ടി.ജി.ബൈജുനാഥ്
പോലീസാവണം, തോക്കെടുക്കണം, ഫൈറ്റ് ചെയ്യണം എന്നിങ്ങനെ അഭിനയവുമായി ചേർന്നുനിൽക്കുന്നതാവും സാധാരണ കുട്ടികളുടെ സിനിമാമോഹങ്ങൾ.
മണിരത്നം സിനിമകളിലുൾപ്പെടെ അസോസിയേറ്റായിരുന്ന അച്ഛൻ ജിനു സേവ്യർ ഇടപ്പള്ളിക്കും സ്ക്രിപ്റ്റ് അസോസിയേറ്റായ അമ്മ രജിതയ്ക്കുമൊപ്പം ചെന്നൈയിലെ സെറ്റുകളിൽ സമയം ചെലവിടാനുള്ള ഭാഗ്യം കുഞ്ഞുപ്രായത്തിൽ തന്നെ ആഷിക്കിനുണ്ടായി.
എങ്കിലും അവന്റെ താത്പര്യം അഭിനയമായിരുന്നില്ല; സിനിമയ്ക്കു പിന്നിലെ ടെക്നിക്കുകളിലായിരുന്നു. കുട്ടിക്കളികളിൽ മുഴുകേണ്ട കുഞ്ഞുപ്രായത്തിൽ കാമറയായിരുന്നു ആഷിക്കിന്റെ കളിപ്പാട്ടം.
സെറ്റിൽ താരങ്ങളായിരുന്നില്ല, ടെക്നീഷൻസായിരുന്നു ആഷിക്കിന്റെ ചങ്ങാതിമാർ. അവരിൽ നിന്നു കാമറാ രഹസ്യങ്ങളറിഞ്ഞു, ആംഗിളുകളും ഫ്രെയിമുകളും വശത്താക്കി.
കാമറയിൽ തുടങ്ങിയ ഇഷ്ടം
അഞ്ചാം പിറന്നാളിന് അച്ഛന്റെ സുഹൃത്ത് ആഷിക്കിന് ഒരു കാമറ സമ്മാനിച്ചു. അതവന്റെ സുഹൃത്തും സന്തതസഹചാരിയുമായി. അതിൽ അവനെടുത്ത ചിത്രങ്ങൾക്ക് ആ പ്രായത്തിന്റെ ഉൾക്കാഴ്ചയ്ക്കപ്പുറം ആഴവും മിഴിവുമായിരുന്നു.
ക്രമേണ ആ ഇഷ്ടം സംവിധാനത്തിന്റെ രസതന്ത്രങ്ങളിലായി. അച്ഛന്റെ അതിരുകളില്ലാത്ത സപ്പോർട്ടു കൂടിയായപ്പോൾ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകൻ എന്ന യുആർഎഫ് റെക്കോർഡ് ‘പീടിക’ എന്ന ഹ്രസ്വചിത്രത്തിലൂടെ പത്താം വയസിൽ ആഷിക് സ്വന്തമാക്കി.
പതിനൊന്നു വയസിനുള്ളിൽ ആഷിക് സംവിധാനം ചെയ്തത് ‘പശി’ എന്ന നിശബ്ദ ഹ്രസ്വ ചിത്രം ഉൾപ്പെടെ ഏഴു ഹ്രസ്വചിത്രങ്ങൾ, ഒരു ഡോക്യുമെന്ററി, രണ്ടു ഫീച്ചർഫിലിമുകൾ.
വരാപ്പുഴ ഇസബെല്ല ഡി റോസിസ് പബ്ലിക് സ്കൂളിലെ ആറാം ക്ലാസുകാരൻ ആഷിക് ജിനുവിനു സിനിമ കുട്ടിക്കളിയല്ല. അച്ഛന്റെ രചനയിൽ സംവിധാനം ചെയ്ത കൊമേഴ്സ്യൽ സിനിമ ‘ഇവ’ റിലീസിനൊരുങ്ങുന്നു എന്നതാണ് ആഷിക്കിന്റെ പുതിയ വിശേഷം.
