ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് വിജയിക്ക് ഇനി റിക്കാര്‍ഡ് പ്രതിഫലം. 4.63 കോടി ഡോളര്‍ (ഏകദേശം 310 കോടി രൂപ) യുഎസ് ഓപ്പണില്‍ നല്കും. 3.5 മില്യണ്‍ ഡോളറാണ് (23 കോടി രൂപ) പുരുഷ, വനിതാ സിംഗിള്‍സ് ജേതാക്കള്‍ക്കു ലഭിക്കുക. ഓരോ റൗണ്ടിലും കളിക്കാര്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തിനും യുഎസ് ടെന്നീസ് അസോസിയേഷന്‍ 10 ശതമാനം വര്‍ദ്ധന വരുത്തിയിട്ടുണ്ട്.
സിംഗിള്‍സ് ഫൈനലില്‍ എത്തുന്നവര്‍ക്ക് 1.75 മില്യണ്‍ ഡോളര്‍ (11.5 കോടി രൂപ) ലഭിക്കും. വിംബിള്‍ഡണ്‍ ചാമ്പ്യന്മാരായ ആന്‍ഡി മുറെയ്ക്കും സെറീന വില്യംസിനും 2.6 മില്യണ്‍ ഡോളര്‍ (17.4 കോടി രൂപ) ആണ് സമ്മാനത്തുകയായി ലഭിച്ചത്. ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 11വരെയാണ് സീസണിലെ അവസാനത്തെ ഗ്രാന്‍ഡ്‌സ്‌ലാം ആയ യുഎസ് ഓപ്പണ്‍ നടക്കുക.