കടുവകളിലെ ഒരു കിടുവ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നു. സൗമെൻ ബാജ്പേയി എന്ന വന്യജീവി ഫോട്ടോഗ്രാഫർ തന്റെ കാമറയിൽ പകർത്തിയ കറുത്ത നിറമുള്ള കടുവയുടെ ചിത്രമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ലോകത്തുതന്നെ അത്യപൂർവമായുള്ളതാണ് കറുത്ത കടുവ.കിഴക്കൻ ഒഡീഷയിലെ സിംലിപാൽ റിസർവിലും നന്ദങ്കനൻ സങ്കേതത്തിലും നടത്തിയ സന്ദർശനത്തിനിടെയാണ് മെലാനിസ്റ്റിക്
(കറുത്ത നിറമുള്ള കടുവകൾക്കു പറയുന്നത്) കടുവയെ സൗമെൻ കാണുന്നതും ചിത്രം പകർത്തുന്നതും. കുറെ നാൾ മുന്പ് പോസ്റ്റ് ചെയ്തതാണെങ്കിലും വൈറലാകുന്നത് ഇപ്പോഴാണ്.
കടുവകളിലെ കിടുവ
സൗമെൻ ബാജ്പേയി 2019ലാണ് ഇൻസ്റ്റാഗ്രാമിൽ അപൂർവ കറുത്ത കടുവയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. “കുരങ്ങുകളെയും കടുവകളെയും കാണാനാണ് ഞാൻ നന്ദങ്കനൻ പ്രകൃതി സംരക്ഷണ കേന്ദ്രത്തിൽ എത്തിയത്.
മെലാനിസ്റ്റിക് കടുവകൾ അവിടെയുണ്ടാകും എന്ന ധാരണയുമുണ്ടായിരുന്നില്ല. പെട്ടെന്ന് അതു പ്രത്യക്ഷപ്പെടുകയും കുറച്ചു നിമിഷങ്ങൾ ചുറ്റിത്തിരിഞ്ഞു കാട്ടിനുള്ളിലേക്കു പോവുകയും ചെയ്തു.
– സൗമെൻ പറഞ്ഞു. പശ്ചിമ ബംഗാളിലെ കോൽക്കത്തയിൽനിന്നുള്ള ടെക്നോളജി ബിരുദാനന്തര ബിരുദധാരിയാണ് സൗമെൻ.”മെലാനിസ്റ്റിക് കടുവയുടെ ആദ്യത്തെ സങ്കേതമാണ് നന്ദങ്കൻ.
രണ്ട് കടുവകളെ മാത്രമാണ് ഇവിടെ കണ്ടെത്തിയിട്ടുള്ളത്. അവ സ്വാഭാവിക അന്തരീക്ഷത്തിലാണ് വസിക്കുന്നത്. വല്ലപ്പോഴും മാത്രമാണ് ഇവയെ പുറത്തു കാണാറുള്ളത്.
സിംലിപാൽ റിസർവിലും നന്ദങ്കനൻ വന്യജീവി സങ്കേതത്തിലുമായി മറ്റ് ആറ് സാധാരണ കടുവകൾ കൂടി ഉണ്ടെന്നാണ് കണക്കാക്കുന്നത്. കറുത്ത കടുവകൾ ഈ കടുവകളുമായി ഇണ ചേർന്നാൽ, കൂടുതൽ മെലാനിസ്റ്റിക് കടുവകൾ ഉണ്ടായേക്കാം.
കറുത്ത നിറം എങ്ങനെ
സാധാരണ കടുവകൾക്ക് ഓറഞ്ച് നിറവും അതോടൊപ്പം വരയുടെ രൂപത്തിൽ കറുത്ത രോമങ്ങളുമാണ്. എന്നാൽ മെലാനിസ്റ്റിക് കടുവകൾക്കു കറുത്ത നിറവും വരയുടെ രൂപത്തിൽ ഓറഞ്ച് പാടുകളും രോമങ്ങളുമാണുള്ളത്.
ജനിതകമാറ്റം വന്നാണ് ഈ കറുത്ത രോമങ്ങൾ വളരുന്നത്. ലോകത്തിൽ തന്നെ ആറു കറുത്ത കടുവകളെ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. കറുത്ത കടുവകൾ ഒരു പ്രത്യേക ഇനമല്ല, മറിച്ച് സാധാരണയായി ഓറഞ്ച് നിറത്തിലുള്ള കടുവയുടെ വർണ വകഭേദമാണ്.
മെലാനിസ്റ്റിക് കടുവകൾ എന്നാണ് വിളിപ്പേര്. ചില സന്ദർഭങ്ങളിൽ അവ പൂർണമായും കറുത്തതായും കാണപ്പെടുന്നു.