പാരിപ്പള്ളി മെഡിക്കല്‍കോളജ് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കണം :എന്‍.കെ.പ്രേമചന്ദ്രന്‍ എംപി

klm-nkpremachandranകൊല്ലം: പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ 2016-17 അദ്ധ്യയന വര്‍ഷത്തില്‍ എംബിബിഎസ് പ്രവേശനം ആരംഭിക്കാനും ആശുപത്രി പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കാനുമുള്ള സത്വരനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി മുഖ്യമന്ത്രിക്കും ആരോഗ്യ വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കി. 540കോടി രൂപ മുടക്കി കേന്ദ്ര സര്‍ക്കാര്‍ അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കിയ കോളേജും ആശുപത്രിയും തുറന്നു പ്രവര്‍ത്തിക്കുന്നതിന് തടസമാകുന്നത് അദ്ധ്യാപക നിയമനമാണ്.

കോളേജിന്റെയും ആശുപത്രിയുടെയും പ്രവര്‍ത്തനത്തിനാവശ്യമായ 108 തസ്തികകള്‍ സൃഷ്ടിക്കുന്നതിന് ധനകാര്യ വകുപ്പും മുഖ്യമന്ത്രിയും ഉത്തരവ് നല്‍കിയതാണ്. ഈ വര്‍ഷം തന്നെ പ്രവര്‍ത്തനം ആരംഭിക്കുന്ന വിധം തസ്തിക സൃഷ്ടിച്ച് നിയമനങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ ആരോഗ്യ വകുപ്പിന് ധനകാര്യ വകുപ്പ് പ്രത്യേക നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. എന്നാല്‍ ആരോഗ്യ വകുപ്പിലെയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെയും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലം തസ്തികകള്‍ സൃഷ്ടിക്കുകയോ നിയമനം നടത്തുകയോ കോളേജും ആശുപത്രിയും തുറന്നു പ്രവര്‍ത്തിക്കുവാന്‍ തുടര്‍നടപടികള്‍ സ്വീകരിക്കുകയോ ചെയ്തില്ല.

യാതൊരുവിധ അടിസ്ഥാന സൗകര്യവുമില്ലാത്ത സംസ്ഥാനത്തെ മറ്റു മെഡിക്കല്‍ കോളേജുകള്‍ ഈ വര്‍ഷം ആരംഭിക്കുവാന്‍ കേന്ദ്ര സര്‍ക്കാരിന് ഉറപ്പ് എഴുതി നല്‍കിയ ഉദ്യോഗസ്ഥര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജിനെ മനഃപൂര്‍വം ഒഴിവാക്കുകയായിരുന്നുവെന്നും പ്രേമചന്ദ്രന്‍  നിവേദനത്തില്‍ പറയുന്നു. മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തുന്നതിന് സ്വകാര്യ മെഡിക്കല്‍ കോളേജ് ലോബിയും ആരോഗ്യ വകുപ്പിലെയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെയും പാരിപ്പള്ളി ഇഎസ്‌ഐ ആശുപത്രിയിലെയും ഒരു വിഭാഗം ജീവനക്കാരും സംഘടിതമായി നടത്തുന്ന ശ്രമങ്ങളെ കുറിച്ച് അന്വേഷണം നടത്തണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു.

Related posts