കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ സ്ഥാപിച്ച എയ്റോബിക് കന്പോസ്റ്റ് യൂണിറ്റിന്റെ പ്രവർത്തനം കാര്യക്ഷമമായി നടക്കുന്നില്ലെന്ന് ആക്ഷേപം. ഇതുമൂലം ആശുപത്രിയിലെ മാലിന്യ സംസ്കരണം അവതാളത്തിലായി.
ആശുപത്രിയിൽ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് മാലിന്യ സംസ്കരണത്തിനായി 2016-17ൽസ്ഥാപിച്ചതാണ് എയറോബിക് കന്പോസ്റ്റ് യൂണിറ്റ്. നാലു ചേന്പറുകളുള്ള യൂണിറ്റായിരുന്നു സ്ഥാപിച്ചിരുന്നത്. സോഷ്യൽ എക്ണോമിക് യൂണിറ്റ് ഫൗണ്ടേഷനായിരുന്നു നിർമാണ ചുമതല. ഒരു ചേന്പറിൽ 50 കിലോഗ്രാം മാലിന്യം മാത്രം സംസ്കരിക്കുന്ന തരത്തിലാണ് യൂണിറ്റ് നിർമിച്ചിരിക്കുന്നത്.
നിക്ഷേപിക്കുന്ന മാലിന്യങ്ങളെ 90ദിവസം കൊണ്ട് വളമാക്കി മാറ്റുക എന്നതായിരുന്നു എയ്റോബിക് കന്പോസ്റ്റ് യൂണിറ്റിന്റെ ലക്ഷ്യം. യൂണിറ്റിൽ ഈർപ്പ രഹിത മാലിന്യങ്ങൾ മാത്രമേ നിക്ഷേപിക്കാനും സാധിക്കൂ. എന്നാൽ, ഇവിടെ ആഹാര അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് നിക്ഷേപിക്കുന്നതിൽ ഏറെയും. ആഹാര അവശിഷ്ടങ്ങൾ സംസ്കരിക്കാൻ മറ്റ് മാർഗങ്ങളില്ലാത്തതുമൂലം ഇവ ഇതിൽ നിക്ഷേപിക്കുക മാത്രമേ ആശുപത്രിക്കും മാർഗമുള്ളൂ.
2016-17ൽ യൂണിറ്റ് സ്ഥാപിക്കുന്പോൾ ഉള്ളതിനേക്കാൾ കൂടുതൽ മാലിന്യമാണ് ഇപ്പോൾ ആശുപത്രിയിൽ ഒരോ ദിവസം ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ അനുവദിക്കുന്നതിൽ കൂടുതൽ മാലിന്യമാണ് നിക്ഷേപിക്കേണ്ടി വരുന്നത്. ഇതുമൂലം ചേന്പറുകളുടെ തറകൾ ഇടിഞ്ഞ് താഴ്ന്ന നിലയിലായി.നിലവിൽ യൂണിറ്റിന്റെ പ്രവർത്തനം ഏതാണ്ട് നിലച്ച അവസ്ഥയിലുമാണ്.
ഇതോടെ ആശുപത്രിയിലെ ആഹാര അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള ജൈവ മാലിന്യങ്ങൾ സംസ്കരിക്കാൻ കഴിയാതെ ആശുപത്രി അധികൃതരും ബുദ്ധിമുട്ടിലായി. എയറോബിക് കന്പോസ്റ്റ് യൂണിറ്റിന്റെ പ്രവർത്തനം കാര്യക്ഷമമായി നടക്കാത്തതും, ആശുപത്രിയിലെ മാലിന്യ സംസ്ക്കരണം കൃത്യമായി നടക്കാതെ വരുന്നതും ആശുപത്രി അധികൃതർ നിർമാണ ചുമതല സോഷ്യൽ എക്ണോമിക് യൂണിറ്റ് ഫൗണ്ടേഷനേയും, ബ്ലോക്ക് പഞ്ചായത്തിനെയും അറിയിച്ചിട്ടുണ്ട്.
മാലിന്യപ്രശ്നം ഉടൻ പരിഹാരക്കുന്നതിനായി ബ്ലോക്ക് പഞ്ചായത്ത് അടിയന്തിര നടപടികൾ കൈക്കൊള്ളുമെന്ന് വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ബാലഗോപാലൻ നായർ പറഞ്ഞു.ആശുപത്രിയിൽ കൂടുതലായി വരുന്ന ജൈവ മാലിന്യങ്ങളായതിനാൽ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുക മാത്രമാണ് ശ്വാശത പരിഹാരം. അല്ലാത്തപക്ഷം എയറോബിക് കംബോസ്റ്റ് യൂണിറ്റിന്റെ കപ്പാസിറ്റി കൂട്ടുകയോ മാർഗമുള്ളൂ.