മങ്കൊമ്പ്: അതിരൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന വെളിയനാട് ഗ്രാമപഞ്ചായത്തില്‍ അടിയന്തരമായി കുടിവെള്ളം എത്തി ക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ എസി റോഡ് ഉപരോധിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.പി. സജീവിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും സ്ത്രീകളടക്കമുള്ള നാട്ടുകാരും ഉപരോധസമരത്തില്‍ പങ്കെടുത്തു.
നൂറോളം പേരടങ്ങുന്ന നാട്ടുകാര്‍ കിടങ്ങറ ജംഗ്ഷനില്‍നിന്നും പ്രകടനമായെത്തി ബസാറിലെ വാട്ടര്‍ അഥോറിറ്റി ഓഫീസിനു സമീപത്താണ് റോഡ് ഉപരോധിച്ചത്. സമരത്തെ തുടര്‍ന്നു അരമണിക്കൂറോളം എസി റോഡില്‍ ഗതാതതം സ്തംഭിച്ചു. വെളിയനാട്ടേക്ക് കുടിവെള്ളമെത്തിക്കുന്ന പൈപ്പുലൈന്‍ തകര്ന്നിനെത്തുടര്ന്നു കഴിഞ്ഞ ആറുമാസമായി വെളിയനാട് പഞ്ചായത്തിലേക്കു കുടിവെള്ളം എത്തിയിരുന്നില്ല. കഴിഞ്ഞ കുട്ടനാട് താലൂക്ക് വികസനസമിതി യോഗത്തില്‍ ഈ വിഷയം അവതരിപ്പിച്ചിരുന്നു.
ഇതിനു അടിയന്തരപരിഹാരം കാണുമെന്ന് ജലവിഭവ മന്ത്രി ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഉറപ്പു ലഭിച്ച് ഒരുമാസം കഴിഞ്ഞിട്ടും നടപടിയാകാഞ്ഞതിനെത്തുടര്ന്നാണു നാട്ടുകാര്‍ സമരത്തിനിറങ്ങിയത്. വാട്ടര്‍ അഥോറിട്ടിയുടെയും കെഎസ്ടിപിയുടെയും അനാസ്ഥ അവസാനിപ്പിക്കണമെന്നും പൈപ്പിന്റെ അറകുറ്റപ്പണികള്‍ നടത്തി വെളിയനാട് പഞ്ചായത്തിലേക്ക് കുടിവെള്ളമെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.
പ്രശ്നത്തിന് ഉടന്‍ പരിഹാരമാകാത്തപക്ഷം എംസി റോഡ് ഉപരോധിക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പു നല്കി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സമ്മ പുലിക്കൂട്ടില്‍, അംഗങ്ങളായ സാബു തോട്ടുങ്കല്‍, ഔസേപ്പച്ചന് ചെറുകാട്, ശോഭനാ കുമാരി, ടി.വി. ബിജു, എസ്. കമലമ്മ, കനകമ്മ ചെമ്മരപ്പള്ളി, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളായ ജോണി പത്രോസ്, ബിജോമോന്‍ പുത്തന്‍കളം, കെ. സജീവ്, ഡി. ഹരിലാല്‍, രാജേഷ് ചാലുങ്കല്‍, ഷാജി ചെറുകാട് തുടങ്ങിയവര്‍ നേതൃത്വം നല്കി.