പാലക്കാട്: അമരവിള, ആര്യങ്കാവ്, വാളയാര്‍, മുത്തങ്ങ, മഞ്ചേശ്വരം എന്നീ അഞ്ചു പ്രധാന ചെക്ക്പോസ്റ്റുകളില്‍ സ്കാനര്‍ സ്ഥാപിക്കുമെന്ന് എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗ് പറഞ്ഞു. സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുമായുള്ള മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഞ്ചാവു പരിശോധനയ്ക്കും മദ്യപിച്ചു വാഹനമോടിക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ നിലവില്‍ എക്സൈസ് വകുപ്പിന് അധികാരമില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അധികാരം കിട്ടിയാല്‍ തുടര്‍ന്നുള്ള പ്രവര്‍ത്തനം വളരെ കര്‍ശനമാകും. ഒരു കിലോയില്‍ താഴെ കഞ്ചാവുമായി പിടിയിലാകുന്നവര്‍ക്കും ഇനിമുതല്‍ ജാമ്യം അനുവദിക്കില്ല.
കഴിഞ്ഞ പത്തുദിവസത്തെ കര്‍മപരിപാടിയില്‍ ജില്ലയില്‍ 1000 അബ്കാരി കേസുകള്‍ പിടിച്ചു. ഇതില്‍ 1212 പേരെ അറസ്റ്റു ചെയ്തു. 97 ആന്റി നാര്‍ക്കോട്ടിക് കേസ് പിടിച്ചു. ഇതില്‍ 100 പേരെ അറസ്റ്റുചെയ്തു. 100 ലിറ്റര്‍ സ്പിരിറ്റ് ജില്ലയില്‍നിന്നു പത്തുദിവസത്തിനുള്ളില്‍ പിടിച്ചെടുത്തെന്നും അദ്ദേഹം പറഞ്ഞു.
പാന്‍മസാല, കഞ്ചാവ് തുടങ്ങിയ ലഹരികടത്തിനും ഉപയോഗത്തിനും എതിരെ കര്‍ശന നടപടി കൊണ്ടുവരും. സ്കൂള്‍, കോളജ് പരിസരങ്ങളിലെ പെട്ടിക്കടകളില്‍ വില്‍ക്കുന്ന പാന്‍മസാലകള്‍ പൂര്‍ണമായും നിരോധിക്കും. പിടിക്കപ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പാന്‍മസാലകള്‍ പൂര്‍ണമായും നിരോധിക്കുന്നതിന്റെ ഭാഗമായി സ്കൂളുകളിലും കോളജുകളിലും ബോധവത്കരണവും ഫിലിം പ്രദര്‍ശനവും നടത്തുകയും പരാതിപ്പെട്ടികള്‍ സ്ഥാപിക്കുകയും ചെയ്യും.
വ്യാജമദ്യ ഉപയോഗം രൂക്ഷമായ അട്ടപ്പാടിയില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനം നടത്തും. വാളയാര്‍ ചെക്ക്പോസ്റ്റിലെ അനധികൃത ഇടപാടുകളും മറ്റും ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടിയെടുക്കും. ചെക്പോസ്റ്റുകളുര്െ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും. പൊതുജനങ്ങള്‍ക്ക് പരാതികള്‍ 9447178061 എന്ന നമ്പറില്‍ നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.