മുളങ്കുന്നത്തുകാവ്: ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയും പരിസരവും കടുത്ത ദുര്‍ഗന്ധത്തില്‍. രോഗികള്‍ക്കും നാട്ടുകാര്‍ക്കും കഞ്ഞി വിതരണം ചെയ്യാന്‍ ആശുപത്രിക്കു സമീപത്തായി സജ്ജമാക്കിയ ഷെഡിന് തൊട്ടടുത്തായുള്ള കാനയില്‍ നിന്നുള്ള ദുര്‍ഗന്ധമാണ് അസഹനീയമായിട്ടുള്ളത്. ഇതുമൂലം സന്നദ്ധ സംഘടനകള്‍ കഞ്ഞിവിതരണം വേറെ സ്ഥലത്തേക്ക് മാറ്റിയിരിക്കുകയാണ്. നൂറുകണക്കിനാളുകളാണ് ഈ കഞ്ഞി വാങ്ങാനെത്താറുള്ളത്. ദുര്‍ഗന്ധം സഹിച്ച് കഞ്ഞിവാങ്ങാന്‍ ക്യൂ നില്‍ക്കേണ്ടി വരുന്നത് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഏറെ ബുദ്ധിമുട്ടുകളുണ്ടാക്കിയിരുന്നു. പലതവണ ഈ പ്രശ്‌നം സന്നദ്ധ സംഘടനകള്‍ ആശുപത്രി അധികൃതരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല.
തൊട്ടടുത്ത ഫാര്‍മസിയില്‍ മരുന്നു വാങ്ങാന്‍ എത്തുന്നവര്‍ക്കായുള്ള ഹാളിലും ഇതേ ദുര്‍ഗന്ധം മൂലം നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഇതെത്തുടര്‍ന്ന് ഹാള്‍ കഴിഞ്ഞ ദിവസം അടച്ചുപൂട്ടി. മരുന്നുകള്‍ വാങ്ങിക്കാന്‍ വേറെ വഴി ഒരുക്കിയിട്ടുണ്ട്. ഒ.പി.ബ്ലോക്കിലെ ടോയ്‌ലറ്റുകള്‍ പലതും നിറഞ്ഞു കവിഞ്ഞ് പുറത്തേക്ക് തള്ളിവന്നതിനാല്‍ ഇവ പൂട്ടിയിരിക്കുകയാണ്. പ്രസവ വാര്‍ഡിന് സമീപത്തുള്ള സെപ്റ്റിക് ടാങ്ക് പൊട്ടി പുറത്തേക്ക് മാലിന്യം ഒഴുകാന്‍ തുടങ്ങിയിട്ട് ഒന്നരമാസമായിട്ടും ഇത് നന്നാക്കാന്‍ നടപടികളായിട്ടില്ല. വാര്‍ഡിലെ രോഗികളും ജീവനക്കാരും ഡോക്ടര്‍മാരുമൊക്കെ ഈ പ്രശ്‌നം ഹെല്‍ത്ത് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും ഉദ്യോഗസ്ഥര്‍ ഇക്കാര്യം ഗൗരവമായി കണ്ടില്ല.
ഇന്‍സിനേറ്റര്‍ ഇല്ലാത്തതു മൂലം ആശുപത്രിയിലെ മാലിന്യങ്ങള്‍ ആശുപത്രിക്ക് അടുത്ത് വലിയ കുഴി നിര്‍മിച്ച് മാലിന്യങ്ങള്‍ നിക്ഷേപിച്ചിരിക്കുകയാണ്. ഇവിടെ നിന്നുള്ള ദുര്‍ഗന്ധം ഒരു കിലോമീറ്റര്‍ അകലെ വരെ എത്തുന്നുണ്ട്. ആശുപത്രിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ അനാസ്ഥയാണ് ആശുപത്രി പരിസരം ഇത്രയേറെ ദുര്‍ഗന്ധപൂരിതമാകാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.