കോഴിക്കോട്: മഴ ശക്തിപ്രാപിച്ചതോടെ കോഴിക്കോട് ജില്ലയില്‍ പനിയും അനുബന്ധരോഗങ്ങളും വ്യാപകമായി. രോഗബാധിതരായ നിരവധി പേരാണ് നിത്യവും ആശുപത്രികളില്‍ ചികിത്സതേടുന്നത്. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് 883 പേര്‍ ഇന്നലെ മാത്രം വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സതേടി. സ്വകാര്യ ആശുപത്രികളിലെ കണക്കുകൂടി ചേര്‍ക്കുമ്പോള്‍ രോഗബാധിതരുടെ എണ്ണം മൂന്നിരട്ടിയെങ്കിലുമാകുമെന്നാണ് കരുതുന്നത്. രോഗങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയതോടെ ആരോഗ്യവകുപ്പ് ജാഗ്രത കര്‍ശനമാക്കിയിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി പുരോഗമിക്കുകയാണ്.
ജില്ലയുടെ മലയോരമേഖലയിലാണ് പകര്‍ച്ചപ്പനി വ്യാപകം. പ്രതിരോധ-ബോധവത്കരണ പ്രവര്‍ത്തനം ഊര്‍ജിതമെങ്കിലും മുക്കം, പുതുപ്പാടി, തിരുവമ്പാടി, താമരശേരി മേഖലകളില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നു. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ഇന്നലെ മാത്രം 15 പേര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സതേടി. ഇതില്‍ കൂടുതല്‍ പേരും മലയോരപഞ്ചായത്തുകളില്‍ നിന്നുള്ളവരാണ്. എലിപ്പനിയും വിവിധയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുമ്പോഴും നഗരപരിധിയിലെ തീരദേശമേഖലയില്‍ നിന്നു മലേറിയ ഭീതി ഒഴിഞ്ഞിട്ടില്ല. ഇതു വരെ ആറു കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെങ്കിലും ആരോഗ്യവകുപ്പ് ജാഗ്രത തുടരുകയാണ്, ഇതിനിടെ വയറിളക്കരോഗ ഭീതിയിലായ വടകര മേഖലയില്‍ ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. താഴെ അങ്ങാടി സ്വദേശിയായ സര്‍ജാസ് (20) ആണ് ഇന്നലെ മരിച്ചത്. ഇതോടെ വയറിളക്കത്തെ തുടര്‍ന്ന് ഈ മേഖലയില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ഇവിടെയും ആരോഗ്യവകുപ്പിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.