ചെറായി: ചെറായി ബീച്ചിൽ വയോവൃദ്ധനായ പട്ടികജാതിക്കാരന്റെ കിടപ്പാടം റിസോർട്ട് ഉടമകൾ തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് പട്ടികജാതി-വർഗ സംരക്ഷണ മുന്നണി സമരപ്രഖ്യാപന സമ്മേളനം നടത്തി. കണ്വൻഷൻ മുത്തങ്ങ സമരഭൂമി നായകൻ ഗീതാനന്ദൻ ഉദ്ഘാടനം ചെയ്തു. കേരള ദലിത് മഹാസഭ സംസ്ഥാന പ്രസിഡന്റ് സി.എസ്. മുരളി അധ്യക്ഷനായി.
പട്ടികജാതി-വർഗ സംരക്ഷണ മുന്നണി ചീഫ് കോ-ഓർഡിനേറ്റർ വി.എസ്. രാധാകൃഷ്ണൻ, പി.പി. സന്തോഷ്, വി.സി. ജെന്നി, ബിജു അയ്യന്പിള്ളി, പി.കെ. ശശി, സുശീൽ ചെറുപുള്ളി, കെ.ഐ. ഹരി, എൻ.വി. ആനന്ദൻ, പ്രദീപ് നെടുങ്ങാട്, ആറൻമുള ചന്ദ്രൻ , കെ.ആർ. ജയൻ, പി.സി. മജീഷ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
ആരോപണം അടിസ്ഥാനരഹിതം: റിസോർട്ടുടമകൾ
വൈപ്പിൻ: ചെറായി ബീച്ചിൽ ഇന്ദ്രിയ റിസോർട്ട് ഉടമകൾ പട്ടികജാതിക്കാരനായ വാസു എന്നയാളുടെ ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് റിസോർട്ട് മാനേജിംഗ് ഡയറക്ടർ എം.ഡി. കുര്യാക്കോസ്, ഡയറക്ടർ സിബി പോൾ കിഴക്കേടൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇതിന്റെ പേരിൽ ആരോപണവുമായി രംഗത്ത് എത്തിയിട്ടുള്ളവർക്ക് എതിരേ മുഖ്യമന്ത്രി, ഡിജിപി, വിജിലൻസ് എന്നിവർക്ക് പരാതി നൽകുമെന്നും ഉടമകൾ തുടർന്ന് പറഞ്ഞു. വാസുവിന്റെ 18 സെന്റ് സ്ഥലവും വീടും സെന്റിന് 1.5 ലക്ഷം രൂപ വില നിശ്ചയിച്ച് വാങ്ങിയതാണ്. ഇതിനായി 18 ലക്ഷം രൂപ കൈപറ്റുകയും പറവൂർ ചേന്ദമംഗലത്ത് ഏഴുസെന്റ് സ്ഥലവും വൈദ്യുതി കണക്ഷൻ ഉള്ള വാർക്ക വീടും വാസുവിന് വാങ്ങി നൽകുകയും ചെയ്തുവെന്ന് റിസോർട്ട് ഉടമകൾ അവകാശപ്പെടുന്നു.
പട്ടയം നഷ്ടപ്പെട്ടതിനാൽ ചെറായിലെ ഭൂമി രജിസ്റ്റർ ചെയ്ത് തന്നിരുന്നില്ല. പിന്നീട് സ്ഥലം രജിസ്റ്റർ ചെയ്തു തരാൻ റിസോർട്ട് ഉടമകൾ ആവശ്യപ്പെട്ടപ്പോൾ പണം പോരെന്നും സെന്റിനു ആറു ലക്ഷം രൂപ വച്ച് നൽകണമെന്നും ഇവർ വാദിച്ചു.
എന്നാൽ പട്ടയത്തിൽ ദുരൂഹത തോന്നിയതിനാൽ ഭൂമി തങ്ങൾക്ക് വേണ്ടെന്നും അഡ്വാൻസ് ആയി വാങ്ങിയ തുക തിരിച്ചു നൽകണമെന്നും ആവശ്യപ്പെട്ടു. തരാതെ വന്ന സാഹചര്യത്തിൽ കോടതിയെ സമീപിച്ചിരിക്കുന്നതിന് ഇടയിലാണ് ഇപ്പോൾ സമര പ്രശ്നങ്ങൾ ഉണ്ടായത് എന്നും ഉടമകൾ പറഞ്ഞു.