തളിപ്പറമ്പ്: താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍നിന്നു പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വ്യാപകമായി കത്തിക്കുന്നതു തൊട്ടടുത്ത് താമസിക്കുന്നവര്‍ക്ക് ഭീഷണിയായി. ഗ്ലൗസ്, പ്ലാസ്റ്റിക്ക് കുപ്പികള്‍ എന്നിവ ഉള്പ്പടെയുള്ളവയാണു വലിയ കുഴിയിലിട്ടു കത്തിച്ച് നശിപ്പിക്കുന്നത്. ഇതുകാരണം കടുത്ത മണമുള്ള പുക തൊട്ടടുത്ത വീടുകളിലേക്ക് അടിച്ചുകയറുകയാണ്. നിരവധിതവണ നാട്ടുകാര്‍ ആശുപത്രി അധികൃതരോട് പരാതിപ്പെട്ടുവെങ്കിലും രണ്ടുദിവസം കത്തിക്കല്‍ നിര്‍ത്തിയശേഷം അടുത്തദിവസം വീണ്ടും തുടങ്ങുകയാണത്രെ.
കാന്‍സര്‍ ഉള്‍പ്പെടെ ഗുരുതരമായ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്കു കാരണമാകുന്ന പ്ലാസ്റ്റിക്ക് കത്തിക്കല്‍ കര്‍ശനമായി തടയണമെന്നു ഹൈക്കോടതി ഉള്‍പ്പെടെ ആവശ്യപ്പെട്ടിട്ടും ഒരു ആരോഗ്യ സ്ഥാപനം തന്നെ ഇതു തുടരുന്നതു കനത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഉടന്‍ തന്നെ ഇതു നിര്‍ത്താത്തപക്ഷം പ്രത്യക്ഷ സമരപരിപാടികള്‍ നടത്താനൊരുങ്ങുകയാണു പ്രദേശവാസികള്‍.