തലശേരി: ഇടതുസര്ക്കാരില്നിന്നു എല്ലാവര്ക്കും ഒരുപോലെ നീതി ലഭിക്കുമെന്നു പ്രതീക്ഷിക്കേണ്ടെന്ന സന്ദേശമാണ് കുട്ടിമാക്കൂല്‍ സംഭവത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയന് നല്കുന്നതെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് പോലീസിലൂടെ സിപിഎം നടപ്പാക്കുകയാണ്. ഒന്നര വയസുള്ള കുഞ്ഞിനെയും മാതാവിനെയും സഹോദരിയെയും ജയിലിലടച്ച സംഭവത്തെ മുഖ്യമന്ത്രി നിസാരമായിട്ടാണു കാണുന്നത്. ഇത് ക്രൂരമാണെന്നും സുധീരന് പറഞ്ഞു.
സിപിഎം നേതാക്കളുടെ അവഹേളത്തിനിരയായതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച അഞ്ജനയെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രി സന്ദര്‍ശിച്ച ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റു ചെയ്ത അണികളെയും നിയമവിരുദ്ധമായ പ്രവര്‍ത്തിച്ച പോലീസിനെയും നിലയ്ക്കു നിര്‍ത്തുന്നതിനു പകരം ആ തെറ്റുകളെ പരസ്യമായി ന്യായീകരിക്കുന്ന മുഖ്യമന്ത്രി ആപത്കരമായ സന്ദേശമാണു സമൂഹത്തിനു നല്‍കുന്നത്. ഇത് കേരളീയ ജനജീവിതത്തെ പ്രതികൂലമായി ബാധിക്കും.
സാമൂഹ്യനീതി ബോധം തെല്ലെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ ദളിത് യുവതികള്‍ക്കെതിരേ എടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കണം. നീതി രഹിതമായി പ്രവര്‍ത്തിച്ച പോലീസ് ഉദ്യോഗസ്ഥര്ക്കെതിരേ നടപടി സ്വീകരിക്കണം. അഞ്ജനയെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ച സിപിഎം നേതാക്കള്‍ക്കെതിരേ കേസെടുക്കാനും സര്‍ക്കാര്‍ തയാറാകണം. നീതി ആഗ്രഹിക്കുന്ന ജനങ്ങള്‍ ഇതു പ്രതീക്ഷിക്കുന്നുണ്ട്. കുട്ടിമാക്കൂല്‍ സംഭവം ഈ സര്‍ക്കാരിന്റെ മനോഭാവത്തിന്റെ ഉരകല്ലായിട്ടേ കാണാന്‍ പറ്റൂ. ആര്‍ക്കെങ്കിലും സര്‍ക്കാരിനെ കുറിച്ച് നല്ലത് തോന്നിപോയിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്നു കുട്ടിമാക്കൂല്‍ സംഭവത്തോടെ ബോധ്യപ്പെട്ടിട്ടുണ്ട്.
ദളിത് യുവതികളുടെ ജയില്‍ വാസവുമായി ബന്ധപ്പെട്ട് നീതിപീഠത്തില്‍നിന്നും നീതി ലഭിച്ചില്ല. നീതി നിഷേധിക്കപ്പെടുന്നവന്റെ അവസാനത്തെ അഭയകേന്ദ്രമായ കോടതി നിര്‍ഭാഗ്യവശാല്‍ ദളിത് പെണ്‍കുട്ടികള്‍ക്കു നീതി ലഭ്യമാക്കിയില്ല. ജാമ്യാപേക്ഷ സ്വീകരിക്കാന്‍ പോലും മജിസ്ട്രേറ്റ് തയാറായില്ല. ഉന്നത നീതിപീഠങ്ങള്‍ ഇത് പരിശോധിക്കണം. സംഭവത്തെ രാഷ്ട്രീയമായി കാണുന്നില്ല. എന്നാല്‍ സ്വതന്ത്രമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ കോണ്‍ഗ്രസ് പ്രസ്ഥാനം സമരം ചെയ്യാനും മടിക്കില്ല.
സംസ്ഥാന ഡിജിപിക്ക് യൂണിഫോമിനോട് ആദരവുണ്ടെങ്കില്‍ തലശേരി പോലീസ് കാക്കിക്കുണ്ടാക്കിയ കളങ്കം തിരുത്തണമെന്നും വി.എം. സുധീരന് പറഞ്ഞു. ഡിസിസി പ്രസിഡന്റ് കെ. സുരേന്ദ്രന്, സതീശന് പാച്ചേനി, പി. രാമകൃഷ്ണന്, വി.എ. നാരായണന്, എ.പി. അബ്ദുള്ളക്കുട്ടി, ഇ. വത്സരാജ്, റഷീദ് കവ്വായി, സജീവ് ജോസഫ് തുടങ്ങിയവരും സുധീരനോടൊപ്പമുണ്ടായിരുന്നു.