പോലീസുകാരനെ കൊലപ്പെടുത്തിയകേസ്: ആട് ആന്റണിയുടെ വിചാരണ ഇന്നുമുതല്‍; പ്രോസിക്യൂഷന്‍ സാക്ഷികളായി ഉള്‍പ്പെടുത്തിയിട്ടുള്ളത് 56 പേരെ

Aaduകൊല്ലം: പോലീസ് ഡ്രൈവര്‍ മണിയന്‍ പിള്ളയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണിയുടെ വിചാരണ ഇന്നുമുതല്‍ കൊല്ലം പ്രിന്‍സിപ്പല്‍ സെ.ന്‍സ് കോടതിയില്‍ ആരംഭിക്കും. കേസില്‍ ആകെ 56 പേരെയാണ് പ്രോസിക്യൂഷന്‍ സാക്ഷികളായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ കേസില്‍ പോലീസുകാരന്‍ അനില്‍കുമാര്‍, ആട് ആന്റണിയുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റ ഗ്രേഡ് എസ്‌ഐ ജോയി എന്നിവരുടെ മൊഴികളായിരിക്കും ഇന്ന് രേഖപ്പെടുത്തുക. ഗ്രേഡ് എസ്‌ഐ ജോയി കഴിഞ്ഞ മാസമാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്.

പാരിപ്പള്ളി പോലീസ് സ്റ്റേഷനിലെ ഡ്രൈവറായിരുന്ന മണിയന്‍പിള്ള 2012 ജൂണ്‍ 26ന് പുലര്‍ച്ചെ ഒന്നോടെയാണ് കുത്തേറ്റ് മരിച്ചത്. പാരിപ്പള്ളി- നിലമേല്‍ റോഡില്‍ കുളമട ജവഹര്‍ ജംഗ്ഷന് സമീപമായിരുന്നു സംഭവം നടന്നത്. ജവഹര്‍ ജംഗ്ഷന് സമീപത്തെ കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ മോഷണം നടത്തുന്നതിന് ആയുധങ്ങളുമായി വാനില്‍ എത്തിയ ആന്റണിയെ നൈറ്റ് പട്രോളിംഗില്‍ ഏര്‍പ്പെട്ടിരുന്ന ജോയിയും മണിയന്‍പിള്ളയും ചേര്‍ന്ന് പിടികൂടുകയായിരുന്നു. തുടര്‍ന്ന് ആന്റണിയെ പോലീസ് ജീപ്പില്‍ കയറ്റുമ്പോഴാണ് കൈയില്‍ ഒളിപ്പിച്ചിരുന്ന കത്തികൊണ്ട് മണിയന്‍പിള്ളയുടെ നെഞ്ചത്തും ജോയിയുടെ പുറകുവശത്തും ഇയാള്‍ കുത്തിയത്.

തുടര്‍ന്ന് ജോയിയുടെ വയറ്റത്ത് മൂന്നുതവണ കുത്തിയ ശേഷം ആന്റണി രക്ഷപ്പെടുകയായിരന്നു. ഇയാളുടെ വാനില്‍ വര്‍ക്കല ഭാഗത്തേയ്ക്കാണ് രക്ഷപ്പെട്ടുപോയത്. നെഞ്ചില്‍ മാരകമായി കുത്തേറ്റ മണിയന്‍പിള്ളയെ ഉടന്‍ ചാത്തന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും അര മണിക്കൂറിനകം മരണം സംഭവിച്ചു. ജോയിക്ക് രണ്ടുമാസം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയേണ്ടി വന്നു. കൃത്യത്തിന് ശേഷം ഒളിവില്‍ പോയ ആട് ആന്റണിയെ പിടികൂടാന്‍ സംസ്ഥാനത്തെ പോലീസ് സേന ഒന്നടങ്കം കിണഞ്ഞ് ശ്രമിച്ചെങ്കിലും അതെല്ലാം വിഫലമാകുകായിരുന്നു.

പോലീസിന്റെ വിവിധ സംഘങ്ങള്‍ അന്യ സംസ്ഥാനങ്ങളിലും അന്യ രാജ്യങ്ങളില്‍ വരെ ആന്റണിയെ അനേഷിച്ചു. ചില സ്ഥലങ്ങളില്‍ ഇയാള്‍ കൈയെത്തും ദൂരം വരെ എത്തുകയുണ്ടായെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല. അപ്പോഴെല്ലാം ഇയാള്‍ വേഷം മാറി ഒളിവില്‍ കഴിയുകയായിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തുമായി ഇരുനൂറിലധികം കേസുകള്‍ ആന്റണിക്കെതിരേയുണ്ട്. കോയമ്പത്തൂരിനും പാലക്കാടിനും മധ്യേയുള്ള സുരക്ഷിത കേന്ദ്രത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ആന്റണിയെ 2015 ഒക്‌ടോബര്‍ 13ന് പാലക്കാട് പോലീസാണ് അതീവ രഹസ്യസ്വഭാവമുള്ളതും തന്ത്രപരവുമായ നീക്കത്തിലൂടെ ആന്റണിയെ അതിസാഹസികമായി തന്നെ അറസ്റ്റുചെയ്തത്.

അറസ്റ്റിനുശേഷം 90 ദിവസത്തിനുള്ളില്‍ തന്നെ പോലീസ് കുറ്റപത്രവും സമര്‍പ്പിച്ചു. ഇതുകാരണം പ്രതിക്ക് ജാമ്യം ലഭിക്കുന്നതിനുള്ള അവസരം ഉണ്ടായതുമില്ല. കഴിഞ്ഞ ഏപ്രില്‍ രണ്ടിന് ജില്ലാ ജഡ്ജി ജോര്‍ജ് മാത്യു ആട് ആന്റണിയെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചുവെങ്കിലും ഇയാള്‍ കുറ്റം നിഷേദിക്കുകയായിരുന്നു. മണിയന്‍പിള്ള കുത്തേറ്റ് മരിച്ച ദിവസം പാരിപ്പള്ളി പോലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനായ അനില്‍കുമാറാണ് കേസിലെ ഒന്നാം സാക്ഷി.

ആട് ആന്റണിക്കെതിരേ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഏഴ് വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കൊലപാതകം, വധശ്രമം, തെളിവ് ശേഖരിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍, യഥാര്‍ഥ രേഖ എന്ന നിലയില്‍ വ്യാജരേഖ ചമയ്ക്കല്‍, കൃത്യനിര്‍വഹണത്തിനിടെ ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേല്‍പ്പിക്കല്‍, പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടല്‍ എന്നിവയാണ് വകുപ്പുകള്‍. കൊലപാതക കേസിലെ ഏറ്റവും നിര്‍ണായകമായ തെളിവായി കരുതുന്ന ആട് ആന്റണിയുടെ വാന്‍ ഇന്ന് കൊല്ലത്ത് കോടതി വളപ്പില്‍ എത്തിക്കും. വിചാരണ അവസാനിക്കും വരെ കോടതി പരിസരത്ത് പോലീസ് കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളും ഒരുക്കും.

Related posts