ക്ലിക്/ ആര്‍. വിധുലാല്‍
ഫോട്ടോകള്‍ എത്രയും വേഗം സേവ് ചെയ്‌തോളൂ… ജൂലൈ ഏഴ് എന്നൊരു തീയതിയുണെ്ടങ്കില്‍ ഫേസ്ബുക്കിലെ നമ്മുടെ ഫോട്ടോകള്‍ ഇഞ്ചിഞ്ചായി മരിക്കുമത്രേ. സക്കര്‍ബര്‍ഗ് മുതലാളി പറഞ്ഞതാണ് ഇക്കാര്യം. ഫോട്ടോകള്‍ ആവശ്യമുള്ളവര്‍ അതു ഗൂഗിള്‍ ഡ്രൈവില്‍ സേവ് ചെയ്യുക. മൊമന്റ്‌സ് എന്ന ആപ്പുകൂടി ഡൗണ്‍ലോഡ് ചെയ്തില്ലെങ്കില്‍ ടൈംലൈനില്‍ നമ്മള്‍ പോസ്റ്റ് ചെയ്ത ഫോട്ടോകള്‍ അത്രയും നഷ്ടമാകുമെന്നാണു മുതലാളി പറയുന്നത്.
അല്ലെങ്കിലും ഈ തല്ലിപ്പൊളി ഫേസ്ബുക്കില്‍ ഫോട്ടോ ഇട്ടാല്‍ എന്തുപ്രയോജനം എന്നു ചോദിച്ചേക്കാം. ശരിയാണ്, ഫോട്ടോകള്‍ അതു കാമറയിലെടുക്കുന്ന അതേ ക്വാളിറ്റിയിലും വലിപ്പത്തിലുമല്ല ഫേസ്ബുക്കില്‍ അപ്‌ലോഡാവുന്നത്. കംപ്രസ്ഡ് ഫയലായാണ്. അതിനാല്‍, ക്ലാരിറ്റി കുറയും. ക്ലാരിറ്റി ആവശ്യമുള്ളവര്‍ ഗൂഗിള്‍ ഫോട്ടോസിലോ ഡ്രോപ്‌ബോക്‌സിലോ ഫോട്ടോകളും വീഡിയോകളും അപ്‌ലോഡ് ചെയ്യുന്നതാകും ഉത്തമം. 15 ജിബി വരെ ഗൂഗിള്‍ഫോട്ടോസ് താങ്ങും. അതിനുശേഷം നമ്മള്‍ പണംകൊടുക്കണം. മെസഞ്ചര്‍ ആപ്പുകളും ഇതേ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്.ഒരേസമയം 25 എംബി വരെ ജിമെയിലിലും ഫോട്ടോ ഫയലുകള്‍ സംരക്ഷിക്കാം.
ഇപ്പറഞ്ഞ മൊമന്റ്‌സ് ആപ്പ് ഫേസ്ബുക്കിന്റെ സഹോദരസ്ഥാപനമാണ്. സോപ്പ് വാങ്ങിയാല്‍ ചീപ്പ് സൗജന്യമെന്നു പറഞ്ഞതുപോലെയാണ് മൊമന്റ്‌സ് വിറ്റഴിക്കാന്‍ മുതലാളി നടത്തുന്ന പരസ്യപ്രചാരണം.
ഈ ആപ്പ് നമ്മള്‍ ഡൗണ്‍ലോഡ് ചെയ്താല്‍പോര മറ്റുള്ളവരും ഡൗണ്‍ലോഡ് ചെയ്യണം. ട്വിറ്ററിലെ തന്റെ ഡാഡാഡാ എന്ന പാസ്‌വേര്‍ഡ് പുറത്തായ നാണക്കേടില്‍നിന്നു പൂര്‍ണമായി മുക്തനായിട്ടില്ല സക്കര്‍ബര്‍ഗ്. പ്രതിവര്‍ഷം എട്ടുശതമാനം പേര്‍ ഫേസ്ബുക്ക് വിട്ട് മറ്റു മെസഞ്ചര്‍ ആപ്പുകളെ ആശ്രയിക്കുന്നതായി സിമിലര്‍ വെബ് എന്ന വെബ് അനലിറ്റിക്‌സ് കമ്പനിയുടെ പഠന റിപ്പോര്‍ട്ട് പുറത്തായതാണു മറ്റൊരു നാണക്കേട്.
എന്നാല്‍, ഫേസ്ബുക്കിനെ നിലനിര്‍ത്താനുള്ള ശ്രമങ്ങളും മറുഭാഗത്തു നടക്കുന്നുണ്ട്. ചിത്രങ്ങള്‍ 360 ഡിഗ്രിയിലേക്കു മാറ്റുന്നതിനുള്ള ഐക്കണ്‍, വീഡിയോ കമന്റ്‌സ് തുടങ്ങിയവയാണ് ഫേസ്ബുക്കില്‍ ഇനി വരുന്ന മാറ്റങ്ങള്‍.
അടുത്ത നാലുവര്‍ഷത്തിനുള്ളില്‍ വീഡിയോ ഷെയറിംഗ് ആപ്പുകള്‍ മെസഞ്ചര്‍ ആപ്പുകളെ കടത്തിവെട്ടുമെന്നാണു ടെക് വിദഗ്ധരുടെ അഭിപ്രായം. വീഡിയോ ഷെയറിംഗില്‍ മുന്‍പന്തിയിലുള്ളതു സ്‌നാപ്ചാറ്റാണ്. ഫേസ്ബുക്കിന്റെ യുദ്ധം സ്‌നാപ്ചാറ്റുമായാണെന്ന് ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞു.