കാപ്പുകാട് ആനപുനരധിവാസ കേന്ദ്രത്തില്‍ ഒരു കുട്ടിക്കൊമ്പന്‍ കൂടിയെത്തി

TVM-AANAകാട്ടാക്കട : പാലക്കാട്ടെ മണ്ണാര്‍കാട് വനത്തില്‍ നിന്നും എത്തിയ മൂന്നരമാസം പ്രായമുള്ള കൊമ്പന് കാപ്പുകാട് ആനപുനരധിവാസ കേന്ദ്രത്തില്‍ ചികിത്സ. പരിക്കുകളുടെ വേദനയിലും ഇണങ്ങിയും പിണങ്ങിയും വികൃതികാട്ടിയും പാപ്പാനോട് അനുസരണക്കേട് കാട്ടിയും കഴിയുന്ന കുട്ടിക്കൊമ്പന്‍ കേന്ദ്രത്തില്‍ എല്ലാ വരുടെയും കണ്ണിലുണ്ണിയായി മാറി. നെയ്യാര്‍ തീരത്തെ കാപ്പുകാട് ആന പനരധിവാസ കേന്ദ്രത്തില്‍ കേവലം മൂന്നര മാസം മാത്രം പ്രായമുള്ള പിടിയാന എത്തിയിട്ട് അധികം നാളുകളായിട്ടില്ല. തന്നെ കാട്ടില്‍ നിന്നും മാറിയുള്ള സാഹചര്യവുമായി പൊരുത്തപ്പെട്ട് വരുന്നതേയുള്ളു.

പാലക്കാട് മണ്ണാര്‍ക്കാട് റെയിഞ്ചിലെ പാമ്പന്‍തോട് കോളനിക്ക് അടുത്തുനിന്നുമാണ് ആനക്കുട്ടിയെ കിട്ടിയത്. തലയിലും പുറത്തുമായി നിരവധി മുറിവുകളോടെയാണ് ആനക്കുട്ടിയെ കാണുന്നതും അതിനെ റെയിഞ്ചോഫീസില്‍ എത്തിക്കുന്നതും. തുടര്‍ന്ന് പ്രാഥമികമായ ചികിത്സ നല്‍കി കാപ്പുകാട്ടില്‍ എത്തിക്കുകയായിരുന്നു. ഇവിടെ എത്തിച്ചശേഷം പ്രത്യേക ചികില്‍സയാണ് ഒരുക്കിയിരിക്കുന്നത്. വെറ്റിറിനറി ഡോക്ടറുടെ ദിനം പ്രതിയുള്ള സന്ദര്‍ശനം, ദിവസവും പ്രത്യേകം ഭക്ഷണം, മരുന്ന് , പരിചരണം തുടങ്ങി എല്ലാം നല്‍കിയതിനാല്‍ ശരീരത്തിലെ മുറിവുകള്‍ ഭേദമായി വരുന്നു. പൂര്‍ണ സുഖം പ്രാപിച്ച ശേഷം മാത്രമേ സന്ദര്‍ശകരെ കൊമ്പനെ കാണാന്‍ അനുവദിക്കൂ എന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുനില്‍ മഹാദേവന്‍ പറഞ്ഞു.

ചികിത്സയ്ക്കിടയിലും കുട്ടിക്കൊമ്പന്‍ പരിഭവം കാട്ടും. ആഹാരം കഴിയ്ക്കാതെ ഇരിക്കും. പാപ്പാന്‍ എത്തി വിരട്ടുമ്പോള്‍ പിന്നെ ആഹാരം കഴിയ്ക്കും. കാട്ടില്‍ നിന്നും മാറിയതിന്റെ ചൊരുക്ക് മാറാത്തതിനാലാണ് ഇതെന്ന് പാപ്പാന്‍ പറഞ്ഞു. എന്തായാലും കാപ്പുകാട്ടിലെ ഈ അതിഥി ഹരമായി മാറുകയാണ്.ഇപ്പോള്‍ കാപ്പുകാട്ടില്‍ 11 ആനകളാണ് ഉള്ളത്. കൊമ്പനന്റെ വരവോടെ എണ്ണം 12 ആയി. കാപ്പുകാട്ടെ ആന പുനരധിവാസ കേന്ദ്രത്തില്‍ താമസിയാതെ തന്നെ പുതിയ അതിഥികള്‍ എത്തുമെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. ഇതിനായി കൂടുകള്‍ ഉള്‍പ്പടെ നിര്‍മിച്ചു വരികയാണ്.

Related posts