മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ നിര്‍മാണം പൂര്‍ത്തിയാ കാറായി. മഴ ആരംഭിച്ചതോടെയാണ് മേല്‍ക്കൂരയുടെ അലുമിനിയം റൂഫിംഗ് പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത്. മേല്‍ക്കൂരയുടെ പണി പൂര്‍ത്തിയായതോടെ കെട്ടിടത്തിനകത്തെ പ്രവൃത്തികള്‍ മഴക്കാലത്തും തടസമില്ലാതെ ചെയ്യാന്‍ കഴിയും. കെട്ടിടത്തിന്റെ തറയുടെ ജോലികളും ബാഗേജ് സംവിധാനങ്ങളുടെ നിര്‍മാണവും തുടങ്ങിയിട്ടുണ്ട്. വൈദ്യുതീകരണ പ്രവൃത്തികളും പുരോഗമിക്കുകയാണ്. 80,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ടെര്‍മിനല്‍ കെട്ടിടത്തില്‍ 2000 യാത്രക്കാരെ ഒരേസമയം ഉള്‍ക്കൊള്ളാനാകും.
റണ്‍വേ നിര്‍മാണത്തിന്റെ ആദ്യഘട്ടമായുള്ള 3050 മീറ്റര്‍ ഏപ്രില്‍ അവസാനത്തോടെ തന്നെ പൂര്‍ത്തീകരിച്ചിട്ടുണ്ട്. മഴക്കാലത്തിന് മുമ്പ് മണ്ണിലെ പ്രവൃത്തികള്‍ പരമാവധി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. എടിസി കെട്ടിടത്തിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. രണ്ട് മേല്പാലങ്ങളുടെ നിര്‍മാണവും പൂര്‍ത്തിയായി വരുന്നു. വാട്ടര്‍ ടാങ്ക്, എജിഎല്‍ സബ്സ്റ്റേഷന് കെട്ടിടം എന്നിവയും തയാറായി. പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി 2017 അവസാനത്തോടെ വിമാനത്താവളം കമ്മീഷന് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.റണ്‍വേയുടെ രണ്ടറ്റത്തും 150 മീറ്റര്‍ നീളത്തില്‍ സുരക്ഷാ മേഖലയും ഒരുക്കുന്നുണ്ട്.
ഇതിന്റെ ടാറിംഗ് പൂര്‍ത്തിയായി വരികയാണ്. മഴക്കാലത്ത് മണ്ണ് നീക്കല്‍ ഉള്‍പ്പടെയുള്ള പ്രവൃത്തികള്‍ മൂന്നു മാസത്തേക്കെങ്കിലും നിര്‍ത്തിവയ്ക്കേണ്ടി വരും. ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന്റെ പ്രതിനിധികള്‍ കഴിഞ്ഞ ദിവസം പദ്ധതി പ്രദേശം സന്ദര്‍ശിച്ച് നിര്‍മാണ പുരോഗതി വിലയിരുത്തി. മെറ്റിരിയോളജിക്കല്‍ വകുപ്പ് കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങള്‍ ഉടന്‍ വിമാനത്താവളത്തില്‍ സ്ഥാപിക്കും. വിമാനത്താവത്തിലേക്കുളള അപ്രോച്ച് റോഡിന്റെ പ്രവൃത്തിയും അവസാനഘട്ടത്തിലാണ്.