പറവൂര്‍: ഹോട്ടലിലെ വാക്കു തര്‍ക്കത്തെ തുടര്‍ന്ന് യുവാക്കളെ പോലീസ് മര്‍ദിച്ചതായി പരാതി. വരാപ്പുഴ എസ്ഐക്കെതിരെയാണ് മര്‍ദനമേറ്റ കോട്ടുവള്ളി ചെമ്മായത്ത് ആന്റണി (30), പഴങ്ങാട്ടുവെളി സ്വദേശി സുനീര്‍ എന്നിവരാണു പരാതി നല്‍കിയിട്ടുള്ളത്. പരിക്കേറ്റവര്‍ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. ദേശീയപാത 17 ല്‍ ഹോട്ടലില്‍ നിന്ന് പാഴ്സലായി വാങ്ങിയ ഭക്ഷണം മോശമായതിനെ തുടര്‍ന്ന് ചോദിക്കാനെത്തിയതാണ് യുവാക്കള്‍. ഹോട്ടലിലുള്ളവരുമായി വാക്കുതര്‍ക്കം ഉണ്ടായതിനെ തുടര്‍ന്നാണ് പോലീസില്‍ വിവരമറിയിച്ചത്.
വരാപ്പുഴ എസ്ഐ സി.എസ്. ഷാരോണിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം എത്തി കസ്റ്റഡിയില്‍ എടുത്ത് മര്‍ദിക്കുകയായിരുന്നുവെന്ന് യുവാക്കള്‍ പറയുന്നു. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് യുവാക്കളെ ജാമ്യത്തില്‍ വിട്ടത്. പോലീസ് കസ്റ്റഡിയിലെടുത്ത ആന്റണി സിപിഐ ബ്രാഞ്ച് സെക്രട്ടറിയാണ്. എന്നാല്‍ യുവാക്കളെ മര്‍ദിച്ചിട്ടില്ലെന്നും ബഹളം വച്ചതിനെ തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്തതാണെന്നും വരാപ്പുഴ എസ്ഐ പറഞ്ഞു. ഐജിയുടെ പ്രത്യേക നിര്‍ദേശമുള്ളതിനാലാണ് രാത്രിയില്‍ പിടികൂടിയവരെ വിട്ടയ്ക്കാതിരുന്നതെന്നും എസ്ഐ പറഞ്ഞു.