കൊട്ടാരക്കരയില്‍ കൊടിക്കുന്നിലിനെതിരെ വിമതനീക്കം ശക്തമാകുന്നു

klm-KODIKUNNILകൊട്ടാരക്കര :ഡിസിസി പ്രസിഡന്റായ കൊടിക്കുന്നില്‍ സുരേഷിനെതിരെ പാളയത്തില്‍ പട.  സ്വന്തം തട്ടകമായ കൊട്ടാരക്കരയില്‍ നിന്നുമാണ് കൊടിക്കുന്നിലിനെതിരെ വിമത നീക്കം ശക്തമായിട്ടുള്ളത്.  ഇതോടെ കൊടിക്കുന്നിലിന്റെ ഡിസിസി പ്രസിഡന്റ് സ്ഥാനത്തിന് ഇളക്കം തട്ടുമെന്നാണ് സൂചനകള്‍.  കഴിഞ്ഞ ദിവസം കൊട്ടാരക്കര കോണ്‍ഗ്രസ് ഭവനില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ പാര്‍ട്ടി നേതാക്കളില്‍പലരും കൊടിക്കുന്നിലിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.  കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികള്‍ ഉള്‍പ്പെടെയാണ് കൊടിക്കുന്നിലിനെതിരെ പ്രതികരിച്ചത്.

ജില്ലയില്‍ സമ്പൂര്‍ണപരാജയം ഏറ്റുവാങ്ങേണ്ടിവന്നത് നേതൃത്വത്തിന്റെ പിടിപ്പുകേട് കൊണ്ടാണെന്ന് ആരോപണം ഉയര്‍ന്നു.  കഴിഞ്ഞ തവണ യുഡിഎഫില്‍ നിന്നും രണ്ടുപേര്‍ ജയിച്ചിടത്ത് ഇത്തവണ ഒരാളേപ്പോലും ജയിപ്പിക്കുവാന്‍ കഴിഞ്ഞിട്ടില്ല.  കൈപ്പത്തി ചിഹ്നം മൂന്നാമതെത്തിയ മണ്ഡലവും ജില്ലയിലുണ്ട്.കരുനാഗപ്പള്ളിയിലെ പരാജയം നേതൃത്വത്തിന്റെ പിടിപ്പുകേടുകൊണ്ട് സംഭവിച്ചതാണെന്നും ആരോപണം ഉയരുന്നുണ്ട്.  പുതിയ തലമുറയെ പാടെ അവഗണിക്കുന്ന സമീപനമാണ് ഇവിടെയുള്ളത്.  യുവാക്കള്‍ക്ക് കൊട്ടാരക്കര കോണ്‍ഗ്രസില്‍ പ്രാധാന്യം ലഭിക്കുന്നില്ലെന്നും പരാതി ഉയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്‍പ് കൊട്ടാരക്കരയില്‍ സ്വയം സ്ഥാനാര്‍ത്ഥിയെ കൊടിക്കുന്നില്‍ പ്രഖ്യാപിച്ചത് സംസ്ഥാന നേതൃത്വത്തെ പോലും വെല്ലുവിളിച്ചുകൊണ്ടാണ്.

അണികളെ ഇത് ആശയകുഴപ്പത്തിലാക്കിയിരുന്നു.  കൊട്ടാരക്കരയിലെ കനത്ത തോല്‍വിക്ക് കാരണങ്ങളിലൊന്ന് ഇതായിരുന്നുവെന്ന് ചിലര്‍ ചൂണ്ടികാട്ടി. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച ശേഷം കാണാനെത്തിയ സവിന്‍സത്യനോട് മോശമായി പെരുമാറിയതും മാധ്യമ വാര്‍ത്തയായിരുന്നു.  ഇത്തരം നടപടികള്‍ അണികള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കിയതാണ് കനത്ത പരാജയത്തിനു കാരണമായതെന്നും ആരോപണം ഉയര്‍ന്നു.   തെരഞ്ഞെടുപ്പ് പരാജയം ഉള്‍ക്കൊണ്ട് ഡിസിസി കളിലും ബ്ലോക്കുകളിലും ഇളക്കിപ്രതിഷ്ഠയുണ്ടാകുമെന്നാണ് സംസ്ഥാന നേതൃത്വം നല്‍കുന്ന സൂചന. കനത്ത പരാജയം സംഭവിച്ച  ജില്ലയില്‍ സ്ഥാനചലനം അനിവാര്യമാണ്.

അങ്ങനെ സംഭവിക്കുമ്പോള്‍ ആദ്യം ഇളകുന്നത് കൊടിക്കുന്നിലിന്റെ ഡിസിസി പ്രസിഡന്റ് കസേരയായിരിക്കും.  തെരഞ്ഞെടുപ്പിന് മുന്‍പ് കൊടിക്കുന്നിലിനെ ഡിസിസി പ്രസിഡന്റാക്കിയത് ചില ഒത്തുതീര്‍പ്പുകളുടെ അടിസ്ഥാനത്തിലായിരുന്നെന്ന് അന്നേ ആരോപണം ഉയര്‍ന്നിരുന്നു.  മുന്‍ ഡിസിസി പ്രസിഡന്റ് ജി. സത്യശീലന്റെ മകനെ കൊട്ടാരക്കരയില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ കൊടിക്കുന്നിലിന്റെ പിന്‍തുണ ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം.  എന്നാല്‍ ആ പിന്‍തുണ ലഭിച്ചില്ലായെന്നും ആരോപണമുണ്ട്. കൊടിക്കുന്നിലിനെ ഡിസിസി പ്രസിഡന്റാക്കിയത് ജില്ലയിലെ ഉന്നത കോണ്‍ഗ്രസ്  നേതാക്കളെ ഞെട്ടിച്ചിരുന്നു.

അവരില്‍ പലരും കാലങ്ങളായി ഈ സ്ഥാനം മോഹിച്ചിരുന്നവരാണ്.  ഇപ്പോള്‍ വീണുകിട്ടിയ സമ്പൂര്‍ണ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കൊടിക്കുന്നിലിനെ മാറ്റാന്‍ ഗ്രൂപ്പ് വൈരം മറന്ന് ഇവരെല്ലാം ഒന്നിച്ച് തുടങ്ങിയിട്ടുണ്ട്. എംപി യായി തുടരുന്നയാള്‍ ഡിസിസി പ്രസിഡന്റാകേണ്ടതില്ലെന്നും ഒരാള്‍ക്ക് ഒരു പദവി എന്നതാണ് പ്രഖ്യാപിത നയവുമെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്.

Related posts