ആന ഡോക്യുമെന്ററി; മലയാള സംസ്കാരത്തെ വിറ്റു കാശാക്കുന്നു: ഡോ. പി.ബി.ഗിരിദാസ്

tcr-aanaതൃശൂര്‍: നാട്ടാന പീഡനത്തിനെതിരെയുള്ള ‘ഗോഡ്‌സ് ഇന്‍ ഷാക്കിള്‍സ്’ ഡോക്യുമെന്ററി മലയാള സംസ്കാരത്തെ വഞ്ചിച്ച് പണമുണ്ടാക്കാനുള്ള തന്ത്രമാണെന്ന് വെറ്ററിനറി ഡോക്ടറും ആന ചികിത്സകനുമായ ഡോ. പി.ബി.ഗിരിദാസ് പറഞ്ഞു. താനടക്കമുള്ള വരുടെ അഭിപ്രായങ്ങള്‍ ചോദിച്ചറിഞ്ഞ് അത് തെറ്റായ രീതിയില്‍ അവതരിപ്പിച്ച് കേരളത്തില്‍ ആനകളെ ഉത്സവങ്ങള്‍ക്കും തൃശൂര്‍ പൂരമുള്‍പ്പെടെയള്ള ചടങ്ങുകളില്‍ ക്രൂരമായി ഉപദ്രവിക്കുകയാണെന്ന തെറ്റായ സന്ദേശം നല്‍കി വിദേശങ്ങളില്‍ നിന്നടക്കം പണം വാരിക്കൂട്ടുകയാണ് മലയാളി കൂടിയായ ഡയറക്ടര്‍ സംഗീത അയ്യര്‍ ചെയ്യുന്നതെന്ന് ഗിരിദാസ് വ്യക്തമാക്കി.

ഉള്ള കാര്യങ്ങള്‍ പറയാതെ ആനകളെ വളര്‍ത്തുന്നവരെയും ദേവസ്വങ്ങളെയും അടച്ചാക്ഷേപിക്കുന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. നിയമസഭാ സാമാജികരെയടക്കം തെറ്റിദ്ധരിപ്പിച്ചാണ് ഇവര്‍ കേരളത്തില്‍ ഡോക്യുമെന്ററി പ്രദര്‍ശനവുമായി നടക്കുന്നത്. തൃശൂര്‍ പൂരത്തിന് ആനകളെ ഇത്രയ്ക്കും സുരക്ഷിതമായും സൗകര്യങ്ങളൊരുക്കിയും നിര്‍ത്തുന്നത് കേരളത്തിലെവിടെയും ഉണ്ടാകില്ല. എന്നാല്‍ ഇതടക്കം ക്രൂരതയാണെന്ന് കാണിക്കാനാണ് ഡോക്യുമെന്ററിയിലൂടെ ശ്രമിക്കുന്നത്.

ആനകളെ തിരിച്ച് കാട്ടിലേക്ക അയയ്ക്കണമെന്ന് പറയുന്നതില്‍ യാതൊരു ന്യായവുമില്ല. ആനകള്‍ കാട്ടില്‍ ജീവിക്കുന്നതിലും നല്ലനിലയിലാണ്് നാട്ടില്‍ വളര്‍ത്തുന്നത്. ആനകള്‍ക്ക് ചങ്ങലയിടാതെ നടത്താനാകില്ല. ഇവിടെ വളര്‍ത്തുന്ന നായകള്‍ക്കടക്കം ചങ്ങലയിട്ടാണ് വളര്‍ത്തുന്നത്. സുരക്ഷയുടെ ഭാഗമായാണ് ഇതൊക്കെ ചെയ്യുന്നത്. മലയാളികളുടെ സംസ്കാരത്തെ തെറ്റായി വ്യാഖ്യാനിച്ച് ലോകമെമ്പാടും മലയാളികളെ മോശക്കാരാക്കി ചിത്രീകരിക്കുകയാണ് ഡോക്യുമെന്ററിയിലൂടെ ചെയ്തിരിക്കുന്നതെന്നും ഡോ. ഗിരിദാസ് പറഞ്ഞു.

Related posts