തെന്നിന്ത്യയില്‍ തിളങ്ങിനിന്ന നടിയെ ബോളിവുഡിലേക്ക വിളിക്കുക സ്വാഭാവികം മാത്രം. ഇത് ആ നടിയില്‍ എത്രത്തോളം ആത്മവിശ്വാസവുമായിരിക്കും നല്‍കിയതെന്നും പറയേണ്ടതില്ലല്ലോ. പക്ഷേ സ്വപ്ന ലോകത്ത് ചെന്നു കഴിഞ്ഞപ്പോള്‍ തനിക്കു വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നാണ് നടി തപ്സി പറയുന്നത്. അടുത്തിടെ നല്കിയ ഒരു അഭിമുഖത്തിലാണ് ബോളിവുഡിലെ തന്റെ പ്രതീക്ഷകള്‍ എന്തായിരുന്നുവെന്ന് തപ്സി തുറന്നു പറഞ്ഞത്.
തെന്നിന്ത്യയില്‍ ധനുഷിന്റെ നായികയായി അരങ്ങേറ്റം കുറിച്ച തപ്സിക്ക് പിന്നെ നിരവധി അവസരങ്ങളാണ് കിട്ടിയത്. എന്നാല്‍ ബോളിവുഡില്‍ തനിക്ക് ശക്തമായ കഥാപാത്രങ്ങള്‍ കിട്ടുന്നില്ലെന്നാണ് നടി പരിഭവിക്കുന്നത്. ‘എന്നെ ബോളിവുഡ് വിശ്വസിക്കുന്നില്ല. താന്‍ എന്റെ പ്രഫഷനെ എത്ര ഗൗരവത്തോടെയാണ് കാണുന്നതെന്ന് അവര്‍ മനസിലാക്കുന്നില്ല. തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ കുറുമ്പിയായാണ് കൂടുതല്‍ അഭിനയിച്ചിട്ടുള്ളത്. അത്തരം കഥാപാത്രങ്ങള്‍ തന്നെയാണ് ബോളിവുഡിലും തനിക്ക് ലഭിക്കുന്നത്. ഇതൊന്നുമായിരുന്നില്ല താന്‍ ബോളിവുഡില്‍ നിന്ന് പ്രതീക്ഷിച്ചതെന്നും നടി പറയുന്നു.
ഹിന്ദിയില്‍ രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ടിരിക്കേയാണ് നടിയുടെ ഈ പരിഭവം. മലയാളത്തില്‍ ഇറങ്ങിയ സോള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ ഹിന്ദി പതിപ്പായ തഡ്കയിലെ നായികയാണ് തപ്സി. അമിതാഭ് ബച്ചന്റെ ഒപ്പം പിങ്ക് എന്ന ചിത്രത്തിലും തപ്സിയുണ്ട്. രണ്ടു ചിത്രങ്ങളുടെയും ഷൂട്ടിംഗ് പുരോഗമിച്ചു വരുകയാണ്.