പന്തളം: ഓപ്പറേഷന് കുബേരയുടെ ഭാഗമായി ലഭിച്ചിരുന്ന പരാതിയില്‍ പന്തളം പോലീസ് ചെങ്ങന്നൂരിലെ വ്യാപാരിയെ അറസ്റ്റ് ചെയ്തു. ചെങ്ങന്നൂര്‍ പുത്തന്‍ കാവ് ഗോകുലത്തില്‍ ഗോപാലകൃഷ്ണപിള്ള(ഗോപാല്‍ – 55)യാണ് അറസ്റ്റിലായത്. ഇയാളുടെ ഉടമസ്ഥതയില്‍ ചെങ്ങന്നൂര്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഗോള്‍ ഡണ്‍ സാന്‍ഡ് എന്ന ഡ്യൂട്ടി പെയ്ഡ് ഷോപ്പ് റെയ്ഡ് ചെയ്ത് അനുബന്ധ രേഖകളും പോലീസ് പിടിച്ചെടുത്തു.
ചെങ്ങന്നൂര്‍ കീഴ്ചേരിമേല്‍ സായികൃപയില്‍ ഹരികൃഷ്ണന്റെ ഭാര്യ വിജയലക്ഷ്മിയാണ് പരാതിക്കാരി. റിട്ടയേഡ് അധ്യാപികയായ ഇവര്‍ 2014 ഏപ്രില്‍ 11ന് ഗോപാലകൃഷ്ണപിള്ളയില്‍ നിന്നും അഞ്ചു ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നതായി പോലീസ് പറഞ്ഞു. 100 രൂപയ്ക്ക് ആദ്യം മൂന്ന് രൂപ, പിന്നീട് അഞ്ചു രൂപ എന്ന നിരക്കിലാണ് പലിശയുടെ വ്യവസ്ഥ പറഞ്ഞിരുന്നത്.
ഒപ്പിട്ട മുദ്രപത്രം, ബ്ലാങ്ക് ചെക്ക് എന്നിവ കൂടാതെ വിജയലക്ഷ്മിയുടെ പേരില്‍ പന്തളം നഗരസഭയില്‍ മങ്ങാരത്തുള്ള 8.25 സെന്റ് സ്ഥലത്തിന്റെ പ്രമാണവും ഈടായി നല്‍കിയിരുന്നു. 2015ല്‍ പലിശ അടയ്ക്കാനെത്തിയപ്പോള്‍ പത്ത് രൂപ നിരക്കില്‍ പലിശ നല്‍കണമെന്ന് ഗോപാലകൃഷ്ണപിള്ള ആവശ്യപ്പെട്ടു. പലിശ കൂട്ടി നല്‍കിയില്ലെങ്കില്‍ ഈട് നല്‍കിയിരിക്കുന്ന പ്രമാണത്തിന്റെ വസ്തു താന്‍ മറിച്ചു വില്‍ക്കുമെന്നും പറഞ്ഞു. ഇതില്‍ സംശയം തോന്നിയ വിജയലക്ഷ്മി, പന്തളത്തെ സബ് രജിസ്ട്രാര്‍ ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ ഗോപാലകൃഷ്ണപിള്ളയുടെ സഹായിയായ രാമചന്ദ്രന്റെ പേരില്‍ വസ്തു തീറാധാരം എഴുതി നല്‍കിയതായി ബോധ്യപ്പെട്ടു.
ഇതോടെ പന്തളം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. എസ്ഐ റ്റി.എം.സൂഫി, എഎസ്ഐമാരായ ബി.രമേശ്, ശ്രീകുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ നൗഷാദ് എന്നിവരാണ് പ്രതിയെ പിടികൂടിയതും റെയ്ഡ് നടത്തിതും. പ്രതിയെ ഇന്ന് അടൂര്‍ കോടതിയില്‍ ഹാജരാക്കും.