തലയോലപ്പറന്പ്: വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് വഴിയിൽ കിടന്ന നായക്കുട്ടിക്ക് മൃഗസ്നേഹികൾ തുണയായി. മരണത്തോട് മല്ലിടിച്ച് കിടന്ന ലാബ്രഡോർ ഇനത്തിൽപ്പെട്ട ഒരു വയസ് പ്രായമുള്ള നായ്ക്കുട്ടിയെ അശുപത്രിയിൽ എത്തിച്ച് രക്ഷപ്പെടുത്തി മൃഗസ്നേഹികൾ.
ആരോ വളർത്തിയിരുന്ന നായക്കുട്ടിയെ ഏതാനും ദിവസം മുന്പാണ് തലയോലപ്പറന്പിന് സമീപം തലപ്പാറയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടത്. റോഡിൽ അലഞ്ഞ് തിരിഞ്ഞു നായ്കുട്ടിയെ തലപ്പാറയിലെ ഓട്ടോ തൊഴിലാളികളും മറ്റും ചേർന്ന് ഭക്ഷണം നൽകിയാണ് സംരക്ഷിച്ചിരുന്നത്. ഇതിനിടയിൽ കഴിഞ്ഞ ദിവസം ഏതോ വാഹനം ഇടിച്ച് നായ്ക്കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു.
സംഭവമറിഞ്ഞ് മൃഗസ്നേഹിയും പൊതു പ്രവർത്തകനുമായ അനിൽ ചെള്ളാങ്കലും തലപ്പാറയിലെ ലോട്ടറി വില്പനക്കാരനായ ബാബുവും ചേർന്ന് തലയോലപ്പറന്പിലെ വെറ്ററിനറി ആശുപത്രിയിൽ ഉടൻ എത്തിച്ച് ചികിൽസ നൽകിയാണ് നായ്ക്കുട്ടിയുടെ ജീവൻ രക്ഷിച്ചത്.
ഗുരുതരമായി പരിക്കേറ്റ നായ്ക്കുട്ടിയുടെ ശരീരത്തിൽ 28 തുന്നലിടേണ്ടി വന്നു. കിടത്തി ചികിത്സിക്കാനുള്ള സൗകര്യം മൃഗാശുപത്രിയിൽ ഇല്ലാത്തതിനാൽ ഭാഗ്യക്കുറി വിറ്റ് ഉപജീവനം നടത്തുന്ന ബാബു നായക്കുട്ടിക്ക് ആവശ്യമായ സംരക്ഷണം നൽകുന്നതിനായി സ്വന്തം വീട്ടിലേക്ക് കൊണ്ടു പോകുകയായിരുന്നു.