പയ്യന്നൂര്‍: സിബിഐയുടെ ഹക്കീം വധത്തിന്റെ അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തില്‍ സംയുക്ത സമരസമിതി വീണ്ടും ഹൈക്കോടതിയെ സമീപിക്കും. കൊറ്റി ജുമാ മസ്ജിദ് ജീവനക്കാരനായ തെക്കേ മമ്പലത്തെ ഹക്കീമിനെ തലക്കടിച്ചു കൊന്നശേഷം പള്ളിവളപ്പില്‍ അഗ്നിക്കിരയാക്കിയ ദുരൂഹവും അതിക്രൂരവുമായ സംഭവം നടന്ന് രണ്ടേകാല്‍ വര്‍ഷം പിന്നിട്ടിട്ടും കുറ്റവാളികള്‍ക്ക് കൈയാമം വയ്ക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘങ്ങള്‍ക്കും ഇപ്പോള്‍ കേസന്വേഷണം നടത്തുന്ന സിബിഐക്കും കഴിഞ്ഞിട്ടില്ല.
ഹക്കീം സ്വയം ആത്മഹത്യ ചെയ്തതാണെന്നു ചില അന്വേഷണ ഉദ്യോഗസ്ഥര്‍പോലും പറഞ്ഞിരുന്നു. അഗ്നിക്കിരയാക്കിയ സ്ഥലത്ത് അവശേഷിച്ചിരുന്ന ഹക്കീമിന്റെ തലയോടുള്പ്പെടെയുള്ള ഭാഗങ്ങള്‍ ശാസ്ത്രീയ പരിശോധനക്കു വിധേയമാക്കിയപ്പോഴാണു ഹക്കീം കൊല്ലപ്പെട്ടത് തലയിലേറ്റ ശക്തമായ പ്രഹരം മൂലമാണെന്നു തെളിഞ്ഞത്. ഇതോടെയാണു ഹക്കീമിനെ അടിച്ചുകൊന്നശേഷം അഗ്നിക്കിരയാക്കുകയായിരുന്നുവെന്നു സ്ഥിരീകരിച്ചത്.
ഹക്കീം വധാന്വേഷണം ആദ്യം മുതല്‍ തന്നെ നാടകീയത നിറഞ്ഞതായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനു പലവട്ടം സ്ഥാനചലനമുണ്ടായത് പ്രതികളെ രക്ഷപ്പെടുത്താന്‍ ഉന്നതതല നീക്കങ്ങള്‍ നടന്നതിന്റെ ഫലമായാണെന്ന് ആരോപണവുമുയര്‍ന്നിരുന്നു. ഹക്കീമിനെ അഗ്നിക്കിരയാക്കിയ സ്ഥലത്തു നിന്നുള്ള പ്രാഥമിക തെളിവുകള്‍ ലോക്കല്‍ പോലീസ് നഷ്ടപ്പെടുത്തിയതാണ് കേസന്വേഷണം വഴിമുട്ടാനിടയാക്കിയതെന്നും സൂചനയുമുണ്ടായിരുന്നു.
കേസന്വേഷണം അട്ടിമറിക്കപ്പെടുമെന്ന അവസ്ഥയിലാണ് ഹക്കീം വധത്തിലെ പ്രതികളെ പിടികൂടണമെന്ന ആവശ്യവുമായി നിരവധി സമരങ്ങളും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസ്് ഉപരോധവും ഹര്‍ത്താലുകളും ദേശീയപാത ഉപരോധവും ഓരോ സംഘടനകളുടേയും പേരില്‍ നടത്തിയത്. എന്നിട്ടും ഇക്കാര്യത്തിലുള്ള സര്‍ക്കാരിന്റെ നിസംഗത തുടര്‍ന്നപ്പോഴാണു സ്ഥലം എംഎല്‍എ മുന്‍കൈയെടുത്ത് രൂപീകരിച്ച സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ യോജിച്ച സമരമാരംഭിച്ചത്.
2015 മേയ് 15ന് തുടങ്ങിവച്ച നൂറുദിവസം പിന്നിട്ട അനിശ്ചിതകാല നിരാഹാര സമരത്തോടൊപ്പം സംയുക്ത സമരസമിതി നിയമയുദ്ധവും നടത്തി. കേസന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്ന ആവശ്യവുമായി കൊല്ലപ്പെട്ട ഹക്കീമിന്റെ ഭാര്യ സീനത്തും സംയുക്തസമര സമിതിക്കുവേണ്ടി കണ്‍വീനര്‍ ടി. പുരുഷോത്തമനും കേരള ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണു കേസന്വേഷണം സിബിഐക്ക് കൈമാറിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്. ഹക്കീം വധത്തില്‍ അസാധാരണത്വമുണ്ടെന്നും പൊതുജനങ്ങളുടെ വിശ്വാസമാര്‍ജിക്കുന്ന വിധത്തില്‍ അന്വേഷണം നടത്തണമെന്നും സിബിഐയോട്് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് നിര്‍ദേശിച്ചിരുന്നു.
ഹക്കീം വധാന്വേഷണം ഹൈക്കോടതി സിബിഐയെ എല്പിച്ചിട്ട് പത്തുമാസവും അന്വേഷകസംഘം പയ്യന്നൂരിലെത്തിയിട്ട് ഏഴുമാസവുമായി. എന്നിട്ടും കേസന്വേഷണം എങ്ങുമെത്താതിരിക്കുകയും ഈ ഉദ്യോഗസ്ഥരിലുള്ള പ്രതീക്ഷയും ജനങ്ങള്‍ക്കു നഷ്ടപ്പെട്ടതിനാലുമാണു സംയുക്ത സമരസമിതി നേതാക്കള്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നത്.

