കുമരകം: ശക്തമായ കാറ്റില്‍ വള്ളം മുങ്ങി ഒന്നേകാല്‍ മണിക്കൂര്‍ വേമ്പനാട്ടുകായലില്‍ അകപ്പെട്ട മത്സ്യതൊഴിലാളികള്‍ ആശുപത്രി വിട്ടു. ഇന്നലെ പുലര്‍ച്ചെ 3.45നു വീശിയ കാറ്റില്‍ രണ്ടു മത്സ്യബന്ധന വള്ളങ്ങള്‍ മുങ്ങിയാണ് നാലു മത്സ്യ തൊഴിലാളികള്‍ കായലില്‍ വീണത്. കുമരകം നാരകത്ര ഭാഗത്ത് പുത്തന്‍പുര സാബു (48), തുണ്ടിയില്‍ വിശ്വന് (47), നാല്പതില് ചിറ സുരേഷ് (49) ലാലസന്‍ (51) എന്നിവരാണ് വേമ്പനാട്ടു കായലില്‍ റാണി കായലിന്റെ സമീപത്തെ കയത്തില്‍ അകപ്പെട്ടത്.
വള്ളം മുങ്ങിയതോടെ നീന്തി വള്ളത്തിലും കഴുക്കോലിലും പിടിച്ചു കിടന്നതിനാണ് നാലു പേര്‍ക്കും രക്ഷയായത്. മുഹമ്മ ഭാഗത്തുനിന്നും മത്സ്യവല വലിക്കാനെത്തിയവരാണ് നാലു പേരെയും രക്ഷിച്ച് റാണി കായലിന്റെ പുറംചിറയില്‍ രാവിലെ എട്ടിന് എത്തിയത്. മുങ്ങിപ്പോയ വള്ളം തകരുകയും വലയും യമഹാ യന്ത്രങ്ങള്‍ നഷ്ടപ്പെടുകയും ചെയ്തു. സാബുവും ലാലസനും ഒരു വള്ളത്തിലും വിശ്വനും സുരേഷും മറ്റൊരു വള്ളത്തിലുമായിരുന്ന കായലില്‍ മീന്‍ പിടിക്കാന്‍ പോയത്. ഇരുവരുടെയും കൈകളിലുണ്ടായിരുന്ന മൊബൈല്‍ ഫോണുകളും നഷ്ടപ്പെട്ടു.
ഇവരെ രക്ഷിച്ച മത്സ്യതൊഴിലാളികളുടെ ഫോണില്‍നിന്നും വിശ്വന് വീട്ടിലേക്ക് വിളിച്ച് നാലു പേരും സുരക്ഷിതരാണെന്ന് അറിയിച്ചതോടെയാണു പുലര്‍ച്ചെ തുടങ്ങിയ പരിഭ്രാന്തിക്ക് വിരാമമായത്. തുടര്‍ന്ന് സമീപവാസികള്‍ റാണികായലിന്റെ പുറം ചിറയിലെത്തി നാലുപേരെയും നാരകത്രയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്നു കുമരകം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുമരകം എസ്ഐ ആര്. രാജീവിന്റെ നേതൃത്വത്തില്‍ പരാതി ലഭിച്ചതിനെത്തുടര്‍ന്ന് അന്വേഷണം നടത്തിയിരുന്നു സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. മൈക്കിള്‍, കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ.പി. സലിമോന്‍ പുഷ്കരന് കുന്നത്തുചിറ, കെ.എസ്. സലിമോന്‍ തുടങ്ങിയവര്‍ ഹെല്‍ത്ത് സെന്ററില്‍ എത്തിയിരുന്നു.