‘പീടിക’യ്ക്കു പിന്നിൽ
കുട്ടിക്കാലത്തെ ഒരനുഭവത്തെ മുൻനിർത്തിയാണ് അഞ്ചിൽ പഠിക്കുന്പോൾ ആഷിക് ‘പീടിക’ ഒരുക്കിയത്. കടയിൽ പോയ ഒന്പതുകാരൻ ആഷിക് ബാലൻസ് വാങ്ങാതെ മടങ്ങിയെത്തിയപ്പോൾ അമ്മ വഴക്കുപറഞ്ഞു.
അച്ഛന്റെ മുന്നിൽ അതു പരിഭവമായി. ബില്ല് ചോദിച്ചുവാങ്ങുകയെന്നതു നമ്മുടെ അവകാശമാണെന്നും ഇല്ലെങ്കിൽ ആർക്കും നമ്മളെ പറ്റിക്കാനാവുമെന്നും പറഞ്ഞ് അച്ഛൻ അവനെ ആശ്വസിപ്പിച്ചു.
ആ സംഭവം ആഷിക് കഥയായി എഴുതി. ജിനു സേവ്യറിന്റെ കുടുംബസുഹൃത്തും കാമറ അസിസ്റ്റന്റുമായ ഇയാൻ വിഷ്്ണു ആ കഥയിലെ സാധ്യതകൾ തിരിച്ചറിഞ്ഞു.
അച്ഛൻ അതു സ്ക്രിപ്റ്റാക്കിയപ്പോൾ ഇതു ഡയറക്ട് ചെയ്തോട്ടെ എന്ന് ആഷിക് ചോദിച്ചു. ജിനുസേവ്യറും രജിതയും മകന്റെ മോഹത്തിനു തണലായി.
അവിടെയാണ് ആഷിക് എന്ന കുട്ടി സംവിധായകന്റെ പിറവി. പത്തുവയസുകാരൻ സിനിമ പിടിക്കുന്നതിനു സാക്ഷിയാകാൻ യുആർഎഫ് ജൂറി സെറ്റിലെത്തി. അങ്ങനെ ആഷിക് ഇന്ത്യയിലെ പ്രായം കുറഞ്ഞ സംവിധായകനായി.
ഒന്നര മണിക്കൂറിലെ സിനിമ
ആഷിക്കിന്റെ കളിയും ഹോബിയും താത്പര്യവുമെല്ലാം സിനിമ തന്നെയായി. വേൾഡ് റെക്കാർഡിന് അയയ്ക്കാൻ ഒന്നര മണിക്കൂർ കൊണ്ട് ഒരുക്കിയ ‘കൊളംബിയൻ അക്കാദമി’ യാണ് ആഷിക്കിന്റെ ആദ്യ ഫീച്ചർ ഫിലിം.
ഒന്നര മണിക്കൂറുള്ള സിനിമ. അജുവർഗീസും ഷാൻ റഹ്മാനും ചേർന്നു പാടിയ ഒരു പാട്ടുണ്ട് അതിൽ. മോഹൻലാലാണ് ആ പാട്ട് റിലീസ് ചെയ്തത്. ആ സിനിമ റിലീസ് ചെയ്യാനുള്ള ഒരുക്കങ്ങൾക്കിടെയാണ് ലോക്ക്ഡൗണായത്.
പുതുമുഖങ്ങളുടെ ‘ഇവ’
ഇവിൾ, വാറ്റ്, ആക്സിഡന്റ് – അതാണ് ഇവ. ലഹരി ആപത്താണെന്നു പറയുന്ന സിനിമ. ലാത്തിയുടെ പിൻബലത്തിൽ മാത്രം വാറ്റുകേന്ദ്രങ്ങളിലേക്കും മയക്കുമരുന്നുകേന്ദ്രങ്ങളിലേക്കും റെയ്ഡിനായി കടന്നുചെല്ലുന്ന എക് സൈസുകാർ അനുഭവിക്കുന്ന ദുരനുഭവളാണു പ്രമേയം.
