കോട്ടയം: ഉന്നത കോണ്ഗ്രസ് നേതാവിന്റെ മകന് സിവിൽ സർവീസ് പരീക്ഷയിൽ ലഭിച്ച മാർക്ക് അന്വേഷണ വിധേയമാക്കണമെന്ന മന്ത്രി കെ.ടി ജലീന്റെ ആരോപണം ലക്ഷ്യം വയ്ക്കുന്നത് പ്രതിപക്ഷ നേതാവിന്റെ മകനെ. ഇതോടെ എംജി സർവകലാശാലയുടെ മാർക്ക്ദാന വിഷയത്തിൽ തുടങ്ങിയ വിവാദം പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്.
2017-ലെ സിവിൽ സർവീസ് പരീക്ഷയിൽ രമേശ് ചെന്നിത്തലയുടെ മകൻ രമിത് ചെന്നിത്തലയ്ക്ക് 210-ാം റാങ്കുണ്ടായിരുന്നു. എഴുത്തു പരീക്ഷയിൽ ഒന്നാം റാങ്കുകാരനായ ദുരൈഷെട്ടി അനുദീപിനെക്കാൾ 122 മാർക്ക് കുറവായിരുന്നു രമിത്തിന്. എന്നാൽ അഭിമുഖ പരീക്ഷയിൽ ഒന്നാം റാങ്കുകാരനെക്കാൾ 30 മാർക്ക് രമിത്തിന് കൂടുതൽ കിട്ടിയത് അന്വേഷണ വിധേയമാക്കണമെന്നാണ് മന്ത്രി ജലീൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടത്.
ചെന്നിത്തലയുടെ മകന്റെ പേര് പറയാതെ ഒന്നാം റാങ്കുകാരന്റെ പേര് പറഞ്ഞായിരുന്നു മന്ത്രിയുടെ ആരോപണം. ഉന്നത കോണ്ഗ്രസ് നേതാവിന്റെ മകൻ എന്ന് മന്ത്രി പറഞ്ഞെങ്കിലും രമേശ് ചെന്നിത്തലയുടെയോ മകന്റെയോ പേര് വാർത്താ സമ്മേളനത്തിൽ പറഞ്ഞില്ല. പിഎസ് സിയുടെ വിശ്വാസ്യത മാത്രം സംരക്ഷിച്ചാൽ മതിയോ എന്നും യുപിഎസ് സിയുടെ വിശ്വാസത്യതയും കാത്തുസൂക്ഷിക്കേണ്ടെ എന്നുമായിരുന്നു പ്രതിപക്ഷ നേതാവിനോടുള്ള മന്ത്രിയുടെ ചോദ്യം.
എംജി ഉൾപ്പടെയുള്ള വിവിധ സർവകലാശാലകളിലെ മാർക്ക്ദാന വിഷയം പ്രതിപക്ഷ നേതാവ് ഉയർത്തിക്കൊണ്ടു വന്നതോടെയാണ് പുതിയ വിവാദത്തിന് മന്ത്രി തിരികൊളുത്തിയിരിക്കുന്നത്.

