തിരുവനന്തപുരത്ത് വാടകവീട്ടില്‍ ആട് ആന്റണി താമസിച്ചിരുന്നുവെന്ന് വീട്ടുടമയുടെ മൊഴി

Aaduകൊല്ലം: പാരിപ്പള്ളിയില്‍ പോലീസ് ഡ്രൈവര്‍ മണിയന്‍പിള്ളയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന് മുന്‍പ് ആറ് മാസം തന്റെ വാടകവീട്ടില്‍ ആട് ആന്റണി താമസിച്ചിരുന്നുവെന്ന് തിരുവനന്തപുരം ഉള്ളൂര്‍ പ്രശാന്ത് നഗറിലെ വീട്ടുടമ വിശ്വംഭരന്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയില്‍ മൊഴി നല്‍കി.

2012ലാണ് വീട് വാടകയ്‌ക്കെടുത്തത്. വാടകച്ചീട്ടിന് പുറമെ ഡ്രൈവിംഗ് ലൈസന്‍സിന്റെയും തിരിച്ചറിയല്‍ കാര്‍ഡിന്റെയും പകര്‍പ്പും ആന്റണിയുടെ ഫോട്ടോയും വാങ്ങിയിരുന്നു. രേഖകളിലെല്ലാം രാജേഷ് എന്ന പേരായിരുന്നു ഉണ്ടായിരുന്നതെന്നും വിശ്വംഭരന്‍ വെളിപ്പെടുത്തി. ഒപ്പം രണ്ട് സ്ത്രീകളുമുണ്ടായിരുന്നു രണ്ടാനമ്മയും അവരുടെ മകളും എന്നായിരുന്നു പറഞ്ഞിരുന്നത്.

വാടക കൃത്യമായി നല്‍കുമായിരുന്നു. ഏഴായിരും രൂപ വാടകയും ആറ് മാസത്തെ അഡ്വാന്‍സുമായിരുന്നു വാങ്ങിയിരുന്നത്. ഒപ്പം വെള്ള മാരുതി ഒമ്‌നി വാനും ഉണ്ടായിരുന്നു. അവസാനമായി കാണുമ്പോള്‍ രണ്ടാനമ്മയെന്ന് പരിചയപ്പെടുത്തിയ സ്ത്രീയും ഒപ്പം ഒരു ബാഗുമുണ്ടായിരുന്നു.

എവിടെപോകുന്നുവെന്ന് ചോദിച്ചപ്പോള്‍ മദ്രാസിലേയ്ക്കാണെന്ന് മറുപടി നല്‍കി. വാന്‍ കാണാത്തതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ വര്‍ക്ക്‌ഷോപ്പില്‍ നല്‍കിയിരിക്കുകയാണെന്ന് പറഞ്ഞു. ഇവര്‍ പോയി രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് മണിയന്‍പിള്ള വധവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ മോഷ്ടാവിന്റെ ചിത്രം പത്രങ്ങളില്‍ വരുന്നത്. വീട്ടില്‍ താമസിച്ചിരുന്നത് ആട് ആന്റണിയാണെന്ന് വ്യക്തമായതോടെ മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചതായി വിശ്വംഭരന്‍ പറഞ്ഞു.

Related posts