ദേവസ്വം ബോര്‍ഡുകളിലെ ഭരണത്തിലും നിയമനങ്ങളിലും എല്ലാ ഹിന്ദുവിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കണം :പി. രാമഭദ്രന്‍

alp-poojaകൊല്ലം : ശാന്തിക്കാരെ നിയമിക്കുന്നത് ഉള്‍പ്പെടെയുളള ദേവസ്വം ബോര്‍ഡുകളിലെ മുഴുവന്‍ നിയമനങ്ങളും പിഎസ്‌സി ക്ക് വിടണമെന്ന് കേരള ദലിത് ഫെഡറേഷന്‍ കെഡിഎഫ് സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.മഹാത്മാ അയ്യന്‍കാളിയുടെ 125 -ാമത് ചരമവാര്‍ഷികാചരണത്തോടനുബന്ധിച്ച് കെഡിഎഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച “ദേവസ്വം ബോര്‍ഡുകളും ജാതിവിവേചനവും” എന്ന വിഷയത്തിലുളള ചര്‍ച്ചാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ദേവസ്വം ബോര്‍ഡുകള്‍ എല്ലാ ഹിന്ദുക്കള്‍ക്കും അര്‍ഹതപ്പെട്ടതാണെന്ന് തോന്നുന്ന കാലത്ത് മാത്രമെ ജാതിവിവേചനം അവസാനിപ്പിച്ചുവെന്ന് കണക്കാക്കാന്‍ പറ്റുകയുളളൂ. അതിനായി ഭരണസമിതിയിലും നിയമനങ്ങളിലും എല്ലാ ഹിന്ദുക്കള്‍ക്കും പ്രാതിനിധ്യം ഉറപ്പ് വരുത്തണം. കേരളത്തിലെ 5 ദേവസ്വം ബോര്‍ഡുകള്‍ ഏകീകരിച്ച് ഒറ്റദേവസ്വം ബോര്‍ഡാക്കിക്കൊണ്ട് ബോര്‍ഡിന്റെ അംഗസംഖ്യവര്‍ദ്ധിപ്പിച്ച് പ്രസിഡന്റ് സ്ഥാനമുള്‍പ്പെടെ എല്ലാ ഹിന്ദുവിഭാഗങ്ങള്‍ക്കും ഭരണത്തില്‍ പങ്കാളിത്തം ലഭിക്കത്തക്ക വിധത്തില്‍ റോട്ടേഷന്‍ വ്യവസ്ഥ നടപ്പിലാക്കണം. ഇതുവരെ നടന്നിട്ടുളള നിയമനങ്ങളിലെ ജാതിതിരിച്ചുളള കണക്ക് പ്രസിദ്ധീകരിക്കണം.

പൊതുനിയമനങ്ങളില്‍ അഹിന്ദുക്കള്‍ക്കുളള 17 ശതമാനം സംവരണം ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ ഇതുവരെ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാത്ത പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും പിന്നാക്കസമുദായ അംഗങ്ങള്‍ക്കുമായി ലഭിക്കത്തക്ക വിധത്തില്‍ വ്യവസ്ഥയുണ്ടാക്കണമെന്നും രാമഭദ്രന്‍ പറഞ്ഞു. സമ്മേളനത്തില്‍ കെഡിഎഫ് സംസ്ഥാന സെക്രട്ടറി എം. ബിനാന്‍സ് അദ്ധ്യക്ഷത വഹിച്ചു. പി.ജി. പ്രകാശ്, എം. സുരേന്ദ്രന്‍, എസ്.പി. മഞ്ജു, പോത്തന്‍കോട് ശശി, കെ. രാധാകൃഷ്ണന്‍, ആനപ്പാറ ബിനു, എച്ച്. രവികുമാര്‍, ടി. വിനോയി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts