തളിപ്പറമ്പ്: കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തിന് വരള്‍ച്ചയെ നേരിടാന്‍ നടപടികള്‍ തുടങ്ങി. കാലിക്കടവ് മുതല്‍ കുറ്റിക്കോല്‍ പാറാട് വരെയുള്ള ഭാഗത്ത് പുഴയില്‍ ഗോവന്‍ മോഡലില്‍ മൂന്ന് ബന്ദാരകള്‍ കൂടി നിര്‍മിച്ചാണ് വരള്‍ച്ചയെ നേരിടാന്‍ പഞ്ചായത്ത് ഒരുങ്ങിയിരിക്കുന്നത്.
50.79 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള കുറുമാത്തുര്‍ പഞ്ചായത്തിലെ ഏക സ്വാഭാവിക ജല ശ്രോതസാണ് 18 കിലോമീറ്റര്‍ നീളത്തിലുള്ള കരിമ്പം പുഴ. ഈ പുഴയിലാണു പഞ്ചായത്ത് പരിധിയില്‍ കാലിക്കടവ് മുതല്‍ പാറാട് വരെ ഒന്നര കിലോമീറ്റര്‍ ഇടവിട്ട് 12 തടയണകള്‍ നിര്‍മിച്ചിരിക്കുന്നത്. ഇതില്‍ മൂന്നെണ്ണം ഗോവന്‍ മോഡല്‍ ബന്ദാര തടയണകളാണ്.
ജയിംസ് മാത്യു എംഎല്‍എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ചെലവഴിച്ചാണ് ഇവ നിര്‍മിച്ചത്. ഇതോടെ ജലസമൃദ്ധമായി മാറിയ പുഴയില്‍ ഇത്തവണത്തെ വരള്‍ച്ചയെ അതിജീവിക്കാന്‍ തക്കവിധത്തില്‍ വെള്ളം നിറഞ്ഞിട്ടുണ്ട്. ആളുകള്‍ കുടിക്കാനും കുളിക്കാനും കൃഷി ആവശ്യത്തിനും തടയണയിലെ വെള്ളം യഥേഷ്ടം ഉപയോഗിക്കുന്നുണ്ട്.
സംസ്ഥാന ഐടി സെക്രട്ടറി ശിവശങ്കരന് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ തടയണകള്‍ പരിശോധിച്ച് മാതൃകാപരമായ പ്രവര്‍ത്തനമെന്ന് നേരത്തെ തന്നെ പഞ്ചായത്തിനെ അഭിനന്ദിച്ചിരുന്നു. തടയണകളുടെ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. ജയിംസ് മാത്യു എംഎല്‍എ അധ്യക്ഷത വഹിക്കും.