തളിപ്പറമ്പ്: തളിപ്പറമ്പില്‍ കൂടുതല്‍ കോടതികള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്കായി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.ടി. രവികുമാര്‍ തളിപ്പറമ്പ് കോടതിയില്‍ സന്ദര്‍ശനം നടത്തി. ഇന്നലെ ഉച്ചയോടെ എത്തിയ അദ്ദേഹം കോടതി സമുച്ചയം പരിശോധിച്ചു. തളിപ്പറമ്പില്‍ പുതിയ സബ്കോടതിയും അഡീഷണല്‍ ജില്ലാ കോടതിയും അനുവദിക്കണമെന്നു ശക്തമായ ആവശ്യം ഉയര്‍ന്നുവന്നതിനെ തുടര്‍ന്നാണു ജസ്റ്റിസ് രവികുമാര്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം തളിപ്പറമ്പിലെത്തിയത്.
കണ്ണൂരിലെത്തിയ ഇദ്ദേഹത്തെ നേരില്‍കണ്ട് തളിപ്പറമ്പ് ബാര്‍ അസോസിയേഷന് പ്രതിനിധികളായ പി.വി. ശ്രീധരന് നമ്പ്യാര്‍, ഡെന്നി ജോര്‍ജ്, കെ. ബാലകൃഷ്ണന് നമ്പ്യാര്‍, എം.ജെ. സെബാസ്റ്റ്യന്‍, എം.സി. രാമചന്ദ്രന്, മാര്ട്ടിന് തോമസ്, പി.ബി. മനോജ്, വി.എം. ബാലകൃഷ്ണന് നമ്പീശന്, വി.എ. സതീഷ് എന്നിവര്‍ ചര്‍ച്ച നടത്തിയിരുന്നു. അതിനുശേഷമാണു തളിപ്പറമ്പ് കോടതി സന്ദര്‍ശിച്ചത്. എംഎസിടി ജഡ്ജ് എം. അഹമ്മദ്കോയ, മുന്‍സിഫ് ബി. കരുണാകരന് എന്നിവര്‍ ഹൈക്കോടതി ജഡ്ജിയെ സ്വീകരിച്ചു.