ജോര്‍ജ് കള്ളിവയലില്‍
ന്യൂഡല്‍ഹി: കേരളത്തില്‍ നിയമസഭാകക്ഷി നേതൃമാറ്റത്തിനു പിന്നാലെ കെപിസിസി അധ്യക്ഷ പദവിയിലും മാറ്റത്തിന് ആലോചന. മുതിര്‍ന്ന നേതാക്കള്‍, പോഷക സംഘടനാ നേതാക്കള്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരടക്കം സംസ്ഥാന കോണ്‍ഗ്രസിലെ 50 നേതാക്കളുമായി അടുത്ത മാസം എഐസിസി നടത്തുന്ന കൂടിയാലോചനയ്ക്കുശേഷമാകും മാറ്റം.
ചര്‍ച്ചയില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരനെതിരായ പൊതുവികാരം അറിയിക്കാനാണ് എംപിമാര്‍ അടക്കമുള്ള എ,ഐ നേതാക്കള്‍ ഒരുങ്ങുന്നത്. ഉമ്മന്‍ ചാണ്ടി നേരത്തെ എതിര്‍പ്പ് അറിയിച്ചിരുന്നു. കഴിഞ്ഞയാഴ്ച സോണിയാ ഗാന്ധിയെയും രാഹുല്‍ഗാന്ധിയെയും സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സുധീരനോടുള്ള എതിര്‍പ്പ് അറിയിച്ചിരുന്നു. സോണിയ ഗാന്ധി, എ.കെ. ആന്റണി, അഹമ്മദ് പട്ടേല്‍, മുകുള്‍ വാസ്‌നിക് എന്നിവരുമായി കെ.വി. തോമസ് ഇന്നലെ നടത്തിയ ചര്‍ച്ചയിലും സുധീരന്റെ കാര്യം ചര്‍ച്ചയായതായാണു സൂചന.
കെപിസിസിയിലെ സമഗ്ര അഴിച്ചുപണിയുടെ ഭാഗമായിട്ടാണു പുതിയ പ്രസിഡന്റിനെ നിര്‍ദേശിക്കുക. സുധീരനെ മാറ്റുന്നതു തെറ്റായ സന്ദേശം നല്‍കാതെ നോക്കാനായി അദ്ദേഹത്തെ എഐസിസി ജനറല്‍ സെക്രട്ടറിയായി ഡല്‍ഹിയിലേക്കു മാറ്റുന്ന കാര്യവും ഹൈക്കമാന്‍ഡ് പരിഗണിക്കും. കെപിസിസി പ്രസിഡന്റാകാന്‍ ഏറ്റവും യോഗ്യനും പൊതുസമ്മതനും ഉമ്മന്‍ ചാണ്ടി ആണെന്നു ഹൈക്കമാന്‍ഡിനും സംസ്ഥാനത്തെ നേതാക്കള്‍ക്കും ഏകാഭിപ്രായം ഉണ്ടെങ്കിലും അദ്ദേഹം ഇപ്പോള്‍ അതിനു തയാറാകില്ലെന്നാണു കരുതുന്നത്.
എന്നാല്‍, ഉമ്മന്‍ചാണ്ടി നിര്‍ദേശിക്കുന്നയാള്‍ക്കാകും ഹൈക്കമാന്‍ഡ് വലിയ പരിഗണന നല്‍കുക. ഉമ്മന്‍ ചാണ്ടിയുടെ ഭരണത്തില്‍ ഹൈക്കമാന്‍ഡിന് മതിപ്പുണ്ട്. മുതിര്‍ന്ന നേതാവായ അദ്ദേഹത്തെ ഒഴിവാക്കി തത്കാലം സംസ്ഥാനത്തു കോണ്‍ഗ്രസിനു തിരിച്ചുവരവ് എളുപ്പമാകില്ലെന്നു സോണിയയ്ക്കും ആന്റണിക്കും അറിയാം. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു ശേഷവും കെപിസിസി പ്രസിഡന്റായി വി.എം. സുധീരന്‍ തുടരുന്നതിനോട് എ, ഐ ഗ്രൂപ്പുകള്‍ക്കു ശക്തമായ എതിര്‍പ്പുണ്ട്.
നിരവധി സീറ്റുകളിലെ പരാജയത്തിനു സുധീരന്‍ ഉത്തരവാദിയാണെന്ന് ഈ വിഭാഗങ്ങളിലെ കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. തോല്‍വിയിലേക്കു നയിച്ചവര്‍ നേതൃസ്ഥാനത്തു തുടരുന്നതു ശരിയല്ലെന്ന കാരണം പറഞ്ഞാണു ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനവും യുഡിഎഫ് ചെയര്‍മാന്‍ പദവിയും പോലും നിരസിച്ചത്.
എന്നാല്‍, കെപിസിസി അധ്യക്ഷനാകട്ടെ രാജിസന്നദ്ധത പോലും പ്രഖ്യാപിച്ചില്ലെന്നു എ, ഐ ഗ്രൂപ്പുകള്‍ ചൂണ്ടിക്കാട്ടുന്നു. നിയമസഭാകക്ഷി നേതാവായി രമേശ് ചെന്നിത്തല തുടരുന്നതിനാല്‍ കെ. മുരളീധരന്‍, വി.ഡി. സതീശന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ക്കു സാധ്യതയില്ല. മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.വി. തോമസ്, കെ. സുധാകരന്‍, എം.എം. ഹസന്‍, ബെന്നി ബഹനാന്‍, എം.ഐ. ഷാനവാസ്, കെ.സി. ജോസഫ്, ടി.എന്‍. പ്രതാപന്‍ തുടങ്ങിയവരെയാകും പകരം പരിഗണിക്കുക. ഇവരില്‍ തന്നെ ചിലര്‍ക്കു പലകാരണങ്ങളാല്‍ പ്രയാസവുമാകും.
ഹൈക്കമാന്‍ഡിനു വിശ്വാസവും ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ക്കു സ്വീകാര്യതയുമുള്ള സംഘടനാ തലത്തില്‍ മികവു തെളിയിച്ച ആളായിരിക്കും സുധീരന്റെ പിന്‍ഗാമിയാകുക. ഇത്തരം പല ഘടകങ്ങള്‍ ചേരുമ്പോള്‍ കെ.വി. തോമസ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, സുധാകരന്‍, ബെന്നി ബഹനാന്‍ എന്നിവര്‍ക്കു മുന്‍ഗണന കിട്ടിയേക്കും. ഉമ്മന്‍ ചാണ്ടി ആരെ നിര്‍ദേശിക്കുമെന്നതാകും പ്രധാനകാര്യം. ഉമ്മന്‍ ചാണ്ടി നിര്‍ദേശിക്കുന്നയാളെ ഇപ്പോഴത്തെ നിലയില്‍ രമേശ് എതിര്‍ക്കാനിടയില്ല.