പൂനെ സ്വദേശി സഞ്ജയ് ആഡ്‌വലെ പ്രകൃതിയോടിണങ്ങി ജീവിക്കാനിഷ്ടപ്പെടുന്ന വ്യക്തിയും ഗ്രീന്‍ ഹില്‍ എന്ന പരിസ്ഥിതി സംഘടനയിലെ പ്രമുഖ പ്രവര്‍ത്തകനുമാണ്. പൂനയുടെ വൃഷ്ടിപ്രദേശങ്ങളില്‍ മരങ്ങള്‍ വച്ചുപിടിപ്പിച്ച് പ്രത്യേക മൊബൈല്‍ ആപ് നിര്‍മിച്ച് മരങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്ന സംഘടനയുമാണ് ഗ്രീന്‍ ഹില്‍. പറഞ്ഞുവരുന്നത് അതല്ല. അദ്ദേഹത്തിന്റെ വീട്ടിലെ പ്രത്യേക യന്ത്രത്തെക്കുറിച്ചാണ്.
വെള്ളം റീസൈക്കിള്‍ ചെയ്യുന്നതിനായി രൂപീകരിച്ച ചെലവില്ലാ മാര്‍ഗം. എന്നും രാവിലെ പത്തു മിനിറ്റ് സഞ്ജയും കുടുംബാംഗങ്ങളും സൈക്കിള്‍ ചവിട്ടും. ഇത് വ്യായാമം എന്നതു മാത്രമല്ല ചെടികള്‍ നനയ്ക്കുന്നതിനുള്ള മാര്‍ഗവുമാണ്. സൈക്കിള്‍ ചവിട്ടുമ്പോള്‍ അതില്‍ ഘടിപ്പിച്ചിരിക്കുന്ന മോട്ടോര്‍ കറങ്ങി മുറ്റത്തുള്ള ടാങ്കില്‍നിന്ന് വെള്ളം ചെടികളുടെയും മരങ്ങളുടെയും ചുവട്ടിലെത്തും. മിനിറ്റില്‍ 18 ലിറ്റര്‍ കയറിപ്പോകുന്ന വിധത്തിലാണ് മോട്ടോറിന്റെ നിര്‍മാണം. ചെടികള്‍ക്ക് ഉപയോഗിച്ചശേഷം ബാക്കിയുള്ള വെള്ളം ആദ്യ ടാങ്കിലേക്കുതന്നെയെത്തുന്ന വിധത്തിലാണ് മരങ്ങള്‍ നട്ടിരിക്കുന്നത്.
മൂന്നു പാളികളാണ് വെള്ളം ഫില്‍റ്റര്‍ ചെയ്യാന്‍ മണ്ണില്‍ തയാറാക്കിയിരിക്കുന്നത്. ആദ്യ പാളിയില്‍ ചരലും ചകിരിയും ചേര്‍ത്ത മിശ്രിതം. രണ്ടാം ലെയറില്‍ മണ്ണും മൂന്നാം ലെയറില്‍ ഗ്രീന്‍ ഹില്‍ സംഘടന തയാറാക്കുന്ന പ്രത്യേക വളമായ ഇക്കോഫെര്‍ട്ട് എന്ന വളവുമാണുള്ളത്. ഇവയിലൂടെ അരിച്ചിറങ്ങുന്ന വെള്ളം വീണ്ടും ടാങ്കില്‍ത്തന്നെ സംഭരിക്കപ്പെടുന്നു. കുളത്തില്‍ മത്സ്യങ്ങളെയും വളര്‍ത്തുന്നുണ്ട്. അക്വാപോണിക്‌സിന്റെ മറ്റൊരു പതിപ്പാണെന്നും പറയാം.
ചെടികള്‍ക്ക് ആവശ്യമായ വെള്ളം നല്കുന്നതു കൂടാതെ അവ വീണ്ടും വീണ്ടും ഉപയോഗിക്കുന്ന സഞ്ജയുടെ സാങ്കേതികവിദ്യയും കൗതുകമുണര്‍ത്തുന്ന സൈക്കിള്‍ മോട്ടോറും കണ്ടു പഠിക്കുന്നതിനായി നിരവധി കുട്ടികള്‍ അദ്ദേഹത്തെ സമീപിക്കുന്നുണ്ട്.