മുന്നു മന്ത്രിമാരും 13 എംഎല്‍എമാരും; എല്‍ഡിഎഫിന്റെ കന്നി ബജറ്റില്‍ തൃശൂര്‍ മെഡിക്കല്‍കോളജിന് അവഗണന

ktm-thomas-isaacമുളങ്കുന്നത്തുകാവ്: മൂന്നു മന്ത്രിമാരുള്ള തൃശൂര്‍ ജില്ലയില്‍ ഗവ. മെഡിക്കല്‍കോളജിന് എല്‍ഡിഎഫിന്റെ കന്നി ബജറ്റില്‍ അവഗണന. മലപ്പുറം, തൃശൂര്‍, എറണാകുളം, പാലക്കാട് ജില്ലകളിലെ സാധാരണക്കാരായ രോഗികളുടെ ഏക ആശ്രയമായ ഗവ. മെഡിക്കല്‍കോളജിനാണ് അര്‍ഹമായ പ്രാധാന്യം ലഭിക്കാതെ പോയത്. ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തരമായി പരിഹാരം കാണേണ്ട നിരവധി കാര്യങ്ങള്‍ ഉള്ളപ്പോഴാണ് കാര്യമായ ഒരു നീക്കിയിരിപ്പും ഇല്ലാതെ പോയതെന്നാണ് ആക്ഷേപം. ആതുരശുശ്രൂഷയുടെ പേരില്‍ സംസ്ഥാനത്തിനു മൊത്തം 100 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പിഎച്ച്‌സി മുതല്‍ മറ്റു ഇതര മെഡിക്കല്‍കോളജുകള്‍ക്കായി ഫണ്ടുകള്‍ മാറ്റിവയ്ക്കുമ്പോള്‍ തൃശൂരിന് കാര്യമായി ഒന്നും ലഭിക്കില്ലെന്നാണ് സൂചന.

ബജറ്റിനുമുമ്പ് ആരോഗ്യമന്ത്രിയും ആരോഗ്യ സെക്രട്ടറിയും അടങ്ങുന്ന സംഘം എല്ലാ ഗവ. മെഡിക്കല്‍കോളജുകളും സന്ദര്‍ശിച്ച് ബജറ്റില്‍ ഉള്‍ക്കൊള്ളിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ആവശ്യമായ പഠനം നടത്തിയിരുന്നു. തൃശൂരില്‍ സന്ദര്‍ശനം നടത്തി കാര്യങ്ങള്‍ വിലയിരുത്താന്‍ മന്ത്രിയും സംഘവും ശ്രമിച്ചില്ല. എല്‍ഡിഎഫിന് 13 എംഎല്‍മാരും ജില്ലയിലുണ്ട്. തൃശൂര്‍ മെഡിക്കല്‍കോളജിനായി ഇവരുടെ ഭാഗത്തുനിന്നും കാര്യമായ ശ്രമങ്ങള്‍ നടന്നില്ലെന്നും മെഡിക്കല്‍കോളജ് സ്ഥിതിചെയ്യുന്ന വടക്കാഞ്ചേരി മണ്ഡലത്തില്‍നിന്നുള്ള ജില്ലയിലെ ഏക യുഡിഎഫ് എംഎല്‍എയും നിഷ്ക്രിയനായെന്നും ആക്ഷേപമുണ്ട്. മധ്യകേരളത്തിലെ ഏക കാന്‍സര്‍ ചികിത്സാകേന്ദ്രമായ ഇവിടുത്തെ കാന്‍സര്‍ ചികിത്സാകേന്ദ്രം അവഗണനയിലാണ്. മിനി ആര്‍സിസി ആക്കുമെന്നുള്ള പ്രഖ്യാപനം നിലനില്ക്കുന്നുണ്ടെങ്കിലും അതിനുള്ള തുടര്‍നടപടികള്‍ എങ്ങുമെത്തിയില്ല.

കേടുവന്നു കിടക്കുന്ന റേഡിയേഷന്‍ യന്ത്രം, ചികിത്സ വിപുലീകരിക്കുന്നതിനുള്ള പദ്ധതികള്‍, പുതിയ ആശുപത്രിയിലെ സിടി സ്കാന്‍, കാത്ത് ലാബ്, പാരാമെഡിക്കല്‍ കോളജ്, വെള്ളത്തിനുള്ള തുടര്‍നടപടികള്‍, ഡോക്്ടര്‍മാര്‍ അടക്കമുള്ളവരുടെ ഒഴിവുനികത്തല്‍ എന്നിങ്ങനെ നീളുന്ന അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് വകയിരുത്താന്‍ സര്‍ക്കാരിനു കഴിയാത്തതില്‍ കോളജ് അധികൃതര്‍ക്കും അതൃപ്തിയുണ്ട്. ബജറ്റില്‍ വകയിരുത്തിയ 100 കോടി രൂപയില്‍നിന്നും തൃശൂര്‍ മെഡിക്കല്‍കോളജിന് അര്‍ഹമായ തുക നേടിയെടുക്കാന്‍ ജില്ലയിലെ എംഎല്‍എമാര്‍ സമ്മര്‍ദം ചെലുത്തണമെന്നാണ് ആവശ്യം.

Related posts