കോട്ടയം: ഇടതുമുന്നണി നേതൃത്വം കേരള കോണ്ഗ്രസ് എമ്മുമായുള്ള ആദ്യവട്ട ഉഭയകക്ഷി ചർച്ച പൂർത്തിയാക്കി. കോട്ടയം, ഇടുക്കി ജില്ലകളിലെ സീറ്റുകൾ സംബന്ധിച്ച് ഏകദേശ ധാരണയായി.
കോട്ടയം ജില്ലയിൽ പാലാ, കടുത്തുരുത്തി, പൂഞ്ഞാർ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി സീറ്റുകൾ നൽകാമെന്നാണ് സിപിഎം അറിയിച്ചിരിക്കുന്നത്.
പാലായെ ചൊല്ലി എൻസിപിയുമായി തർക്കമുണ്ടെങ്കിലും ഉഭയകക്ഷി ചർച്ചയിലൂടെ എൻസിപിയെ അനുനയിപ്പിക്കാമെന്നാണ് സിപിഎം കരുതുന്നത്.ഇടുക്കി ജില്ലയിൽ ഇടുക്കി, തൊടുപുഴ സീറ്റുകൾ മാണി വിഭാഗത്തിനു നൽകാനും ധാരണായി.
കണ്ണൂർ ജില്ലയിൽ ഇരിക്കൂർ, കോഴിക്കോട് ജില്ലയിൽ കുറ്റ്യാടിയും ധാരണയായിട്ടുണ്ട്. പേരാന്പ്ര സീറ്റാണ് മാണി വിഭാഗം ആവശ്യപ്പെട്ടതെങ്കിലും മന്ത്രി ടി.പി. രാമകൃഷ്ണന്റെ സിറ്റിംഗ് സീറ്റായതിനാൽ സിപിഎം വിട്ടു നൽകാൻ ബുദ്ധിമുട്ട് അറിയിച്ചു.
ഇതോടെയാണ് കുറ്റ്യാടി മണ്ഡലം മാണി വിഭാഗം ആവശ്യപ്പെട്ടത്. റാന്നി സീറ്റിന്റെ കാര്യത്തിലും തീരുമാനമായില്ല. റാന്നി സീറ്റിൽ രാജു ഏബ്രഹാം മത്സരിക്കുന്നില്ലെങ്കിൽ മാണി വിഭാഗത്തിനു ലഭിച്ചേക്കും.
ഇരിങ്ങാലക്കുട, ചാലക്കുടി, പിറവം, പെരുന്പാവൂർ സീറ്റുകളിൽ രണ്ടെണ്ണമെങ്കിലും വേണമെന്ന ആവശ്യവും മാണി വിഭാഗം ഉന്നയിച്ചെങ്കിലും സിപിഎം തീരുമാനം അറിയിച്ചിട്ടില്ല. ജോസ് കെ.മാണി, എ. വിജയരാഘവൻ കൂടികാഴ്ചയിലാണ് സീറ്റുകളെ സംബന്ധിച്ചുള്ള ആദ്യ ഉഭയകക്ഷി ചർച്ച നടന്നത്.