റെനീഷ് മാത്യു
കണ്ണൂർ: അലൻ ഷുഹൈബിനും താഹ ഫസലിനും എതിരേ ആഭ്യന്തരവകുപ്പ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതും കേസന്വേഷണം എൻഐഎ ഏല്പിച്ച സംഭവത്തിലും കോഴിക്കോട്, കണ്ണൂർ സിപിഎം ജില്ലാ കമ്മിറ്റികൾ ഏറ്റുമുട്ടലിലേക്ക്.യുഎപിഎ ചുമത്തിയ സംഭവത്തിൽ മുഖ്യമന്ത്രിയോടുള്ള അതൃപ്തി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.
നിലവിൽ മുഖ്യമന്ത്രി പിണറായി വിജയനും കണ്ണൂരിലെ സിപിഎം നേതാക്കളും മാത്രമാണ് യുഎപിഎ ചുമത്തിയ സംഭവത്തിൽ ഉറച്ചു നില്‍ക്കുന്നത്.
അലനും താഹയ്ക്കുമെതിരേ യുഎപിഎ ചുമത്തിയെങ്കിലും ഇവർക്കെതിരേ പാർട്ടി തലത്തിൽ നടപടിയൊന്നും എടുക്കുവാൻ കോഴിക്കോട് ജില്ലാ കമ്മിറ്റി തയാറായിട്ടുമില്ല. സിപിഎം സംസ്ഥാന കമ്മിറ്റിയിൽ നടപടിയെടുക്കുവാൻ നിർദേശം ഉണ്ടായിരുന്നെങ്കിലും അന്വേഷണം പൂർത്തിയാകട്ടെ നടപടി ഉടൻ വേണ്ടെന്നാണ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ തീരുമാനം.
അറസ്റ്റിലായ അലനും താഹക്കും തിരുത്തുവാൻ ഒരവസരം നല്കമായിരുന്നുവെന്നാണ് പി. മോഹനൻ ഇന്നലെ പറഞ്ഞത്. അലൻ ഷുഹൈബും താഹ ഫസലും കുട്ടികളാണ്. എന്തെങ്കിലും തെറ്റു പറ്റിയാല്‍ത്തന്നെ തിരുത്തിയെടുക്കേണ്ടത് പാര്‍ട്ടിയുടെ ഉത്തരവാദിത്വമാണ്. പാര്‍ട്ടി ഇവര്‍ക്കെതിരേ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
നടപടിയെടുക്കാത്ത കാലത്തോളം അവർ പാര്‍ട്ടി അംഗങ്ങൾതന്നെയാണെന്നും അദ്ദേഹം കോഴിക്കോട്ട് ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
പന്തീരാങ്കാവ് മാവോയിസ്റ്റ് ആരോപണത്തിന്റെ പേരില്‍ യുഎപിഎ ചുമത്തപ്പെട്ട അലൻ ഷുഹൈബും താഹ ഫസലും കുഞ്ഞാടുകളല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും കണ്ണൂരിലെ പി. ജയരാജന്റെയും നിലപാടിനെയാണ് ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജില്ലാസെക്രട്ടറി തള്ളിയത്.
സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ പ്രസ്താവനയ്ക്കെതിരേ പി.ജയരാജൻ ഇന്നും മറുപടിയുമായി രംഗത്ത് വന്നിട്ടുണ്ട്. യുഎപിഎ കേസിൽപ്പെട്ട കോഴിക്കോട്ടെ രണ്ട് വിദ്യാർഥികളുടെ കാര്യത്തിൽ സിപിഎമ്മിൽ ഭിന്നതയില്ലെന്ന് പി.ജയരാജൻ ഇന്ന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
വിദ്യാർഥികൾ മാവോയിസ്റ്റുകളാണെന്ന തന്റെ മുൻ നിലപാടിൽ ഉറച്ചു നില്‍ക്കുന്നതായും ഇക്കാര്യത്തിൽ സിപിഎം ഒറ്റക്കെട്ടാണെന്നും പറയുന്നു. എൻഐഎ ഏറ്റെടുത്ത കേസെന്ന നിലയിൽ കൂടുതൽ പറയാൻ പ്രയാസമുണ്ട്. അതേ സമയം മാവോയിസ്റ്റുകളെയും ഇസ്ലാമിസ്റ്റുകളെയും തുറന്നുകാണിക്കാനുള്ള ശ്രമം കാന്പസുകളിൽ തുടരേണ്ടതുണ്ടെന്നും പി. ജയരാജൻ പോസ്റ്റിൽ പറയുന്നു.
അലൻ ഷുഹൈബിനും താഹ ഫസലിനും എതിരേ യുഎപിഎ ചുമത്തി കേസെടുത്ത സംഭവം മലബാറിലെ സിപിഎം നേതാക്കൾക്കിടയിൽ പരസ്യമായ പ്രതികരണം വരുംദിവസങ്ങളിലും തുടരാനാണ് സാധ്യത.