നെന്മാറ: ഒരു കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ പിടികൂടി. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നെന്മാറ പോലീസും സംയുക്തമായി നടത്തിയ പരിശോധനക്കിടെയാണ് പ്രതികൾ കുടുങ്ങിയത്.
എലവഞ്ചേരി പറശ്ശേരി സ്വദേശി ദീപു (26), നെന്മാറ തേവർമണി അയ്യപ്പൻപാറ സ്വദേശി പ്രവീണ്‍ (20 ) എന്നിവരെയാണ് നെന്മാറ പഴയ ഗ്രാമത്തിൽ വെച്ച് പിടികൂടിയത്.
ഇവർ സഞ്ചരിച്ച ബൈക്കും, പ്ലാസ്റ്റിക് ബാഗിൽ സൂക്ഷിച്ച ഒരു കിലോഗ്രാം കഞ്ചാവും പോലീസ് കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത കഞ്ചാവിന് ഒരു ലക്ഷം രൂപയോളം വിലവരും.
സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ജില്ലാടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.
പാലക്കാട് ജില്ല പോലീസ് മേധാവി ശിവവിക്രത്തിന്റെ നിർദ്ദേശത്തെത്തുടർന്ന് നർകോട്ടിക് സെൽ ഡിവൈഎസ്പി. സി.സി. ശ്രീനിവാസൻ, ആലത്തൂർ ഡിവൈഎസ്പി കെ.എം ദേവസ്യ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
നെന്മാറ, അയിലൂർ , വടക്കഞ്ചേരി മലയോര മേഖല കേന്ദ്രീകരിച്ച് ചില്ലറ വിൽപനക്കാർക്ക് കൈമാറാൻ കൊണ്ടു വന്ന കഞ്ചാവാണ് പിടികൂടിയത്. ലോക് ഡൗണ്‍ തുടങ്ങിയതോടെ കഞ്ചാവ് കിട്ടാതാവുകയും വില ഇരട്ടിയിലധികമാവുകയും ചെയ്തു.
മീൻ , പച്ചക്കറി, മറ്റു ചരക്കു വാഹനങ്ങളിലാണ് കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നത്. ഉൗടുവഴികളിലൂടെ ഇരുചക്ര വാഹനങ്ങളിലും കഞ്ചാവ് കടത്തുന്നതായി സൂചനകൾ ലഭിച്ചിട്ടുണ്ട്. പ്രതികൾക്ക് കഞ്ചാവ് കേസും, അടിപിടി കേസും നിലവിലുണ്ട്.