പാട്ടും സ്റ്റണ്ടും കോമഡിയും കോർത്തിണക്കി കാടിന്റെ മനോഹര ഫ്രെയിമുകളിൽ കഥ പറയുന്ന ത്രില്ലിംഗ് എന്റർടെയ്നർ.
പ്രേംനാഥ്, മനീഷ്, ഹുസൈൻ കോയ എന്നീ പുതുമുഖങ്ങളാണു നായകന്മാർ. കഥയും സ്ക്രിപ്റ്റും ജിനു സേവ്യർ ഇടപ്പള്ളി.
ജിനു തന്നെ ‘ഇവ’യിലെ വില്ലനും. നടന്മാരായ നന്ദു പൊതുവാൾ, രാമു എന്നിവരും പ്രധാന വേഷങ്ങളിൽ. കുളമാവിലും എറണാകുളത്തുമായിരുന്നു ഷൂട്ടിംഗ്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡ ക്്ഷൻ തുടരുകയാണ്. ജാസി ഗിഫ്റ്റ് പാടിയ പാട്ട് റിലീസായിട്ടുണ്ട്.
‘ഇവ’ തമിഴിൽ റീമേക്ക് ചെയ്യാനും ആലോചനകളുണ്ട്. ആഷിക്കിന്റെ പ്രതിഭയ്ക്കുള്ള അംഗീകാരം എന്ന നിലയി ലാണ് ജിനുവിന്റെ സുഹൃത്ത് സുനിഷ. എൻ ‘ഇവ’യുടെ നിർമാണം ഏറ്റെടുത്തത്.
ആക്്ഷൻ പറഞ്ഞ് ആഷിക്
‘ഇവ’യിൽ ആദ്യാവസാനം താൻ അഭിനേതാ വു കൂടി ആയതിനാൽ സെറ്റിൽ തന്റെ സപ്പോർട്ടില്ലാതെയാണ് ആഷിക് സംവിധാനം ചെയ്തതെന്ന് അച്ഛൻ ജിനു സേവ്യർ.
എഴുത്തിന്റെ ഘട്ടത്തിൽ സ്ക്രിപ്റ്റ് മുതൽ സ്റ്റോറി ഡിവൈഡിംഗ് വരെ അപ്പ പഠിപ്പിച്ചതായി ആഷിക്ക് പറയുന്നു. സ്റ്റോറി ബോർഡ് ഉൾപ്പെടെ ചെയ്തുതന്നു.
പുതുമുഖങ്ങളെ ട്രെയിൻ ചെയ്യാൻ പഠിപ്പിച്ചു. കാമറാമാൻ ആനന്ദുമായി സീൻ കാര്യങ്ങൾ സംസാരിച്ചതിനു ശേഷമാണ് ഷോട്ടിലേക്കു പോയിരുന്നത്. ക്രൂ, അസിസ്റ്റന്റ് ഡയറക്ടേഴ്സ്, സുഹൃത്തുക്കൾ..എല്ലാവരും അവന്റെ സ്വപ്നങ്ങൾക്കൊപ്പം കൂടി.
ആഷിക്കിന്റെ നിർ ദേശങ്ങൾക്ക് ക്രൂവിൽ നിന്നു കൃത്യമായ ഫീഡ്ബാക്ക് ലഭിച്ചിരുന്നു.ആഷിക്കിന്റെ ‘ആക്്ഷൻ’ മുഴക്കങ്ങൾ പിള്ളേരുകളിയല്ലെന്ന് അവർക്കറിയാം.
