ആലുവ: മുന്നറിയിപ്പുകള്‍ അവഗണിച്ച അധികൃതരുടെ അനാസ്ഥയ്ക്ക് ആലുവയിലൊരു രക്തസാക്ഷി. ഓടിക്കൊണ്ടിരിക്കെ സ്കൂട്ടറിന് മുകളില്‍ മരം മറിഞ്ഞുവീണ് വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ യുവാവാണ് ഇന്നലെ മരിച്ചത്. ആലുവ എസ്.എന്‍ പുരത്ത് വാടകയ്ക്ക് താമസിക്കുന്ന അസീസി ജംഗ്ഷന്‍ ദേശത്ത് വീട്ടില്‍ കുട്ടന്റെ മകന്‍ ടി.കെ. സുരേഷിന്റെ (46)ജീവനാണ് ഇന്നലെ വൈകിട്ട് പവര്‍ഹൗസ് റോഡിലുണ്ടായ അപകടത്തില്‍ പൊലിഞ്ഞത്. റോഡിരികിലെ ജീര്‍ണിച്ച വാകമരത്തിന്റെ വലിയഭാഗം ബൈക്കില്‍ സഞ്ചരിച്ചിരുന്ന സുരേഷിന്റെ കഴുത്തില്‍ പതിക്കുകയായിരുന്നു. ചുണങ്ങംവേലി രാജഗിരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും യാത്രാമധ്യേ മരണം സംഭവിച്ചു.
അപകടാവസ്ഥയിലായിരുന്ന ഈ മരം മുറിച്ചു മാറ്റണമെന്ന് റസിഡന്റ്‌സ് അസോസിയേഷനുകള്‍ നഗരസഭയോടും പൊതുമരാമത്ത് അധികൃതരോടും രേഖാമൂലം ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ അധികൃതര്‍ ഈ മുന്നറിയിപ്പു അവഗണിച്ചതാണ് അപകടത്തിന് കാരണം.നാട്ടുകാരുടെ പരാതികള്‍ ജനപ്രതിനിധികളും കണ്ടില്ലെന്ന് നടിച്ചതിന് വില നല്‍കേണ്ടി വന്നത് ഒരു യുവാവിന്റെ ജീവനാണ്. ആലുവ പവര്‍ ഹൗസ് റോഡില്‍ ഗുല്‍മോഹര്‍ മരം നാട്ടുകാരുടെ ജീവന് ഭീഷണിയാണെന്ന് പരാതി ഉയരാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. കഴിഞ്ഞ നഗരസഭ കൗണ്‍സിലിലും മരം മുറിച്ച് മാറ്റണമെന്ന ആവശ്യം ശക്തമായിരുന്നു. നൂറുകണക്കിന് യാത്രക്കാര്‍ നിത്യവും കടന്നുപോകുന്ന റോഡിലേക്ക് ചരിഞ്ഞ് നിന്നിരുന്ന ഈ മരത്തിന് കരുത്തോ കാര്യമായ വേരുകളോ ഉണ്ടായിരുന്നില്ല.
പ്രദേശത്തെ റസിഡന്റ്‌സ് അസോസിയേഷനുകള്‍ മരത്തിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി നഗരസഭയുടെ വാര്‍ഡ് സമിതി യോഗങ്ങളിലും മരം മുറിച്ചു മാറ്റുന്നതിന് നാട്ടുകാര്‍ അപേക്ഷ നല്‍കിയിരുന്നതാണ്. എന്നാല്‍, മരം മുറിക്കാന്‍ അനുമതി ലഭിച്ചില്ലെന്ന കാരണം പറഞ്ഞ് അധികൃതര്‍ ഒഴിഞ്ഞുമാറുകയായിരുന്നു. ആലുവ റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനത്തിന് മുന്നിലെ ഇത്തരത്തിലൊരു മരം കഴിഞ്ഞ ദിവസം രാത്രി കൂറ്റന്‍ ട്രെയിലറിന് മുകളിലേക്ക് ഒടിഞ്ഞുവീണത് വന്‍ ഗതാഗത കുരുക്കിനിടയാക്കിയിരുന്നു.
വഴിയരികിലെ മരം മറിഞ്ഞു വീണ് സ്കൂട്ടര്‍ യാത്രികന്‍ മരിച്ച സംഭവത്തില്‍ മരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗം എന്‍ജിനീയര്‍മാര്‍ക്കെതിരെ കൊലകുറ്റത്തിന് കേസെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മരിച്ച സുരേഷിന്റെ ദരിദ്ര കുടുംബത്തെ സര്‍ക്കാര്‍ അടിയന്തരമായി സഹായിക്കണമെന്നും ഈ തുക അപകടത്തിന് ഉത്തരവാദികളായി ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
അതേസമയം, സുരേഷിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം ലഭ്യമാക്കാന്‍ തിങ്കളാഴ്ച വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ അറിയിച്ചു. നിയോജക മണ്ഡലത്തിലെ അപകടാവസ്ഥയിലുള്ള മുഴുവന്‍ മരങ്ങളും മുറിച്ച് മാറ്റാനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും എംഎല്‍എ പറഞ്ഞു. ആലുവ ജില്ലാ ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. നഗരത്തിലെ ടുവീലര്‍ വര്‍ക്ക് ഷോപ്പിലെ ജീവനക്കാരനായതുകൊണ്ട് സുരേഷിന് വലിയ സഹൃദവലയം തന്നെയുണ്ട്. സംഭവമറിഞ്ഞ് വീട്ടിലും ആശുപത്രിയിലും ധാരാളം പേരാണെത്തിയത്. കുട്ടപ്പന്റെയും വിലാസിനിയുടെയും മകനാണ് മരിച്ച സുരേഷ്. ഭാര്യ : സിനി. മക്കള്‍: ആലുവ വിദ്യാദിരാജ് വിദ്യാഭവന്‍ വിദ്യാര്‍ഥികളായ നീരജ, നിഖില. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് ആലുവയിലെ പൊതുശ്മശാനത്തില്‍ സംസ്കാരം നടത്തും.