മാത്തുക്കുട്ടി ടി. കൂട്ടുമ്മേല്‍
ഹരിയാനക്കാര്‍ക്ക് ഗുസ്തി അപരിചിതമായ സംഭവമല്ല. പ്രത്യേകിച്ച് ഗുഡ്ഗാവ് പോലുള്ള സ്ഥലങ്ങളില്‍ മിട്ടി ഗുസ്തി (മണലില്‍ നടത്തുന്ന ഗുസ്തി) സാധാരണയാണ്. ഹരിയാനയിലെ വിവിധ ഗ്രാമങ്ങളിലെ ഗുസ്തിക്കാര്‍ക്കു ഗോദയില്‍ ഇറങ്ങുന്നത് ഹരമാണ്. ഇത്തരം ഗുസ്തി മത്സരങ്ങള്‍ ഡാംഗല്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. പ്രോ കബഡി ലീഗ് പോലുള്ള മത്സരങ്ങള്‍ വന്‍കിട ഹോട്ടലുകളില്‍ നടക്കുമ്പോഴാണ് ഗുഡ്ഗാവിലും ഹരിയാനയിലെ മറ്റ് പ്രദേശങ്ങളിലും മണലില്‍ ഫയല്വാന്മാര് ഗുസ്തി പിടിക്കുന്നത്. ഇവിടെ നടക്കുന്ന ഗുസ്തി മത്സരങ്ങള്‍ക്ക് സംഘാടകര്‍ സാധാരണ ഉണ്ടാവാ റില്ല. ഗുസ്തിക്കാര്‍ ആരോഗ്യവാന്മാരായിരിക്കേണ്ടത് തങ്ങളുടെ കടമ പോലെയാണ് ഗ്രാമീണര്‍ കരുതുന്നത്. അതുകൊണ്ട് ഗ്രാമീണര്‍ ഗുസ്തി പിടിക്കാന്‍ വരുന്നവരുടെ ഭക്ഷണകാര്യങ്ങള്‍ ഏറ്റെടുക്കുന്നു. ഗുസ്തിക്കമ്പക്കാരായ ഗ്രാമവാസികള്‍ മത്സരം നടത്തുന്നതിനായി വിവിധ പഞ്ചായത്തുകള്‍ രൂപീകരിക്കും. തീകൂട്ടി അതിന്റെ വെളിച്ചത്തിലാണ് പാതിരാത്രി വരെ നീളുന്ന ഗുസ്തി മത്സരങ്ങള്‍ നടക്കുക. മത്സരങ്ങള്‍ കാണാന്‍ ആയിരത്തിലധികം ആളുകള്‍ തിങ്ങി നിറയുന്നു. വിജയികള്‍ക്ക് കിട്ടുന്നത് 1000 രൂപയോ ചിലപ്പോള്‍ അതിലധികമോ. ഗുഡ്ഗാവില്‍ മാത്രമല്ല ഹരിയാനയിലെ മറ്റു സ്ഥലങ്ങളിലും ഇത്തരം ഡാങ്കലുകള് സാധാരണമാണ്.
ഹരിയാന ഇന്ത്യക്കു സമ്മാനിച്ച ഗുസ്തിക്കാര്‍ ധാരാളം. ഹരിയാനയിലെ ഗുസ്തിയുടെ കീര്‍ത്തി ഇന്ത്യയോളം വളര്‍ന്നു. അതിനു കാരണക്കാരനായത് ഒരുപക്ഷേ, സുശീല്‍ കുമാറായിരിക്കും. സുശീല്‍ കുമാറിനു പിന്നാലെ യോഗേശ്വര്‍ ദത്ത് (സോനാപത്), ഗീത പോഗട്ട്, ലീല റാം (രണ്ടു പേരും ഭിവാനി), ചാന്ദിഗി റാം (ഹിസാര്‍), സുമന് കുന്ദു (ജിന്ദ്) എന്നിവര്‍ നേട്ടങ്ങള്‍ കൊയ്തതോടെ ഗുസ്തിയുടെ പ്രശസ്തി രാജ്യത്ത് വളര്‍ന്നു. മന്ദോത്തി, ചാരാ ഗ്രാമങ്ങളും പ്രശസ്ത ഗുസ്തിക്കാരെ രാജ്യത്തിനു നല്കി. ഗുസ്തിക്കാരുടെ കഥകള്‍ വച്ച് ബോളിവുഡ് സിനിമകള്‍ വരെ റിലീസ് ചെയ്തു. അമീര്‍ ഖാന്റെ ഉടന്‍ പുറത്തിറങ്ങുന്ന ഡാംഗല്‍ സിനിമ മഹാവീര്‍ പോഗട്ടിന്റെയും അദ്ദേഹത്തിന്റെ മകള്‍ ഗീതയുടെയും കഥ പറയുന്നതാണ്.
