സവാളയുടെ വില കുതിച്ചുയരുകയാണ്. സാധാരണക്കാരന് താങ്ങാനാകാത്ത സാഹചര്യം. ഓരോ ദിനവും വാർത്ത പ്രാധാന്യം കൂടുന്ന സവാള ഇപ്പോൾ ചർച്ചാവിഷയമാകുന്നത് അൽപ്പം കൗതുകരമായ കാര്യത്തിലൂടെയാണ്.
ഒരു മൊബൈൽ ഫോണ്‍ വാങ്ങുന്നവർക്ക് സവാള സൗജന്യമായി നൽകുകയാണ് തമിഴ്നാട്ടിലെ ഒരു സ്ഥാപനം. പുതുക്കോട്ടൈയിൽ പ്രവർത്തിക്കുന്ന എസ്ടിആർ മൊബൈൽസ് എന്ന സ്ഥാപനത്തിലാണ് ഏറെ വ്യത്യസ്ഥമായ ഈ കച്ചവട തന്ത്രം അരങ്ങുതകർക്കുന്നത്.
തങ്ങളുടെ സ്ഥാപനത്തിൽ നിന്നും സ്മാർട്ട് ഫോണ്‍ വാങ്ങുന്നവർക്ക് ഒരു കിലോഗ്രാം സവാളയാണ് എസ്ടിആർ മൊബൈൽസ് നൽകുന്നത്. തന്റെ സ്ഥാപനത്തിന്റെ പേരും പ്രശസ്തിയും വർദ്ധിക്കുവാനാണ് താൻ ഈ ബുദ്ധി ഉപയോഗിച്ചതെന്ന് ഉടമ ശരവണകുമാർ പറയുന്നു.
കഴിഞ്ഞ ആഴ്ച്ച മുതലാണ് ഈ ആശയം അദ്ദേഹം തന്റെ സ്ഥാപനത്തിൽ നടപ്പിലാക്കിയത്. തുടർന്ന് മൊബൈൽ ഫോണ്‍ വാങ്ങുവാൻ നിരവധിയാളുകൾ ഇവിടേക്ക് എത്തിത്തുടങ്ങിയെന്നും അദ്ദേഹം പറയുന്നു. സാധാരണ ദിവസങ്ങളിൽ മൂന്നും നാലും മൊബൈൽഫോണ്‍ വിറ്റിരുന്ന തന്റെ സ്ഥാപനത്തിൽ നിന്നും പത്തും അതിൽ അധികം മൊബൈൽ ഫോണുകൾ വിറ്റുപോകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.