അറ്റകുറ്റപ്പണി… കെഎസ്ആര്‍ടിസിക്ക് പുറമേ കിടങ്ങറ-കണ്ണാടി റോഡില്‍ സ്വകാര്യവാഹനങ്ങള്‍ക്കും നിയന്ത്രണം

alp-roadpaniമങ്കൊമ്പ്: കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തിവച്ച കിടങ്ങറ-കണ്ണാടി റൂട്ടില്‍ വാഹനയാത്ര കൂടുതല്‍ ദുരിതപൂര്‍ണമായി.  ഇവിടെ സ്വകാര്യവാഹനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് യാത്ര കൂടുതല്‍ ദുഷ്കരമായത്. കിടങ്ങറ മുതല്‍ കണ്ണാടിവരെയുള്ള പത്തുകിലോമീറ്ററോളം വരുന്ന റോഡിലുടനീളം പാതാളക്കുഴികളാണ്. സൈക്കിള്‍ യാത്രക്കാര്‍ക്കുപോലും ഇതുവഴി യാത്ര ചെയ്യാനാവാത്ത സാഹചര്യമാണ്.

വെളിയനാട് പ്രദേശത്തെ രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ മണിക്കൂറുകള്‍ വേണ്ടിവരുന്നു. ആദ്യദിനം സ്വതന്ത്രമുക്കുവരെ നടത്തിയിരുന്ന കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഇന്നലെ പത്തില്‍ പാലം വരെ നീട്ടിയിരുന്നു. എന്നാല്‍ ഇതും യാത്രക്കാര്‍ക്ക് യഥാര്‍ഥ പ്രയോജനം ലഭിക്കുന്ന നടപടിയല്ല. മങ്കൊമ്പ് ക്ഷേത്രം, ചതുര്‍ഥ്യാകരി, കായല്‍പ്പുറം പള്ളി, കാവാലം തട്ടാശേരി എന്നീ റൂട്ടുകളിലാണ് സര്‍വീസ് നടന്നിരുന്നത്. പുതിയ സംവിധാനത്തിന്റെ പ്രയോജനം ഇവിടങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ഒട്ടും പ്രയോജനകരമാകില്ല. സര്‍വീസ് നിര്‍ത്തിയത് ഏറ്റവും അധികം ബാധിച്ചിരിക്കുന്നത് സ്കൂള്‍, കോളജ് വിദ്യാര്‍ഥികളെയാണ്.

ചതുര്‍ഥ്യാകരി, കായല്‍പ്പുറം, കണ്ണാടി തുടങ്ങിയ പ്രദേശങ്ങളിലെ നൂറുകണക്കിനു വിദ്യാര്‍ഥികളാണ് ചങ്ങനാശേരി, തിരുവല്ല തുടങ്ങിയ പ്രദേശങ്ങളിലെ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പഠിക്കുന്നത്. ബസ്‌സര്‍വീസ് നിലച്ചതോടെ മിക്കവരുടെയും അധ്യയനം മുടങ്ങിയിരിക്കുകയാണ്. റോഡിന്റെ അറ്റകുറ്റപ്പണികള്‍ എത്രയുംവേഗം പൂര്‍ത്തീകരിച്ച് വാഹനസഞ്ചാരയോഗ്യമാക്കണമെന്നതാണ്് വിദ്യാര്‍ഥികളുടെ ആവശ്യം. എന്നാല്‍, പത്തില്‍ പാലത്തില്‍ നിന്നും കണ്ണാടിയിലേക്കുള്ള റോഡ് പൂര്‍ണമായി സഞ്ചാരയോഗ്യമാക്കാതെ സര്‍വീസ് പുനരാരംഭിക്കില്ലന്ന ഉറച്ച നിലപാടിലാണ് കെഎസ്ആര്‍ടിസി അധികൃതര്‍.

ബസ്‌സര്‍വീസ് നിലച്ചതിനെ തുടര്‍ന്ന് റോഡിന്റെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചിട്ടുണ്ട്. പത്തില്‍ പാലം മുതല്‍ കണ്ണാടിയിലേക്കുള്ള  റോഡിലെ കുഴികളില്‍ മക്കിട്ട് നികത്തുന്ന ജോലികളാണിപ്പോള്‍നടക്കുന്നത്. അതേസമയം കുഴികളില്‍ ക്വാറി മാലിന്യമിട്ടു നിറച്ചു താത്കാലികമായി പരിഹാരം കാണാനുള്ള നീക്കമാണിപ്പോള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കുഴികളടയ്ക്കുന്നതോടൊപ്പം നല്ല നിലവാരത്തിലുള്ള ടാറിംഗ് ജോലികളും പൂര്‍ത്തിയാക്കി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related posts