അന്നു കഥ പറഞ്ഞ കുട്ടി
ഷൂട്ടിംഗ് കഴിഞ്ഞു റൂമിലെത്തിയാൽ കളിചിരികളുമായി കൂടുന്ന ഒരു സാധാരണ കുട്ടി. സെറ്റിലെത്തിയാൽ നല്ല കമാൻഡിംഗ് പവറോടെ ആക്ഷൻ പറയുന്ന ഡയറക്ടർ – കുട്ടി ഡയറക്ടറെക്കുറിച്ച് സെറ്റിലുള്ളവർ പറയുന്നത് ഇങ്ങനെ.
വാതോരാതെ സംസാരിക്കുന്നതിനേക്കാൾ മകനു ടെക്നിക്കൽ കാര്യങ്ങളിലാണു താത്പര്യമെന്ന് അമ്മ രജിത. കാമറാമാൻ ആകണമെന്നു പറയുന്ന കുഞ്ഞ് ആഷിക്കിന്റെ ചിത്രം ഇപ്പോഴും രജിതയുടെ മനസിലുണ്ട്.
ചെറുപ്രായത്തിൽ തന്നെ ആഷിക് സിനിമകൾ ആസ്വദിച്ചു കാണുമായിരുന്നു. ഷൂട്ടിംഗ് കണ്ടിട്ടുള്ളതിനാൽ അതെങ്ങനെയാണു രൂപപ്പെടുന്നതെന്ന് അവന് അറിയാമായിരുന്നു.
ക്ലാസിൽ കുഞ്ഞുകഥകളെഴുതി വായിക്കുമായിരുന്നു. സിനിമയോട് താത്പര്യമുണ്ടെന്നു തോന്നിയപ്പോഴാണ് കൂടെ നിൽക്കാൻ തീരുമാനിച്ചത് – അമ്മ രജിത പറയുന്നു.
പതിനഞ്ചു വയസിൽ…
സ്വന്തമായി സ്ക്രിപ്റ്റെഴുതി കാമറ വർക്കും സംവിധാനവും ഉൾപ്പെടെ ഒരു പടം ചെയ്യണമെന്നാണ് ആഷിക്കിന്റെ പുതിയ മോഹം. സ്കൂളിലെ ഓഫ് ലൈൻ പഠനം ഒരുവഴിക്കു
നടക്കുന്നു.
വീട്ടിൽ അച്ഛനെക്കാണാനെത്തുന്ന ടെക്നീഷൻസിനോടു സിനിമയ്ക്കു പിന്നിലെ സാങ്കേതികകാര്യങ്ങൾ ചോദിച്ചറിഞ്ഞു പഠിക്കാനും ആഷിക്കിനു താത്പര്യമാണ്.
‘പൂനെയിൽ നിന്നു ഡയറക്്ഷൻ പഠിച്ചിറങ്ങിയാലും ആദ്യം ചെയ്യുന്നതു പ്രാക്ടിക്കൽ എക്സ് പീരിയൻസിനു വേണ്ടി ഏതെങ്കിലും ഒരു ഡയറക്ടറുടെ കീഴിൽ ജോലി ചെയ്യുക എന്ന തു തന്നെയാവും. ഞാൻ ഡയറക്ടർ ആയതിനാ ൽ എന്റെ നിർദേശങ്ങളിൽ അവൻ സിനിമ പഠിക്കുകയാണ്.
ഈ സിനിമകളിലൂടെ പ്രാക്ടിക്കൽ എക്സ്പീരിയൻസ് എന്ന ലെവലിലേക്കാണ് അവനെ കൊണ്ടുപോകുന്നത്.’ പതിനഞ്ചു വയസ് ആകുന്പോഴേക്കും ആഷിക്കിനെക്കൊണ്ട് ഒരു സൂപ്പർസ്റ്റാർ പടം ചെയ്യിപ്പിക്കണമെന്നാണ് ആഗ്രഹമെന്നും അച്ഛൻ ജിനുസേവ്യർ മനസുതുറന്നു.