നെയ്യാറ്റിന്‍കര: വാര്‍ധക്യത്തിന്റെ അവശതകളിലായിരുന്ന ജോസഫിന് ഇരുട്ടടി സമ്മാനിച്ചത് ഇക്കഴിഞ്ഞ കാറ്റും മഴയുമാണ്. പ്രതികൂല കാലാവസ്ഥയില്‍ മരം മറിഞ്ഞ് വീണ് വീട് പൂര്‍ണമായും തകര്‍ന്നു. അതോടെ ഈ വയോധികന്റെ അന്തിയുറക്കം സമീപത്തെ ഒരു കടത്തിണ്ണയിലായി. ജോസഫിന്റെ സാഹചര്യങ്ങള്‍ നന്നായി മനസ്സിലാക്കിയ നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ നാട്ടുകാരുടെ സഹായത്തോടെ ഒരു താത്കാലിക കിടപ്പാടം ഒരുക്കിനല്കി. നെയ്യാറ്റിന്‍കര നഗരസഭയിലെ യുഡിഎഫ് കൗണ്‍സിലര്‍ ഗ്രാമം പ്രവീണാണ് മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ ഒരു വയോധികന് കിടപ്പാടവും കട്ടിലും കിടക്കയും വസ്ത്രങ്ങളുമൊക്കെ ക്രമീകരിച്ച് നല്‍കിയത്.
നഗരസഭയിലെ വ്ളാങ്ങാമുറി വാര്‍ഡില്‍ തുണ്ടുവ്ളാങ്ങാമുറിയിലായിരുന്നു ജോസഫിന്റെ വാസസ്ഥലം. സ്വകാര്യ വ്യക്തിയുടെ ഒഴിഞ്ഞ കെട്ടിടത്തില്‍ ജോസഫിന്റെ ഏകാന്തവാസത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇക്കഴിഞ്ഞ പെരുമഴയത്ത് മരം കടപുഴകി വീണ് വീട് വാസയോഗ്യമല്ലാതായി. സ്വന്തം ഭൂമിയല്ലാത്തതിനാല്‍ സര്‍ക്കാര്‍ സഹായവും ലഭിച്ചില്ലത്രെ. നെയ്യാറ്റിന്‍കര കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് കപ്പലണ്ടി വിറ്റ് ഉപജീവനം നടത്തിയിരുന്ന ജോസഫ് വാര്‍ധക്യസഹജമായ അസ്വസ്ഥതകളാലാണ് ആ പണി അവസാനിപ്പിച്ചത്.
ആകെപ്പാടെയുള്ള വരുമാന മാര്‍ഗം നിലച്ചതോടെ ആഹാരത്തിന് മറ്റുള്ളവരെ ആശ്രയിക്കേണ്ട ഗതികേടിലുമായി. കടവരാന്തയില്‍ ആരോരും സഹായത്തിനില്ലാതെ കഴിഞ്ഞുകൂടിയ വൃദ്ധന്റെ സ്ഥിതി അറിഞ്ഞ് വാര്‍ഡ് കൗണ്‍സിലര്‍ ഗ്രാമം പ്രവീണ്‍ കാരുണ്യപൂര്‍വം മുന്നോട്ടുവന്നു. തകര്‍ന്ന വീടിന്റെ അവശിഷ്ടങ്ങള്‍ നീക്കുകയും താത്കാലികമായി കിടപ്പാടം നിര്‍മിച്ചു നല്‍കുകയും ചെയ്തു. പ്രവീണിനോടൊപ്പം കോണ്‍ഗ്രസ് നേതാവ് വ്ളാങ്ങാമുറി ശശിക്കുട്ടനും വീട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വമേകി.