പാലക്കാട്: ജില്ലാ ആശുപത്രിയിൽ മൃതദേഹം മാറി നൽകിയ സംഭവത്തിൽ പിരിച്ചുവിട്ട താത്ക്കാലിക നഴ്സുമാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് നഴ്സുമാരും ജീവനക്കാരും പ്രതിഷേധ സമരം നടത്തി.
സംഭവത്തിൽ യഥാർഥ കുറ്റക്കാരെ ശിക്ഷിക്കാതെ നഴ്സുമാരെ ബലിയാടാക്കാനുള്ള തീരുമാനം പുനപരിശോധിക്കാത്തപക്ഷം പണിമുടക്ക് ഉൾപ്പെടെ സമര പരിപാടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് നഴ്സുമാർ പറയുന്നു.
ജില്ലാ ആശുപത്രിയിൽ അട്ടപ്പാടി സ്വദേശിയായ ആദിവാസി യുവതിയുടെ മൃതദേഹം മാറി നൽകിയ സംഭവത്തിൽ സ്വീകരിച്ച നടപടിയിൽ അപാകതയുണ്ടായതായും മേധാവികൾ പറഞ്ഞതനുസരിച്ച് മാത്രമാണ് പ്രവർത്തിച്ചതെന്നും നഴ്സുമാർ ആരോപിക്കുന്നു.
ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി അഞ്ച് താത്ക്കാലിക ജീവനക്കാരെ പിരിച്ചു വിടുകയും ഒരു അറ്റൻഡറെ സസ്പെന്റ് ചെയ്തുവെങ്കിലും മോർച്ചറിയുടെ ചുമതലയുള്ള ആർഎംഒ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടിയെടുക്കാതെ സ്ഥിരം ജീവനക്കാരെ രക്ഷിക്കാനുള്ള ശ്രമം നടത്തുകയായിരുന്നു.
ആശുപത്രി സൂപ്രണ്ടിന്റെ ഏകപക്ഷീയമായ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് ഇന്നലെ രാവിലെ ആശുപത്രിക്ക് മുന്നിൽ നഴ്സുമാരും ജീവനക്കാരും സൂചനാ സമരം നടത്തിയത്.
അതേസമയം അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ആരോഗ്യവകുപ്പിന്റെ പരിഗണനയിലുണ്ടെന്നും കൂടുതൽ നടപടിക്ക് സാധ്യതയുണ്ടെന്നുമാണ് ആശുപത്രി സൂപ്രണ്ട് പറയുന്നത്.