കണ്ണൂരിലെ രാഷ്ട്രീയസംഘര്‍ഷം നേരിടാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇടപെടുന്നു

knr-milataryകണ്ണൂര്‍: ജില്ലയിലെ സംഘര്‍ഷമേഖലകളില്‍ നേരിട്ട് ഇടപെടാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം രംഗത്തിറങ്ങുന്നതിന്റെ ഭാഗമായി 60 അംഗ ദ്രുതകര്‍മസേന കണ്ണൂരിലെത്തി. സംഘര്‍ഷം നിലനില്‍ക്കുന്ന ചക്കരക്കല്‍ പോലീസ് സ്‌റ്റേഷനിലാണ് കോയമ്പത്തൂര്‍ റാപ്പിഡ് ആക്്ഷന്‍ ഫോഴ്‌സിലെ 105 ബറ്റാലിയന്‍ സംഘമെത്തിയത്. ഡെപ്യൂട്ടി കമാന്‍ഡന്റ് മണി ജി. നായര്‍ നയിക്കുന്ന സംഘം സംഘര്‍ഷം നിലനില്‍ക്കുന്ന പോലീസ് സ്‌റ്റേഷനുകളിലെത്തി റിപ്പോര്‍ട്ടുകള്‍ ശേഖരിക്കും. പ്രദേശത്ത് റൂട്ടമാര്‍ച്ച് നടത്തി വിവരങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കൈമാറാനാണ് ഇവര്‍ക്കുള്ള നിര്‍ദേശം.

ചക്കരക്കല്ലില്‍ ഇന്നലെ വൈകുന്നേരമെത്തിയ സംഘം പ്രദേശത്ത് റൂട്ട്മാര്‍ച്ച് നടത്തി. ചക്കരക്കല്ലിന് പുറമെ കണ്ണപുരം, വളപട്ടണം, തളിപ്പറമ്പ്, മട്ടന്നൂര്‍, പാനൂര്‍, തലശേരി തുടങ്ങി 16 കേന്ദ്രങ്ങളില്‍ റൂട്ട് മാര്‍ച്ചും പരിശോധനയും നടക്കും. ഓരോ സ്‌റ്റേഷന്‍ പരിധിയിലും ഉണ്ടായ സംഘര്‍ഷങ്ങളുടെ വിവരങ്ങളും സംഘം പരിശോധിച്ചുവരികയാണ്. ചക്കരക്കല്ല് പോലീസ് സ്‌റ്റേഷനു നേരെ കഴിഞ്ഞദിവസമാണ് ബോംബേറുണ്ടായത്. ഈ സംഭവത്തില്‍ ആരെയും പിടികിട്ടിയിട്ടില്ല.

Related posts