ആ പരിപാടി വേണ്ട! ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതും മറ്റു കമ്പനികളെ താഴ്ത്തിക്കെട്ടുന്നതുമായ പരസ്യങ്ങള്‍ പ്രചരിപ്പിക്കുന്നു; പതഞ്ജലി പരസ്യങ്ങള്‍ക്കെതിരേ വീണ്ടും പരാതി

pathanjaliന്യൂഡല്‍ഹി: പതഞ്ജലി ആയുര്‍വേദിക്കിന്റെ ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ക്കെതിരേ പരസ്യ റെഗുലേറ്റര്‍ അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (എഎസ്‌സിഐ). ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതും മറ്റു കമ്പനികളെ താഴ്ത്തിക്കെട്ടുന്നതുമായ പരസ്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നാണ് വീണ്ടും പരാതിയുയര്‍ന്നത്. ഈ വര്‍ഷം ഏപ്രിലിലും ഇത്തരത്തിലുള്ള പരസ്യങ്ങള്‍ പിന്‍വലിക്കണമെന്ന് എഎസ്‌സിഐ പതഞ്ജലിയോട് നിര്‍ദേശിച്ചിരുന്നു.

പതഞ്ജലിയുടെ കാച്ചി ഘാനി മസ്റ്റാര്‍ഡ് ഓയിലിനെതിരേയാണ് ഏറ്റവും അധികം പരാതികള്‍ എഎസ്‌സിഐയുടെ കണ്‍സ്യൂമര്‍ കംപ്ലെയ്ന്റ്‌സ് കൗണ്‍സിലിന്റെ മുന്നിലെത്തിയത്. മറ്റു കമ്പനികളുടെ ഉത്പന്നം മോശമാണെന്നു വരുത്തിത്തീര്‍ക്കും വിധത്തിലുള്ള പരസ്യങ്ങളാണ് പതഞ്ജലി അവതരിപ്പിച്ചിരുന്നത്. പതഞ്ജലിയുടെ ഫ്രൂട്ട് ജ്യൂസ്, കാലിത്തീറ്റ, ടൂത്ത് പേസ്റ്റ് എന്നിവയുടെ പരസ്യങ്ങള്‍ക്കെതിരേയും പരാതിപ്രളയമാണ്.

നിസാന്‍ മോട്ടോഴ്‌സ്, ടാറ്റാ മോട്ടോഴ്‌സ്, ആമസോണ്‍, കോള്‍ഗേറ്റ്-പാമൊലിവ്, പ്രോക്ടര്‍ ആന്‍ഡ് ഗാംബിള്‍ ഹൈജീന്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഐഡിയ സെല്ലുലാര്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയ്‌ക്കെതിരേയും പരാതികളുണ്ട്. ട്രാഫിക് ബ്ലോക്കിനിടെ ഫുട്പാത്തിലൂടെ സ്കൂട്ടര്‍ ഓടിക്കുന്ന അപ്പോളോ ടയേഴ്‌സിന്റെ പരസ്യത്തിനെതിരേയും എഎസ്‌സിഐ നടപടിയെടുത്തിട്ടുണ്ട്. ട്രാഫിക് നിയമലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി.

Related posts