ഇപ്പോള്‍ തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന സല്മാന് ഖാന് ചിത്രം സുല്‍ത്താനിലെ നായകന് കഥാപാത്രവും ഹരിയാനക്കാരനായ ഗുസ്തിക്കാരനാണ്. 2016 ഒളിമ്പിക്സില്‍ യോഗ്യത നേടിയ യോഗേശ്വര്‍ ദത്ത്, ഹര്‍ദീപ് സിംഗ്, രവീന്ദര്‍ ഖത്രി, സന്ദീപ് തോമര്‍, ബബിത കുമാരി, സാക്ഷി മലിക്, വിനേഷ് പോഗട്ട് എന്നിവരെല്ലാം ഹരിയാനയില്‍നിന്നുള്ളവരാണ്. ഇതില്‍ 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ മത്സരിക്കുന്ന യോഗേശ്വര്‍ ദത്ത് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളില്‍ പ്രധാനിയാണ്. അതുകൊണ്ടു തന്നെ യോഗേശ്വറിന് പരിശീലനത്തിനായി ഹൈപോക്സിക് ചേംബറിന്റെ സഹായം സ്പോര്‍ട്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ സോനാപത്തിലെ കേന്ദ്രത്തില്‍ ഒരുക്കുകയാണ്. റിയോയില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണ് യോഗേശ്വര്‍.
യോഗേശ്വര്‍ നാലാം തവണയാണ് ഒളിമ്പിക്സിനു യോഗ്യത നേടുന്നത്. ഓരോ ഒളിമ്പിക്സിലും പ്രകടനം മെച്ചപ്പെടുത്തിക്കൊണ്ടാണ് യോഗേശ്വര്‍ കുതിക്കുന്നത്. 2012 ലണ്ടന്‍ ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ വരെയെത്തി ആ പ്രകടനം. 2004 ആഥന്‍സ് ഒളിമ്പിക്സില്‍ തുടങ്ങിയ ഒളിമ്പിക് പ്രയാണം ഈ ഒളിമ്പിക്സില്‍ സ്വര്‍ണത്തോടെ അവസാനിപ്പിക്കാനാണ് ഇന്ത്യയുടെ ഈ സ്റ്റാര്‍ ഗുസ്തിക്കാരന് കാത്തിരിക്കുന്നത്. വിവിധ അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ നിന്നായി ഇതുവരെ ഏഴ് സ്വര്‍ണമെഡല്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ ഒളിമ്പിക്സിലെ 60 കിലോ ഗ്രാം ഇനത്തില്‍നിന്നാണ് യോഗേശ്വര്‍ 65 കിലോ ഗ്രാം വിഭാഗത്തിലേക്കു മാറിയത്.
