ഷൂട്ടൗട്ടില്‍ പോളണ്ടിനെ വീഴ്ത്തി പോര്‍ച്ചുഗല്‍ സെമിയില്‍

sp-portugelബാഴ്‌സിലെ: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ യൂറോ കപ്പ് ഫുട്‌ബോളിന്റെ സെമിയില്‍. ആവേശകരമായ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പോളണ്ടിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-3ന് തോല്‍പിച്ചാണ് പറങ്കിപ്പട മുന്നേറിയത്. നിശ്ചിതസമയത്തും അധിക സമയത്തും ഇരുടീമും ഒരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു നീളുകയായിരുന്നു. ഷൂട്ടൗട്ടില്‍ പോളീഷ് താരം ബ്ലാസ്കിയോവസ്കി കിക്ക് പഴാക്കിയതോടെ മത്സരം പോര്‍ച്ചുഗല്‍ ജയിക്കുകയായിരുന്നു.

പോളണ്ടിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. രണ്ടാം മിനിറ്റില്‍ പോര്‍ച്ചുഗലിനെ ഞെട്ടിച്ച് പോളീഷ് സൂപ്പര്‍ താരം റോബേര്‍ട്ട് ലെവന്‍ഡോസ്കി ആദ്യ ഗോള്‍ നേടി. യൂറോകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ഗോളാണിത്. ഗോള്‍വഴങ്ങിയതോടെ പോര്‍ച്ചുഗല്‍ ഉണര്‍ന്നു. 33-ാം മിനിറ്റില്‍ റെനാറ്റൊ സാഞ്ചസിലൂടെ പോര്‍ച്ചുഗല്‍ തിരിച്ചടിച്ചു. നാനിയുടെ പാസില്‍ നിന്നാണ് സാഞ്ചസ് വലകുലുക്കിയത്.

വിജയഗോളിനായി ഇരുടീമും കിണഞ്ഞു പരിശ്രമിച്ചതോടെ അത്യന്തം ആവേശകരമായി രണ്ടാം പകുതി. 84-ാം മിനിറ്റില്‍ ലെവന്‍ഡോസ്കി മികച്ച അവസരം നഷ്ടപ്പെടുത്തി. പിന്നാലെ റൊണാള്‍ഡോയും അവസരം പഴാക്കി. റൊണാള്‍ഡോയുടെ ഷോട്ട് പോസ്റ്റിനു പുറത്തേക്ക് പോയി. ഇതിനിടെ പോര്‍ച്ചുഗല്‍ ജോ മറിയോക്ക് പകരം ക്വറെസ്മയെ ഇറക്കി. മികച്ച മുന്നേറങ്ങളുമായി ഇരുടീമും മുന്നേറിയെങ്കിലും ഗോള്‍ നേടാനായില്ല. നിശ്ചിത സമയത്ത് ഇരുടീമിനും ഗോള്‍ നേടാന്‍ സാധിക്കാഞ്ഞതിനെ തുടര്‍ന്ന് മത്സരം എക്‌സ്ട്രാ ടൈമിലേക്ക്. എന്നാല്‍ അധിക സമയത്തും അവസരങ്ങള്‍ മുതലാക്കാന്‍ സാധിക്കാതെ പോയതോടെ മത്സരം ഷൂട്ടിലേക്ക് നീണ്ടു.

അത്യന്തം ആവേശം നിറഞ്ഞ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ആദ്യം കിക്കെടുത്തത് റൊണാള്‍ഡോ ആയിരുന്നു. എന്നാല്‍ റൊണാള്‍ഡോയ്ക്ക് പിഴച്ചില്ല. പിന്നാലെ പോളീഷ് താരം ലെവന്‍ഡോസ്കിയും പന്ത് കൃത്യമായി വലയിലെത്തിച്ചു. പിന്നാലെ വന്നവരും പന്ത് ലക്ഷ്യത്തിലെത്തിച്ചു. എന്നാല്‍ നാലാം കിക്ക് എടുക്കാന്‍ എത്തിയ പോളീഷ് താരം ബ്ലാസ്കിയോവസ്കിയുടെ ഷോട്ട് ഗോളി തടഞ്ഞിട്ടതോടെ പോര്‍ച്ചുഗല്‍ സെമിഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു.

Related posts