പെട്ടെങ്കിലും എൻഡിഎയുടെ ഘടകകക്ഷിയായതിനാൽ ഇടപെടാൻ ബുദ്ധിമുട്ടുണ്ടെന്ന മറുപടിയാണ് ലഭിച്ചത്.
ബിസിനസ് നടത്തുന്പോൾ പണത്തിന്റെ സുരക്ഷക്കായി തുഷാർ നൽകിയ ചെക്കാണ് പോലീസിന് കൈമാറിയത്. അത് മോഷ്ടിച്ച ചെക്കല്ല. തങ്ങൾ തമ്മിലുള്ള കരാറിൽ ഈ ചെക്ക് നന്പർ രേഖപ്പെടുത്തിയിട്ടുണ്ട്. തുഷാർ നൽകാനുള്ള പണം കിട്ടുമെന്ന് കരുതി നിർമാണ പ്രവർത്തനങ്ങൾക്കായി ചെക്ക് നൽകി പല കന്പനികളിൽ നിന്നും ഞാൻ സാധനങ്ങൾ പർച്ചേയ്സ് ചെയ്തിരുന്നു. തുഷാർ വഞ്ചിച്ചതോടെ ചെക്കുകൾ പണമില്ലാതെ മടങ്ങി.
ഇതുമൂലം എനിക്കെതിരെ ആറോളം ചെക്ക് കേസുകളുണ്ടായി. ഈ കേസുകളിൽ ആറു മാസത്തോളം ജയിലിൽ കിടക്കേണ്ടി വന്നു. അന്നാരും സഹായിക്കാനുണ്ടായില്ല. ഞാൻ പ്രിവിലേജ്ഡ് വിഭാഗത്തിൽ പെടുന്ന ആളല്ലല്ലോ. ഇവരെല്ലാം വലിയ മീനുകളാണ്. വലിയ വലകൾ പൊട്ടിക്കാൻ ഇവർക്ക് കഴിയും. നമ്മൾ സാധാരണക്കാരാണ്. അതിനാൽ തന്നെ എന്റെ സുരക്ഷയിൽ ഇപ്പോൾ ആശങ്കയുണ്ട്.