ഇന്ത്യക്കായി സ്വര്‍ണം
ഇന്ത്യക്കായി ഒരു സ്വര്‍ണം നേടുകയാണ് എന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ലക്ഷ്യം. അതിനായി ഞാന്‍ കഠിനമായി അധ്വാനിക്കുന്നുണ്ട്. ഇതുവരെയുള്ള പ്രതിഫലം പോസിറ്റീവാണ്. ഇതെന്റെ അവസാനത്തെ ഒളിമ്പിക്സാണ് ഇപ്പോള്‍ത്തന്നെ രണ്ടു കാല് മുട്ടിലുമായി അഞ്ച് ഓപ്പറേഷന് നടത്തിക്കഴിഞ്ഞു. ശരീരം പഴയതുപോലെ വഴങ്ങുമെന്നു തോന്നില്ല. അതുകൊണ്ട് ഒളിമ്പിക്സിനു ശേഷം തുടരുകയെന്നത് വളരെ ബുദ്ധിമുട്ടാണ്. റിയോയില്‍ സ്വര്‍ണം മാത്രമാണ് ലക്ഷ്യം. എല്ലാവരും റിയോയില്‍ സ്വര്‍ണമെഡല്‍ അണിയാനുള്ള തയാറെടുപ്പിലാണ്. സമ്മര്‍ദം എല്ലാവരിലുമുണ്ട് ഞങ്ങളില്‍ അത്രയ്ക്കു പ്രതീക്ഷയാണ് എല്ലാവര്ക്കും. സമ്മര്‍ദത്തെ ഫലപ്രദമായി നേരിട്ട് ഏറ്റവും മികച്ച രീതിയില്‍ പ്രകടനം നടത്തും.
പരിശീലനം
2014 മുതല്‍ ഒളിമ്പിക്സിലെ പുതിയ മത്സര വിഭാഗത്തില്‍ മത്സരിക്കുന്നതിനായുള്ള തയാറെടുപ്പ് ആരംഭിച്ചു കഴിഞ്ഞു. ജോര്‍ജിയയിലെ ഉയര്‍ന്ന പ്രദേശത്ത് പരിശീലനം നടത്തി സ്റ്റാമിന ഉയര്‍ത്തി. ഹൈപോക്സിക് ചേംബറിനുള്ളിലെ പരിശീലനും ഗുണം ചെയ്യുന്നുണ്ട്. വിദേശത്ത് നടത്തിയ പരിശീലനം വിദേശ ഗുസ്തിക്കാരുമായി ഗുസ്തി പിടിക്കാന്‍ സഹായിച്ചു. വിദേശ ഗുസ്തിക്കാരുടെ ടെക്നിക്കും പഠിക്കാനായി. ഇത് ഗുസ്തിയില്‍ കൂടുതല്‍ വൈദഗ്ധ്യം നേടാന്‍ സഹായിച്ചു.
ആദ്യകാല പ്രകടനങ്ങളില്‍ ഞാന്‍ എതിരാളികളുടെ കരുത്തിനൊപ്പം പിടിച്ചുനില്‍ക്കാനാണ് മത്സരിച്ചത്. എന്നാല്‍, അത് എല്ലാ റൗണ്ടിലും സ്ഥിരമായി നിലനിര്‍ത്താനായില്ല. ഇപ്പോഴത്തെ പുതിയ പരിശീലനം അനുസരിച്ച് എനിക്ക് അവസാന റൗണ്ട് വരെ പിടിച്ചുനില്‍ക്കാനാകും. അഞ്ചു മുതല്‍ ആറ് മണിക്കൂര്‍ വരെ ജിംനേഷ്യത്തില്‍ പരിശീലനം നടത്തുന്നുണ്ട്. പരിശീലനത്തിലൂടെ കേന്ദ്രീകരിക്കുന്നത് സ്റ്റാമിന ഉയര്‍ത്താനും കരുത്ത് വര്‍ധിപ്പിക്കാനുമാണ്. റിയോ ഒളിമ്പിക്സ് അവിസ്മരണീയമാക്കണം -അതാണ് ലക്ഷ്യം. അഞ്ച് ഓപ്പറേഷന് നടത്തിക്കഴിഞ്ഞെങ്കിലും ഏറ്റവും മികച്ചത് നല്‍കാനാകുമെന്ന് തന്നെയാണ് കരുതുന്നത്. ഞാന്‍ പൂര്‍ണമായും സസ്യഭുക്കാണ്. പാല് കുടിക്കുന്നതില്‍ ശ്രദ്ധിക്കുന്നുണ്ട്. പാല് കൂടിയാല്‍ ഭാരം കൂടും.