താരങ്ങള്‍ക്കും കബാലി ജ്വരം! പുലര്‍ച്ചെ നാലിനു ചെന്നൈയിലെ തീയറ്ററിലെത്തി കബാലി കണ്ടവരില്‍ നടന്‍ ജയറാമും മകന്‍ കാളിദാസനും, വിനീത് ശ്രീനിവാസനും

Kabali_jayaramകൊടുങ്കാറ്റായി ആഞ്ഞടിക്കുകയാണ് കബാലിയുടെ ആവേശം. ലോകമെമ്പാടുമുള്ള നാലായിരത്തോളം തീയറ്ററുകളില്‍ ഇന്ന് കബാലിയെത്തിയപ്പോള്‍ രജനി ആരാധകര്‍ക്കൊപ്പം ആവേശത്തിലാണ് താരങ്ങളും. നടന്‍ ജയറാമും മകന്‍ കാളിദാസനും പുലര്‍ച്ചെ നാലിനു തന്നെ ചെന്നൈയിലെ കാസി തീയറ്ററിലെത്തി കബാലി കണ്ടു. തീയറ്ററില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയും ജയറാം ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ചിത്രം കണ്ടിറങ്ങുമ്പോള്‍ ശരീരത്തിന് ഉഴിച്ചില്‍ വേണ്ടിവരുമെന്നാണ് തീയറ്ററുകളിലെ തിരക്കിനെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. സംവിധായകനും നടനും ഗായകനുമായ വിനീത് ശ്രീനിവാസന്‍ രാവിലെ ചെന്നൈ കോയമ്പേട് രോഹിണി തീയറ്ററിലെത്തി സിനിമ കണ്ടു. തീയറ്ററിനു മുന്നില്‍ നിന്ന് സെല്‍ഫിയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

തീയറ്ററുകളിലെ കബാലി ആവേശം വിവരിച്ച് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണനും ഫേസ്ബുക്ക് പോസ്റ്റിട്ടു. തന്റെ 18 വര്‍ഷത്തെ സിനിമാജീവിതത്തില്‍ ഇങ്ങനെയൊരു ഓപ്പണിംഗ് ഒരു ചിത്രത്തിന് കിട്ടുന്നത് താന്‍ കണ്ടിട്ടില്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഗഗനചാരികളായ വിമാനങ്ങള്‍ക്കു പോലും പെയിന്റടിച്ച് കബാലിയെന്നു പേരു മാറ്റാതെ രക്ഷയില്ലെന്നും ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ഇന്നു പുലര്‍ച്ചെ 1.45 മുതല്‍ പല തിയറ്റുകളിലും ചിത്രത്തിന്റെ പ്രദര്‍ശനം ആരംഭിച്ചു. ലോകത്തില്‍ മുഴുവനായി 4,000 തീയറ്ററുകളിലാണ് ചിത്രം ഇന്ന് റിലീസ് ചെയ്തത്. അമേരിക്കയില്‍ 400ല്‍ അധികം തിയറ്ററുകളിലും യുഎഇയില്‍ 90 തിയറ്ററുകളിലും ചിത്രം പ്രദര്‍ശിപ്പിക്കും. കേരളത്തിലും റിക്കാര്‍ഡ് റിലീസാണ് ചിത്രത്തിനുള്ളത്. മോഹന്‍ലാലിന്റെ ആശീര്‍വാദാണ് 8.5 കോടി രൂപയ്ക്ക് കേരളത്തില്‍ കബാലിയുടെ വിതരണാവകാശം സ്വന്തമാക്കിയത്. 306 തിയറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ദിവസേന 2,000 പ്രദര്‍ശനങ്ങള്‍ കേരളക്കരയില്‍ ഉണ്ടാകും. കേരളത്തില്‍ ഇതിനു മുമ്പ് ഇത്രയുമധികം തിയറ്ററുകളില്‍ ഒരു ചിത്രം പ്രദര്‍ശിപ്പിച്ചിട്ടില്ല.

Related posts