റോഡിലെ കുഴിയടയ്ക്കല്‍ ഒരാഴ്ചയ് ക്കകം പൂര്‍ത്തിയാക്കുമെന്നുറപ്പ്; സ്വകാര്യ ബസ്‌സമരം പിന്‍വലിച്ചു

PKD-ROADKUZHIആലപ്പുഴ: ദേശീയപാത തകര്‍ന്നതിനെ തുടര്‍ന്നു സ്വകാര്യബസുടമകള്‍ ആലപ്പുഴയില്‍ നടത്തിയ സമരം പിന്‍വലിച്ചു. ഇന്നലെ രാവിലെ കളക്ടറുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരുന്നു സമരം പിന്‍വലിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാമെന്ന് പൊതുമാരാമത്ത് ദേശീയപാത വിഭാഗം യോഗത്തില്‍ ഉറപ്പുനല്കി യിരുന്നു. ഇതേത്തുടര്‍ന്നാണ് ബസുടമകള്‍ സമരം പിന്‍വലിച്ചത്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെ അനധികൃതപാര്‍ക്കിംഗുകള്‍ ഒഴിവാക്കും. കല്ലുപാലം, ഇരുമ്പുപാലം തുടങ്ങിയ പ്രദേശങ്ങളില്‍ റോഡിന് ഒരുഭാഗത്തു മാത്രമേ പാര്‍ക്കിംഗ് അനുവദിക്കൂ തുടങ്ങിയ തീരുമാനങ്ങളും ചര്‍ച്ചയിലുണ്ടായി.

ബസ് ജീവനക്കാര്‍ക്കു ഒരു പെരുമാറ്റച്ചട്ടം ഉണ്ടാകണമെന്ന കളക്ടറുടെ നിര്‍ദേശം ബസ് ഉടമകള്‍ അംഗീകരിച്ചു. ഇതിനായി ജീവനക്കാരുടെ അടിയന്തിരയോഗവും വിളിക്കും. പണി പൂര്‍ത്തിയാകുന്നതുവരെ സ്വകാര്യബസുകളുടെ സമയക്രമം സംബന്ധിച്ച് നിയമനടപടികള്‍ ഒഴിവാക്കുമെന്ന് ആര്‍ടിഒ എബി ജോണ്‍ യോഗത്തില്‍ പറഞ്ഞു. നഗരത്തില്‍ ഓടുന്ന സ്വകാര്യബസുകള്‍ പരസ്പരം മത്സരിക്കുകയും ഇടതുവശം കൂടി മറ്റുവാഹനങ്ങളെയും സ്വകാര്യബസുകളെത്തന്നെയും  മറികടക്കാന്‍ ശ്രമിക്കുന്നത് യൂണിയനുകള്‍ തന്നെ തടയണമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

കളക്ടര്‍ക്കു പുറമേ എഡിഎം കബീര്‍, ജില്ലാ പോലീസ് മേധാവി എ. അക്ബര്‍, ഡിവൈഎസ്പി ഇ. ഷാജഹാന്‍, ആര്‍ടിഒ, പിഡബ്ലുഡി, ദേശീയപാത വിഭാഗം ഉദ്യോഗസ്ഥര്‍, ബസ് ഉടമകളെ പ്രതിനിധീകരിച്ചു കെബിടിഎ ജില്ല പ്രസിഡന്റ് പി.ജെ. കുര്യന്‍, സെക്രട്ടറി എസ്. നവാസ്, എസ്.എം. നാസര്‍, ഷാജിലാല്‍, പിബിഒഎയെ പ്രതിനിധീകരിച്ചു ടി.എ. സുബൈര്‍, കെ. കരീം, ബഷീറുദ്ദീന്‍, മുഹമ്മദ്, സുനില്‍രാജ് എന്നിവരും പങ്കെടുത്തു.

Related posts