വൈപ്പിന്‍: കാലവര്‍ഷം കനത്തതും കടലില്‍ മത്സ്യലഭ്യത കുറഞ്ഞതും മൂലം ട്രോളിംഗ് നിരോധനത്തിനു മുന്നേ മുരുക്കുംപാടം ,കാളമുക്ക് ,മുനമ്പം, തോപ്പുംപടി ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തിവന്നിരുന്ന പകുതിയോളം ബോട്ടുകളും കരയില്‍ കെട്ടി. 14നു അര്‍ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം ആരംഭിക്കാനിരിക്കെ ഇനി ഇവ കടലില്‍ പോകില്ല. അറ്റകുറ്റപ്പണികള്‍ നടത്തേണ്ടവ യാര്‍ഡുകളിലേക്ക് മാറ്റും. പതിവിനു വിപരീതമായി ഇക്കുറി സീസണ് അവസാനിക്കുന്ന സമയത്തു കണ്ടുവരുന്ന കാച്ചിംഗ് ഇല്ല.
സാധാരണ ഈ ദിവസങ്ങളില്‍ കിളി മീന്‍, പുവാലന്‍, തിരിയാന്‍ തുടങ്ങിയ മത്സ്യങ്ങള്‍ ലഭിക്കുമായിരുന്നു. എന്നാല്‍ മഴ ശക്തിപ്രാപിക്കും മുമ്പ് വരെ തിരിയാനും, കുറഞ്ഞതോതില്‍ ഐലയും, കൊഴുവയുമൊക്കെ ലഭിച്ചിരുന്നതാണ്. മഴ ശക്തമായതോടെ ഇവ അപ്രത്യക്ഷമായെന്നാണ് തൊഴിലാളികള്‍ പറയുന്നത്. നാലും അഞ്ചും ദിവസം കടലില്‍ കിടന്ന് മത്സ്യബന്ധനം നടത്തി കരക്കടുക്കുന്ന ബോട്ടുകള്‍ക്ക് മിനിമം രണ്ട്ലക്ഷം രൂപക്കുള്ള മത്സ്യങ്ങള്‍ ലഭിച്ചില്ലെങ്കില്‍ ബോട്ടുടമകള്‍ക്ക് കൈ നഷ്ടം വരും. എന്നാല്‍ കഴിഞ്ഞദിവസം മത്സ്യബന്ധനം കഴിഞ്ഞ് ഹാര്‍ബറിലെത്തിയ ബോട്ടുകള്‍ക്ക് ഒരു ലക്ഷം രൂപയുടെ മത്സ്യം പോലും തികച്ചു കിട്ടിയില്ലത്രേ.
ഇതേ തുടര്‍ന്നാണ് ബോട്ടുകള്‍ കരയില്‍ കെട്ടിയത്. അതേ സമയം ദിവസവും പുലര്‍ച്ചെ പോയി ഉച്ചയോടെ അടുക്കുന്ന ചെറിയ കൈവലി ബോട്ടുകള്‍ക്ക് കുറഞ്ഞതോതില്‍ മത്സ്യവും, ചെമ്മീനും ലഭിക്കുന്നുണ്ട്. ഇവ ട്രോളിഗം നിരോധനത്തിന്റെ തലേന്ന് വരെ കടലില്‍ പോകും. കുറെ ദിവസങ്ങളായി വള്ളങ്ങളും കടലില്‍ പോകുന്നില്ല. എല്ലാം കരയില്‍ കെട്ടിയിരിക്കുകയാണ്. കടല്‍ കാലിയായ അവസ്ഥയാണെന്നാണ് വള്ളക്കാര് പറയുന്നത്.
മൂന്ന് വര്‍ഷം മുമ്പ് വ്യാപകമായി ചെറിയ മീനുകള്‍ പിടിച്ചു കൂട്ടിയതിന്റെ ഭവിഷത്തായിരിക്കും ഇപ്പോഴത്തെ ഈ അസാധാരണ വറുതിക്ക് കാരണമെന്നും തൊഴിലാളികള്‍ പറയുന്നു. മഴ ഒതുങ്ങി ഒന്നോ രണ്ടോ ദിവസം വെയില് തെളിഞ്ഞു നിന്നാല്‍ ചാകരയുണ്ടാകുമെന്ന പ്രതീക്ഷയില്‍ ട്രോളിംഗ് നിരോധനം ആരംഭിക്കാന്‍ കാത്തിരിക്കുകയാണ് പരമ്പരാഗത വള്ളത്തിലെ തൊഴിലാളികള്‍.