വിക്‌ടോറിയ രാജ്ഞിയുടെ ‘ചെലവില്‍” രൂപീകരിച്ച മഹാത്മഗാന്ധി വായനശാല

tcr-victoriaഇരിങ്ങാലക്കുട: നഗരത്തിന്റെ വായനശാല മുത്തശ്ലിയായ മഹാത്മാഗാന്ധി റീഡിംഗ് റൂം ആന്‍ഡ് ലൈബ്രറിയുടെ ഉത്ഭവം ഇംഗ്ലണ്ടിലെ വിക്ടോറിയ രാജ്ഞിയുടെ “ചെലവില്‍’. കുറച്ചുകൂടി വ്യക്ത മാക്കിയാല്‍  കൂടല്‍മാണിക്യം ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്ന ലൈബ്രറി നിര്‍മിച്ചത് ഇംഗ്ലണ്ടിലെ വിക്ടോറിയ രാജ്ഞിയുടെ ജൂബിലിയാഘോഷങ്ങളില്‍ ബാക്കിവന്ന തുകകൊണ്ടാണ.് വിക്ടോറിയ റീഡിംഗ് റൂം ആന്‍ഡ് ലൈബ്രറി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന വായനാശാല സ്വാതന്ത്ര്യലബ്ധിക്കുശേഷം മഹാത്മാഗാന്ധി റീഡിംഗ് റൂം ആന്‍ഡ് ലൈബ്രറി എന്ന പേരു സ്വീകരിച്ച് ദേശീയപ്രസ്ഥാനത്തിന്റെ മുഖ്യധാരയില്‍ ഇന്നും ചരിത്രപ്രാധാന്യത്തോടെ നിലനില്‍ക്കുന്നു.

കൊല്ലവര്‍ഷം 1062 (1887) ല്‍ ഇരിങ്ങാലക്കുടയിലെ പൗരപ്രമുഖര്‍ ചേര്‍ന്ന് വിക്ടോറിയ രാജ്ഞി ഭരണത്തിന്റെ ജൂബിലിയാഘോഷത്തിന് വലിയൊരു സംഖ്യ സ്വരൂപിച്ചിരുന്നു. ആഘോഷപരിപാടികള്‍ കഴിഞ്ഞ് ബാക്കിവന്ന 552 രൂപ 35 പൈസ, അരയണ തുക നാട്ടില്‍ ഗ്രന്ഥശാല സ്ഥാപിക്കുന്നതിന് മാറ്റിവെയ്ക്കുകയായിരുന്നു അന്നത്തെ പ്രബുദ്ധരായ ദേശസ്‌നേഹികള്‍. 1893 ആഗസ്റ്റ് നാലിന് ഇരിങ്ങാലക്കുട ലോക്കല്‍ ഡിസ്ട്രിക്ട് സ്കൂളില്‍ അന്നത്തെ മുകുന്ദപുരം മജിസ്‌ട്രേറ്റ് ആയിരുന്ന എ. കിട്ടുണ്ണിമേനോന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇരിങ്ങാലക്കുട റീഡിംഗ് റൂം ആന്‍ഡ് ലൈബ്രറി എന്ന പേരില്‍ ഗ്രന്ഥശാല സ്ഥാപിക്കുവാന്‍ തീരുമാനിക്കുകയായി   രുന്നു. ഗ്രന്ഥശാലയുടെ ഉദ്ഘാടനം ഡിസ്ട്രിക്ട് സ്കൂളിലെ ചെറിയ മുറിയില്‍ 1893 ആഗസ്റ്റ് 15 ന് നിര്‍വഹിക്കുകയും ചെയ്തു.

35 അംഗങ്ങളുമായി തുടക്കം കുറിച്ച ആ ഗ്രന്ഥശാലയുടെ പ്രഥമ പ്രസിഡന്റായി എ. കിട്ടുണ്ണിമേനോനും സെക്രട്ടറിയായി സി.എസ്. വെങ്കിടേശ്വര അയ്യരും ചാര്‍ജെടുത്തു. ഗ്രന്ഥശാല നടത്തിപ്പിന് നിയമാവലി തയാറാക്കി. ഒരു വര്‍ഷം തികയും മുമ്പ് ചില പ്രശ്‌നങ്ങള്‍മൂലം മൂന്നുവര്‍ഷം ഗ്രാന്റ് തടയപ്പെട്ടു. ലൈബ്രറി പ്രവര്‍ത്തിച്ചുവരുന്ന സ്ഥലം സ്കൂള്‍ അധികൃതര്‍ക്ക് വിട്ടുകൊടുക്കേണ്ടതായും വന്നു. പിന്നീട് ഇരിങ്ങാലക്കുടയിലെ കൊച്ചി ഇളയതമ്പുരാന്‍ തന്റെ കോവിലകത്തിന്റെ ഒരു ഭാഗം ലൈബ്രറിക്ക് നല്‍കി സഹായിക്കുകയായിരുന്നു. 1889 ലൈബ്രറിയുടെ സ്ഥാപകദിനമായി പ്രഖ്യാപിച്ച് 1896 ഡിസംബര്‍ 18 ന് വിക്ടോറിയ ജൂബിലി റീഡിംഗ് റൂം ആന്‍ഡ് ലൈബ്രറി എന്ന പേര് സ്വീകരിച്ചു. 1927 ല്‍ 23 സെന്റ് ഗവണ്‍മെന്റ് ഭൂമി പാട്ടവ്യവസ്ഥയില്‍ കരസ്ഥമാക്കി പുതിയൊരു കെട്ടിടം നിര്‍മിച്ചു.

1929 ല്‍ കൊച്ചി ദിവാന്‍ ടി.ജി. നാരായണയ്യര്‍ പു തിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്വാതന്ത്ര്യത്തിനുശേഷം 1948 നവംബര്‍ ആറിന് വട്ടപ്പറമ്പില്‍ രാമന്‍മേനോന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മഹാത്മാഗാന്ധി റീഡിംഗ് ആന്‍ഡ് ലൈബ്രറി എന്ന പേര് സ്വീകരിച്ചു. മലയാളം, ഇംഗഌഷ്, ഹിന്ദി, സംസ്കൃതം എന്നീ ഭാഷകളിലായി മുപ്പതിനായിരത്തില്‍ പരം പുസ്തകങ്ങള്‍  ലൈ   ബ്രറിയിലുണ്ട്. കഴിഞ്ഞ 119 വര്‍ഷത്തെ യോഗങ്ങളുടെ മിനിട്‌സ് ഇവിടെ ഭദ്രമായി സൂക്ഷിച്ചീട്ടുള്ള  ഈ വായനശാലക്ക് സ്വന്തമായി 23 സെന്റ് സ്ഥലവും വായനക്കും പുസ്തകങ്ങള്‍ സൂക്ഷിക്കാനുമായി വേറെ വേറെ കെട്ടിടങ്ങളുണ്ട്. മുവായിരത്തിലധികം അംഗങ്ങളുള്ള ഗ്രന്ഥ ശാലയുടെ ഇപ്പോഴത്തെ പ്രസിഡന്റ് ബാലസാഹിത്യകാരനും, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ കെ.വി. രാമനാഥന്‍ മാസ്റ്ററാണ്.

Related posts